വേദി: കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ്; മേഴ്‌സിക്കുട്ടിയമ്മയുടെ തൊട്ടടുത്ത് ഇരിക്കുന്നത് രാജേഷ് കൃഷ്ണയും യുകെ പൗരനായ മാത്യു ബൂലൂക്‌സും; തീരദേശത്തെ മാലിന്യമുക്തമാക്കാനുള്ള ശുചിത്വ സാഗരം പദ്ധതിക്കായി രാജേഷ് കൃഷ്ണയെ കണ്ടിട്ടില്ലെന്ന മുന്‍ ഫിഷറീസ് മന്ത്രിയുടെ വാദം പൊളിച്ച് ചിത്രം പുറത്ത്; ഷര്‍ഷാദിന്റെ ആരോപണങ്ങള്‍ തെളിയുമ്പോള്‍

മേഴ്‌സിക്കുട്ടിയമ്മ രാജേഷ് കൃഷ്ണയോടൊപ്പം പങ്കെടുത്ത ചിത്രം പുറത്ത്

Update: 2025-08-20 05:58 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടല്‍ മേഖലയും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്ന 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതി അട്ടിമറിച്ചതിന് പിന്നിലെ ലണ്ടന്‍ കേന്ദ്രമായുള്ള 'പ്ലാസ്റ്റ് സേവ്' എന്ന സന്നദ്ധ സംഘടനയുടെ വിവാദ ഇടപെടലുകള്‍ ചര്‍ച്ചയായിരിക്കുകയാണ്. പദ്ധതി നടക്കാതെ പോയതിന്റെ പേരുദോഷം എത്തിയത് അന്നത്തെ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കായിരുന്നു. എന്നാല്‍ തദ്ദേശ വകുപ്പായിരുന്നു ഈ പദ്ധതി ആസൂത്രണം ചെയ്തത്. കേരളത്തില്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് എത്തിയ പ്ലാസ്റ്റ് സേവ് എന്ന സംഘടനയെ കുറിച്ചുള്ള ഒരു വിവരവും ഇന്റര്‍നെറ്റില്‍ ലഭ്യമല്ല. അതിനിടെ പ്ലാസ്റ്റ് സേവ് സംഘം നീണ്ടകരയില്‍ സന്ദര്‍ശിച്ചതിന് തെളിവായ ഫോട്ടോ മറുനാടന് കിട്ടിയിരുന്നു.

കേരളത്തില്‍ 2019ല്‍ വന്ന സംഘത്തില്‍ മലയാളികളായ രാജേഷ് കൃഷ്ണ, രതീന ഹര്‍ഷാദ് എന്നിവരും ലണ്ടനില്‍ നിന്നുള്ള മാത്യൂസ് എന്നയാളും ഉള്‍പ്പെട്ടിരുന്നു. ഈ രാജേഷ് കൃഷ്ണയ്‌ക്കെതിരെയാണ് സിപിഎമ്മിലെ ഇപ്പോഴത്തെ കത്ത് ചോര്‍ച്ചാ വിവാദം. ചെന്നൈ വ്യവസായിയായ ഷര്‍ഷാദാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് കൊല്ലത്തെ ശുചിത്വ സാഗരം പദ്ധതിയുടെ പ്രവര്‍ത്തന പാളിച്ച ദുരൂഹമാകുന്നത്. താന്‍ രാജേഷ് കൃഷ്ണയെ കണ്ടിട്ടില്ല എന്നാണ് മേഴ്‌സിക്കുട്ടിയമ്മ അവകാശപ്പെട്ടത്. എന്നാല്‍ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രം പുറത്തുവന്നു. 2019 സെപ്റ്റംബര്‍ രണ്ടാഴ്ച കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടന്ന 'ശുചിത്വസാഗരം' പരിപാടിയുമായി ബന്ധപ്പെട്ട യോഗത്തില്‍ മേഴ്‌സിക്കുട്ടിയമ്മയുടെ തൊട്ടടുത്താണ് രാജേഷ് കൃഷ്ണയും യുകെ പൗരനായ മാത്യു ബൂലൂക്‌സും ഇരുന്നിരുന്നത്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മേഴ്‌സിക്കുട്ടിയമ്മയുടെ വാദങ്ങളെല്ലാം പൊളിഞ്ഞു.




ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് സിപിഎം നേതൃത്വത്തിന് നല്‍കിയ കത്തിലാണ് 'ശുചിത്വസാഗരം' പദ്ധതിയുമായി ബന്ധപ്പെട്ട് മേഴ്‌സിക്കുട്ടിയമ്മയുടെ പേര് പരാമര്‍ശിക്കപ്പെട്ടത്. തീരദേശത്തെ മാലിന്യമുക്തമാക്കാനുള്ള പദ്ധതിക്ക് രാജേഷ് കൃഷ്ണ അഞ്ചു ലക്ഷം രൂപ നല്‍കിയെന്നും എന്നാല്‍ താന്‍ രാജേഷിനെ കണ്ടിട്ടില്ലെന്നുമായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ വാദമുഖം.

സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി നടന്ന യോഗത്തില്‍ യുകെ പൗരനായ മാത്യു ബൂലൂക്‌സ് പങ്കെടുത്തതിലെ ദുരൂഹതകളും ഉയര്‍ന്നു വന്നിട്ടുണ്ട്. 'പ്ലാസ്റ്റ് സേവ്' എന്ന സംഘടനയുടെ പേരില്‍ കേരളത്തിലെത്തിയ സംഘം പദ്ധതിയുമായി സഹകരിക്കാനാണ് രാജേഷ് കൃഷ്ണയെ കേരളത്തിലെത്തിച്ചതെന്ന് ഷര്‍ഷാദ് ആരോപിക്കുന്നു. മാത്യു ബൂലൂക്‌സ് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങളും ലഭ്യമാണ്.

രാജേഷ് കൃഷ്ണയുടെ പങ്കാളിത്തവും സംഭാവനയും സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് മേഴ്‌സിക്കുട്ടിയമ്മയുടെ ഈ വാദം പൊളിക്കുന്ന ചിത്രം പുറത്തുവന്നിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതില്‍ പ്രവര്‍ത്തിക്കുന്ന 'പ്ലാസ്റ്റ് സേവ്' എന്ന എന്‍ജിഒ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ജെ. മേഴ്‌സിക്കുട്ടിയമ്മയുമായി ഇവര്‍ ചര്‍ച്ച നടത്തി. ശുചിത്വ സാഗരം പദ്ധതിക്കായി ഷ്രെഡിങ് യന്ത്രങ്ങള്‍ വാഗ്ദാനം ചെയ്ത സംഘം, പദ്ധതിക്ക് ആവശ്യമായ ശമ്പളച്ചെലവിന്റെ ഒരു ഭാഗം വഹിക്കാമെന്നും അറിയിച്ചിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം 2022ല്‍ നടന്നു. അന്ന് തദ്ദേശ മന്ത്രിയായിരുന്ന എംവി ഗോവിന്ദനായിരുന്നു ഉദ്ഘാടകന്‍.

വ്യവസായിയായ ബി.മുഹമ്മദ് ഷര്‍ഷാദ് പാര്‍ട്ടിക്കു നല്‍കിയ പരാതിയില്‍ രാജേഷ് കൃഷ്ണയ്ക്ക് എതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ സിപിഎം നേതാക്കളെ മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ ചില വന്‍കിട പദ്ധതികളെയും സംശയത്തിന്റെ നിഴലിലാക്കുന്നു. അതില്‍ കിഫ്ബിയുടെ മസാല ബോണ്ടും ഫിഷറീസ് വകുപ്പിന്റെ ആഴക്കടല്‍ മത്സ്യബന്ധന കരാറും ഉള്‍പ്പെടും. ഇതിനൊപ്പമാണ് ശുചിത്വ സാഗര പദ്ധതി. ലണ്ടനില്‍ മുഖ്യമന്ത്രിക്കും മറ്റും ഒപ്പം രാജേഷ് നില്‍ക്കുന്നതും സംസാരിക്കുന്നതുമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെയുണ്ട്. രാജേഷ് തന്നെ ഇതു പങ്കുവച്ചിട്ടുമുണ്ട്. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ വിദേശത്തെ പരിപാടികളിലും രാജേഷിന്റെ സാന്നിധ്യമുണ്ടായിരുന്നു. എം.വി.ഗോവിന്ദന്‍, സീതാറാം യച്ചൂരി തുടങ്ങിയവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളും ഒട്ടേറെയുണ്ട്.




ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കിയ ആഴക്കടല്‍ മത്സ്യബന്ധന കരാറിനെക്കുറിച്ചും ഷര്‍ഷാദ് പരാതിയില്‍ പറയുന്നു. കരാര്‍ സംബന്ധിച്ച് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഇഎംസിസിയുമായി ഒപ്പിട്ട 2 കരാറുകളും റദ്ദാക്കിയിരുന്നു. ഫിഷറീസ് വകുപ്പിന്റെ വളരെ പ്രധാനപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും ലണ്ടനില്‍നിന്നുള്ള ഒരു കമ്പനിയുടെ സഹായവും പങ്കാളിത്തവും ഏര്‍പ്പാടാക്കിയിരുന്നെന്നാണ് ഷര്‍ഷാദിന്റെ പരാതിയില്‍ പറയുന്നത്. അന്ന് ലണ്ടന്‍ സംഘം എന്ന മട്ടില്‍ സന്ദര്‍ശനം നടത്തിയ ഗ്രൂപ്പില്‍ മാത്യൂസ് എന്ന ഒരു ഇംഗ്ലിഷുകാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൊല്ലത്തും മറ്റും നടന്നു വന്നിരുന്ന സര്‍ക്കാര്‍ പദ്ധതികളും പ്രവര്‍ത്തനങ്ങളും സംഘത്തിനു കാട്ടിക്കൊടുത്തു. ലണ്ടന്‍ സംഘം എന്ന നിലയ്ക്ക് അവതരിപ്പിച്ചത് പദ്ധതിയുടെ ആശയങ്ങളുമായി ബന്ധമില്ലാത്ത ആളുകളെയാണെന്നും പരാതിയില്‍ പറയുന്നു. ഇതിനൊപ്പമാണ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി നടക്കാതെ പോയതും ചര്‍ച്ചയാകുന്നത്. ലോകകേരള സഭാംഗം എന്ന പദവിയും രാജേഷ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും ഷര്‍ഷാദ് ആരോപിക്കുന്നു. ആരോപണങ്ങളോട് രാജേഷ് കൃഷ്ണ പ്രതികരിച്ചിട്ടില്ല. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍നിന്ന് രാജേഷിനെ അകറ്റി നിര്‍ത്താനുള്ള തീരുമാനം പാര്‍ട്ടി കൈക്കൊണ്ടത് ഷര്‍ഷാദിന്റെ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടിട്ടാണോ എന്നതാണ് നിര്‍ണ്ണായകം.

നേതാക്കള്‍ക്കുനേരേ സാമ്പത്തികാരോപണം നിരത്തി സിപിഎം പിബിക്ക് വ്യവസായി നല്‍കിയ കത്ത് ചോര്‍ന്നതിലെ വിവാദം സിപിഎമ്മിനുള്ളിലും പുറത്തും പുകയുന്നുണ്ട്. ഹവാല, റിവേഴ്‌സ് ഹവാല, വിദേശ പണമിടപാട് തുടങ്ങിയ ആരോപണം നിരത്തി പ്രതിപക്ഷവും ബിജെപിയും വിഷയം ഏറ്റെടുത്തു കഴിഞ്ഞു. പാര്‍ട്ടി നേതൃത്വതലത്തിലെ ഉള്‍പ്പോരിന്റെ ഭാഗമായാണോ കത്ത് പുറത്തുവന്നതെന്ന സംശയവും ഉയര്‍ന്നുകഴിഞ്ഞു. പാര്‍ട്ടി തീര്‍പ്പാക്കേണ്ടിയിരുന്ന ഒരു പരാതി കോടതിരേഖയായി മാറിയതാണ് സിപിഎമ്മിനെ കുഴയ്ക്കുന്ന പ്രശ്നം. കേസില്‍ കത്ത് കോടതി തെളിവാക്കിയാല്‍, വ്യാജമെന്നോ വസ്തുതാപരമെന്നോ പറയാനും സിപിഎം നിയമപരമായി നിര്‍ബന്ധിതമാവും. വിവാദത്തില്‍ അന്തിമമറുപടി പറയാനുള്ള ബാധ്യത സിപിഎം പിബിക്കാണ്. പിബിക്കുള്ള കത്തുചോര്‍ത്തി പരസ്യമാക്കിയതിനുപിന്നില്‍, കോടതിയിലെ നിയമവിജയത്തേക്കാളുപരി പ്രശ്നം പുറത്ത് ചര്‍ച്ചയാക്കുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. അതിനാല്‍, വിവാദം സംഘടനാതലത്തില്‍ ആരെയൊക്കെ ഉന്നംവെക്കുന്നുവെന്ന സംശയവും ശക്തമാണ്.

Tags:    

Similar News