തൊഴില്‍തേടി കേരളത്തിലേക്കും കഞ്ചിക്കോട്ടേക്കും എത്തിയ രാമനാരായണ്‍ രണ്ടു കുട്ടികളുടെ അച്ഛന്‍; മദ്യപിക്കുന്ന ശീലമൊഴിച്ചാല്‍ പ്രശ്‌നക്കാരന്‍ അല്ല; അട്ടപ്പള്ളത്തെ സഹോദരിമാരുടെ മരണം നടന്നതിനു തൊട്ടപ്പുറത്ത് ആള്‍ക്കൂട്ട മര്‍ദനം; സഹോദരിമാര്‍ക്ക് നീതിയൊരുക്കാന്‍ ഇറങ്ങിയവര്‍ ഭയ്യാറിനെ തല്ലിക്കൊന്നു; ശരീരമാകമാനം മര്‍ദ്ദനം; ഇത് കേരളത്തിന് തീരാ കളങ്കം
വാളയാര്‍: വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളി ഛത്തീസ്ഗഡ് സ്വദേശി രാമനാരായണന്‍ ഭയ്യാല്‍ നേരിട്ടത് ക്രൂരമര്‍ദനം. ആന്തരികാവയവങ്ങളിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതായി വാളയാര്‍ പൊലീസ് പറഞ്ഞു. ഇരുപതിലേറെ ഭാഗങ്ങളില്‍ അടിയേറ്റിട്ടുണ്ട്. പൂര്‍ണ റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം ലഭിക്കും. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. അട്ടപ്പാടിയില്‍ മധുവിനുനേരെയുണ്ടായതിന് സമാനമായ ആള്‍ക്കൂട്ട വിചാരണയും മര്‍ദനവും രാമനാരായണ്‍ ഭയ്യാര്‍ അനുഭവിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആക്രമിക്കുന്ന വീഡിയോയും മധുവിന്റെ കേസിലേതുപോലെ മര്‍ദിച്ചവര്‍ തന്നെയാണ് പ്രചരിപ്പിച്ചത്. അതിനാല്‍ ഈ വീഡിയോകള്‍ കേസില്‍ പൊലീസിന് പ്രധാന തെളിവായി മാറും. വാളയാര്‍ അട്ടപ്പള്ളത്തെ സഹോദരിമാരുടെ മരണം നടന്നതിനു തൊട്ടപ്പുറത്താണ് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി രാമനാരായണ്‍ ഭയ്യാല്‍കൊല്ലപ്പെട്ടത്. അന്നു സഹോദരിമാരുടെ മരണത്തില്‍ നീതിതേടി ഇറങ്ങിയവരില്‍ ചിലര്‍ അതിഥിത്തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പൊലീസ് നിരീക്ഷണത്തിലാണ്.
രാമനാരായണ്‍ ഭയ്യാലിന്റെ ശരീരത്ത് അടിയേറ്റ് കേടുപാടില്ലാത്ത ഒരിടംപോലും കാണാനായില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ മേധാവി ഡോ ഹിതേഷ് ശങ്കര്‍ പറഞ്ഞു. പിന്നാമ്പുറത്തും നെഞ്ചിലും കൈകാലുകളിലും തലച്ചോറിലും മര്‍ദ്ദിച്ച അടയാളമുണ്ട്. കൂട്ടമര്‍ദ്ദനം അത്രയേറെ ക്രൂരമായിരുവെന്നും ഒരാളെങ്കിലും തടഞ്ഞിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. രാമനാരായണന്‍ ഭയ്യാലിന്റെ കൊലപാതകത്തില്‍ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കേ അട്ടപ്പള്ളം സ്വദേശി അനന്തന്‍(55), അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എ അനു(38), അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി പ്രസാദ്(34), സി മുരളി(38), കിഴക്കേ അട്ടപ്പള്ളം കെ ബിബിന്‍ (30) എന്നിവരെയാണ് വ്യാഴം അര്‍ധരാത്രി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും സംശയമുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.
ബുധന്‍ വൈകിട്ട് ആറിനാണ് കിഴക്കേ അട്ടപ്പള്ളത്ത് മോഷ്ടാവെന്ന് സംശയിച്ച് ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശി രാമനാരായണന്‍ ഭയ്യാറിനെ (31) ആള്‍ക്കൂട്ടം ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഭയ്യാര്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി മരിച്ചു. ഒരു മാസംമുന്‍പ് കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിനുസമീപം ജോലിക്കെത്തിയതാണ് ഭയ്യാര്‍. ഇയാളുടെ പോക്കറ്റില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പറിലൂടെ ബന്ധുക്കളെ വിവരമറിയിച്ചു. 'ബംഗ്ലാദേശ് പൗരന്‍ അല്ലേ' എന്ന് ആക്രോശിച്ചാണ് രാമനാരായണ്‍ ഭയ്യാലിനെ മര്‍ദ്ദിച്ചത്. ഇത് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'ബെഹനെ' ( സഹോദരി) തേടിയെത്തിയതാണെന്ന് ഭയ്യാല്‍ പറയുമ്പോള്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി വന്നതല്ലേ എന്ന് ചോദിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ഇയാളുടെ മുഖത്തും തലയിലും ആഞ്ഞടിക്കുന്നത്.
ആള്‍ക്കൂട്ടം അതിഥിത്തൊഴിലാളിയെ മര്‍ദിക്കുന്നതിന്റെ കൂടുതല്‍ വീഡിയോകള്‍ പൊലീസ് കണ്ടെത്തി. ആളുകള്‍ മൊബൈലില്‍ പകര്‍ത്തിയതും പ്രചരിപ്പിച്ചതുമായ ദൃശ്യങ്ങളാണിവ. മര്‍ദിക്കുമ്പോള്‍ ഇരുപതോളം പേര്‍ ഇയാള്‍ക്ക് ചുറ്റുമുണ്ടായിരുന്നെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും കഴുത്തിനും വയറ്റിലും ചവിട്ടുന്നതിന്റെയും വടികൊണ്ട് അടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകും. റിമാന്‍ഡിലായവരില്‍ രണ്ടുപേര്‍ മുന്‍പും നിരവധി കേസുകളില്‍ പ്രതികളായവര്‍. മുരളി, അനു എന്നിവര്‍ 15 വര്‍ഷംമുമ്പ് അട്ടപ്പള്ളത്ത് സിഐടിയു ചുമട്ടുതൊഴിലാളി സ്റ്റീഫന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിനോദ് എന്നിവരെ വെട്ടിയ കേസിലെ പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ തുടരുന്നു. കൂടാതെ നിരവധി അടിപിടിക്കേസുകളും ഇവരുടെ പേരിലുണ്ട്.
2017ലായിരുന്നു കേരള മനഃസാക്ഷിയെ ഞെട്ടിച്ച, അട്ടപ്പള്ളത്തെ സഹോദരിമാരുടെ മരണം. 2017 ജനുവരി 7നു 13 വയസ്സുള്ള മൂത്ത സഹോദരിയെയും മാര്‍ച്ച് 4ന് ഒന്‍പതു വയസ്സുള്ള ഇളയ സഹോദരിയെയും വീടിനോടു ചേര്‍ന്നു ഷീറ്റുമേഞ്ഞ ചായ്പ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ സിബിഐയുടെ രണ്ടാമത്തെ സംഘം അന്വേഷണം നടത്തി നല്‍കിയ കുറ്റപത്രത്തില്‍ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളും ഈ കേസില്‍ പ്രതികളായി. അട്ടപ്പാടിയില്‍ മധുവിനു നേരെയുണ്ടായതിനു സമാനമായ ആള്‍ക്കൂട്ട വിചാരണയും മര്‍ദനവും അതിഥിത്തൊഴിലാളിയായ രാമനാരായണ്‍ അനുഭവിച്ചെന്നാണു പൊലീസ് കണ്ടെത്തല്‍. അതിഥിത്തൊഴിലാളിയെ ആക്രമിക്കുന്ന വിഡിയോയും മധുവിന്റെ കേസിലേതുപോലെ മര്‍ദിച്ചവര്‍ തന്നെയാണു പ്രചരിപ്പിച്ചത്.
രാമനാരായണ്‍ മോഷ്ടാവല്ലെന്നും വഴിതെറ്റി അട്ടപ്പള്ളത്ത് എത്തിയതാകാമെന്നും മരണവിവരം അറിഞ്ഞ് എത്തിയ ബന്ധു ശശികാന്ത് പൊലീസിനോട് വ്യക്തമാക്കി. തൊഴില്‍തേടി കേരളത്തിലേക്കും കഞ്ചിക്കോട്ടേക്കും എത്തിയ രാമനാരായണ്‍ രണ്ടു കുട്ടികളുടെ അച്ഛനാണെന്നും മദ്യപിക്കുന്ന ശീലമൊഴിച്ചാല്‍ ഇയാള്‍ നാട്ടില്‍ പ്രശ്‌നക്കാരനല്ലെന്നുമാണു ബന്ധു വാളയാര്‍ പൊലീസിനോട് അറിയിച്ചത്.
