'വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അറിയുന്നു'; ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നും നിമിഷ പ്രിയയുടെ സന്ദേശം; മലയാളി നേഴ്‌സിന്റെ മോചനത്തിനായുള്ള ഇറാന്‍ ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ച് ബന്ധുക്കള്‍
'വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അറിയുന്നു'
ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അറിയുന്നുവെന്ന് യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നേഴ്‌സ് നിമിഷ പ്രിയയുടെ സന്ദേശം. നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്കാണ് ഓഡിയോ സന്ദേശം ലഭിച്ചത്. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നാണ് നിമിഷപ്രിയ സന്ദേശത്തില്‍ പറയുന്നത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്.
''അരമണിക്കൂര്‍ മുന്‍പ് ഒരു ഫോണ്‍ കോള്‍ വന്നു. അതൊരു ലോയര്‍ സ്ത്രീയുടേതാണ്. ജയില്‍ ഓഫിസിലേക്കു വിളിച്ചിട്ട് നിമിഷപ്രിയയുമായി സംസാരിക്കണമെന്നു പറഞ്ഞു. ചര്‍ച്ചയുടെ കാര്യങ്ങളൊക്കെ എന്തായെന്ന് അവര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു, ഒന്നുമായില്ല, കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് അവര്‍ പറഞ്ഞത് വധശക്ഷിയുടെ ഓര്‍ഡര്‍ ഇവിടെ ജയില്‍ വരെ എത്തിയിട്ടുണ്ടെന്ന്. ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല. എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്. എന്താണ്? എന്തെങ്കിലും അറിഞ്ഞോ? സാമുവല്‍ സാറിനോട് ഒന്നു പറഞ്ഞേക്ക്.''- ശബ്ദസന്ദേശത്തില്‍ നിമിഷ പറഞ്ഞു.
എന്നാല്‍ ആരാണ് ഈ വനിതാ അഭിഭാഷക എന്ന കാര്യത്തില്‍ വ്യക്തതയില്ല. വധശിക്ഷ നടപ്പാക്കുന്നതു സംബന്ധിച്ച ഉത്തരവ് ജയിലില്‍ വന്നതായി ഔദ്യോഗികമായി അറിയിപ്പില്ല. അതേസമയം, റമസാന്‍ മാസത്തില്‍ നടപടിക്ക് സാധ്യതയില്ലെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനും മോചനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ആളുമായ സാമുവല്‍ ജെറോം പറഞ്ഞു.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യെമനില്‍ ഒരുക്കം തുടങ്ങിയെന്ന സംശയം ജനിപ്പിക്കുന്നതാണ് ശബ്ദസന്ദേശം. തന്റെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ജയിലിലെത്തിയിട്ടുണ്ടെന്ന് ഒരു അഭിഭാഷക അറിയിച്ചതായി നിമിഷപ്രിയ പറഞ്ഞെന്നാണ് ജയന്‍ എടപ്പാള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഇന്ത്യന്‍ എംബസി അധികൃതരുടെയോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
യെമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു. സനയിലെ ജയിലിലാണ് നിമിഷപ്രിയയുള്ളത്. ജയില്‍ ഹൂത്തി നിയന്ത്രണത്തിലാണ് വിവരം.
നേരത്തെ, നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ ചര്‍ച്ച നടത്തിയതായി വിവരം പുറത്തുവന്നിരുന്നു. ഹൂതി നേതാവ് അബ്ദുല്‍ സലാമുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് സംസാരിച്ചത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ ചര്‍ച്ച ചെയ്തത്.
നിമിഷപ്രിയയെ മോചിപ്പിക്കുന്ന വിഷയം ചര്‍ച്ചയായെന്ന് ഇറാന്‍ വിദേശകാര്യമന്ത്രിയാണ് ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കഴിയുന്നത് ചെയ്യാം എന്നാണ് ഹൂതി നേതാവ് മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. യെമനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുന്‍പ് അറിയിച്ചിരുന്നു. യെമനിലെ കൂടുതല്‍ മേഖലയും ഹൂതികളുടെ നിയന്ത്രണത്തിലായതിനാലാണ് ചര്‍ച്ചകള്‍ക്ക് ഇറാന്റെ സഹായം ഇന്ത്യ തേടിയത്.
കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ അമ്മ നിലവില്‍ യമനില്‍ തങ്ങുകയാണ്. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് കേന്ദ്ര മന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് പറഞ്ഞിരുന്നു. ഇനിയുള്ള നടപടികള്‍ക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മില്‍ ചര്‍ച്ച തുടരുകയാണെന്നും വിദേശ കാര്യ മന്ത്രി പറഞ്ഞിരുന്നു.
നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ സൗകര്യം ഒരുക്കി. ചര്‍ച്ചയ്ക്ക് പവര്‍ ഓഫ് അറ്റോണിയെ നിയോഗിച്ചു. ഒരു അഭിഭാഷകന്റെ സഹായം വിദേശകാര്യമന്ത്രാലയം ഫണ്ട് ഉപയോഗിച്ച് ഉറപ്പാക്കി. ആക്ഷന്‍ കൗണ്‍സില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാന്‍ പിരിച്ച ബ്ലഡ് മണി യെമനില്‍ എത്തിക്കാനും സഹായം നല്‍കി. എന്നാല്‍ മോചനം സാധ്യമാക്കാന്‍ രണ്ട് കുടുംബങ്ങള്‍ക്കുമിടയില്‍ നടക്കുന്ന ചര്‍ച്ച വിജയിക്കേണ്ടതുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. 2017 ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമന്‍ പ്രസിഡന്റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
എന്നാസ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് റഷദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി വ്യക്തമാക്കിയിരുന്നു. ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവ് മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചത്. ഇദ്ദേഹത്തെ വിമത പ്രസിഡന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. നിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലാണ്. നിമിഷ കഴിയുന്ന ജയില്‍ സ്ഥിതി ചെയ്യുന്നതും ഹൂതി നിയന്ത്രണമേഖലയിലാണ്.
തലാല്‍ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടു യെമന്‍ തലസ്ഥാനമായ സനായിലെ ജയിലില്‍ 2017 മുതല്‍ കഴിയുകയാണു പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ 2 തവണ മകളെ ജയിലില്‍ചെന്നു കാണാന്‍ സാധിച്ചു.
2015ല്‍ സനായില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവര്‍ത്തകയുമായി ചേര്‍ന്നു തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു.