കൊടുംഭീകരന്‍ മസൂദ് അസ്ഹറിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ; ബഹാവല്‍പുരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിനൊപ്പം വീട് അടക്കം തകര്‍ത്ത് 'ഓപ്പറേഷന്‍ സിന്ദൂര്‍'; മസൂദിന്റെ മൂത്ത സഹോദരി ഉള്‍പ്പെടെ 14 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി വിവിധ പാക്ക് മാധ്യമങ്ങള്‍; 'മരിക്കുന്നതായിരുന്നു നല്ലത്, തിരിച്ചടിക്കും' എന്നും മസൂദിന്റെ പ്രസ്താവന
കൊടുംഭീകരന്‍ മസൂദ് അസ്ഹറിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക നടപടിയില്‍ കൊടുംഭീകരന്‍ മസൂദ് അസ്ഹറിന്റെ വീട് അടക്കം തകര്‍ത്തതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സേനകളുടെ ആക്രമണത്തില്‍ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി ഉള്‍പ്പെടെയുള്ള 14 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി വിവിധ പാക് മാധ്യമങ്ങളും ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവരും പറയുന്നു.പാക്കിസ്ഥാനിലെ ബഹാവല്‍പുരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്ത് നടത്തിയ ഇന്ത്യന്‍ ആക്രമണത്തിലാണ് മസൂദ് അസ്ഹറിന്റെ വീടും തകര്‍ന്നത്.
ഇന്ത്യയില്‍ ഒരുപാട് നിരപരാധികളുടെ ജീവനെടുത്തതിന് പിന്നിലെ കൊടുംഭീകരന്‍ മസൂദ് അസ്ഹറിന് ഇന്ത്യന്‍ തിരിച്ചടിയുടെ ഭാഗമായി കനത്ത ആഘാതമാണ് ഉണ്ടായത്. ഭീകരകേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തുള്ള ഇന്ത്യന്‍ തിരിച്ചടിയില്‍ മസൂദ് അസ്ഹറിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സും ഉള്‍പ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ ഇയാളുടെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരില്‍ മസൂദിന്റെ മൂത്ത സഹോദരിയും ഉള്‍പ്പെട്ടിട്ടുണ്ട്. താനും മരിക്കുന്നതായിരുന്നു നല്ലത് എന്നാണ് ഈ കനത്ത നഷ്ടത്തില്‍ മസൂദ് അസ്ഹറിന്റെ പ്രതികരണം. ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാവും എന്നും മസൂദ് അസ്ഹര്‍ പ്രസ്താവനയിറക്കി.
അസ്ഹറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് ബിബിസി ഉറുദു റിപ്പോര്‍ട്ട് ചെയ്തു. അസ്ഹറിന്റെയും അമ്മയുടെയും അടുത്ത സഹായിയും മറ്റ് രണ്ട് അടുത്ത അനുയായികളും കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 'എക്സ്' ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലാണ് ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവര്‍ ഇത്തരം വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഭീകരന്‍ മസൂദ് അസ്ഹറിനെ താമസിപ്പിച്ചിരിക്കുന്ന ലഹോറില്‍ കനത്ത സുരക്ഷയാണ് പാക്ക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.
പഹല്‍ഗാമം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ ആക്രമണം നടത്തിയത്. മെയ് ഏഴാം തീയതി പുലര്‍ച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍. പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു 'ഓപ്പറേഷന്‍ സിന്ദൂര്‍'. പാക് ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയുടെ പ്രധാന താവളങ്ങളെല്ലാം ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്.
ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ 'മര്‍ക്കസ് സുബഹാനള്ളാ', ലഷ്‌കര്‍ ആസ്ഥാനമായ മുരിഡ്‌കെയിലെ 'മര്‍ക്കസ് തൊയ്ബ', ജെയ്‌ഷെ കേന്ദ്രങ്ങളായ സര്‍ജാല്‍, കോട്‌ലിയിലെ 'മര്‍ക്കസ് അബ്ബാസ്', മുസാഫറാബാദിലെ 'സൈദുനാ ബിലാല്‍ ക്യാമ്പ്', ലഷ്‌കര്‍ ക്യാമ്പുകളായ ബര്‍നാലയിലെ 'മര്‍ക്കസ് അഹ്ലെ ഹാദിത്', മുസാഫറാബാദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ താവളമായ സിയാല്‍ക്കോട്ടിലെ 'മെഹ്‌മൂന ജോയ' എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം.
അതിനിടെ ഇന്ത്യയുടേത് യുദ്ധ പ്രഖ്യാപനമാണെന്നാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പറഞ്ഞത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും പാക്ക് അധിനിവേശ ജമ്മു കശ്മീരിലുമായി ഒന്‍പത് ഭീകരപരിശീലന കേന്ദ്രങ്ങളായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മാത്രം ജയ്‌ഷെയുടെയും ലഷ്‌കറിന്റെയും നാലു ഭീകര ക്യാംപുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.