തലയ്ക്ക് അഞ്ചുലക്ഷം മുതല്‍ ഒരു കോടിവരെ വിലയുള്ളവര്‍ ഒന്നൊന്നായി കൊല്ലപ്പെടുന്നു; കമാന്‍ഡര്‍ തുളസീ ഭൂയാനും വെടിയുണ്ട; ഒരാഴ്ച മുമ്പ് വധിച്ചത് 'നക്‌സലുകളിലെ ഹാഫീസ് സെയ്ദി'നെ; പണം വാങ്ങി കീഴടങ്ങുന്ന വിപ്ലവകാരികളും ഒട്ടേറേ; മോദി -അമിത്ഷാ ടീം ഇന്ത്യയെ മാവോയിസ്റ്റ് മുക്തമാക്കുമ്പോള്‍!
മോദി -അമിത്ഷാ ടീം ഇന്ത്യയെ മാവോയിസ്റ്റ് മുക്തമാക്കുമ്പോള്‍!
മാവോയിസ്റ്റ് ഭീകരതക്കെതിരായ ഇന്ത്യയുടെ പേരാട്ടം അന്തിമഘട്ടത്തിലേക്ക്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഛത്തീസ്ഗഢില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 5 ലക്ഷം മുതല്‍ ഒരുകോടി വരെ തലക്ക് വിലയിട്ട 35ഓളം ഭീകരരാണ് കൊല്ലപ്പെട്ടത്. ഇന്നലെയും സിആര്‍പിഎഫിന്റെ ഓപ്പറേഷനില്‍, മുതിര്‍ന്ന മാവോയിസ്റ്റ് കമാന്‍ഡര്‍ തുളസി ഭൂയാന്‍ കൊല്ലപ്പെട്ടിരിക്കയാണ്. പലാമു ജില്ലയിലെ ഹുസൈനാബാദില്‍ നടന്ന ഓപ്പറേഷനിടെയാണ് മാവോയിസ്റ്റ് കമാന്‍ഡറെ സേന വെടിവച്ച് കൊന്നത്.
തിങ്കളാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ചൊവ്വാഴ്ചയും തുടര്‍ന്നു. ഓപ്പറേഷനില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു. 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട സഞ്ജയ് ഗോദ്‌റാമും കൊല്ലപ്പെട്ടുവെന്നും സൂചനയുണ്ട്. കണ്ണൂര്‍ സ്വദേശിനിയും പലാമു എസ്പിയുമായ റിഷ്മ രമേശന്‍, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. കഴിഞ്ഞ ദിവസം അയല്‍ജില്ലയായ ലതേഹാറില്‍ നടന്ന ഓപ്പറേഷനില്‍ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് കമാന്‍ഡര്‍ മനീഷ് യാദവ് കൊല്ലപ്പെട്ടിരുന്നു. 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കുന്ദന്‍ ഖര്‍വാറിനെ ജീവനൊടെ പിടികൂടുകയും ചെയ്തു. മെയ് 24 ന്, ലതേഹാറിലെ ഇച്വാര്‍ വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളായ പപ്പു ലോഹറ (10 ലക്ഷം രൂപ പ്രതിഫലം), പ്രഭാത് ലോഹറ (5 ലക്ഷം രൂപ പ്രതിഫലം) എന്നിവരെ സേന വധിച്ചിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഛത്തീസ്ഗഢില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നക്‌സല്‍ നേതാവും തലക്ക് ഒരുകോടിരൂപ ഇനാം പ്രഖ്യാപിച്ച ബസവരാജു അടക്കമുള്ള 27 മാവോയിസ്റ്റുകള്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കൊല ഹരമാക്കിയ നക്‌സല്‍ നേതാവ് എന്നാണ് ബസവരാജു അറിയപ്പെടുന്നത്. ഒന്നും രണ്ടുമല്ല 150ഓളം കൊലപാതക കേസുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. നക്സലുകളുടെ ഹാഫിസ് സെയ്ദ് എന്നറിയപ്പെടുന്ന ഇദ്ദേഹം വീണത്, മാവോയിസ്റ്റുകളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി.
ബസവരാജു വീണതോടെ തകര്‍ച്ച പൂര്‍ണ്ണം
ഏപ്രില്‍ 21 ന്, ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനില്‍ കമാന്‍ഡര്‍ പ്രയാഗ് മാഞ്ചി ഉള്‍പ്പെടെ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. പ്രയാഗ് മാഞ്ചിയുടെ തലയ്ക്ക് ഒരു കോടി രൂപയാണ് വില. ഈ ഓപ്പറേഷനോടെയാണ് മാവോയിസ്റ്റുകളുടെ യഥാര്‍ത്ഥ അടിവേര് ഇളകിയത്. അതിനുശേഷം ബസവരാജു കൊല്ലപ്പെട്ടതോടെ ആ തകര്‍ച്ച പൂര്‍ണ്ണമായി.
ശ്രീലങ്കന്‍ തമിഴ് തീവ്രവാദ സംഘടനയായ എല്‍ടിടിഇയില്‍ നിന്ന് ബസവരാജു ഗറില്ലാ യുദ്ധത്തിലും സ്‌ഫോടകവസ്തുക്കളിലും പരിശീലനം നേടിയ ഭീകരനാണ്. ബോംബുകള്‍ നിര്‍മ്മിക്കുന്നതിലും സംഘടനയ്ക്കു വേണ്ടി ഗറില്ലാ യുദ്ധ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും ഇയാള്‍ വിദഗ്ദ്ധനായിരുന്നു. 2018 നവംബറില്‍, മുപ്പല ലക്ഷ്മണ റാവുവിന് (ഗണപതി) പകരക്കാരനായി ബസവരാജു സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു.
ബസവരാജു എന്ന നമ്പാല കേശവ് റാവുവിനെ ജീവനോടെയോ അല്ലാതെയോ പിടിയ്ക്കുന്നയാള്‍ക്ക് ഛത്തീസ്ഗഢ് ഗവണ്‍മെന്റ് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇയാളുടെ തലയ്ക്ക് നല്ല വില ഇട്ടിരുന്നു. എന്നിട്ടും ഇയാള്‍ മൂന്ന് മുതല്‍ 5 ലെയര്‍ വരെയുള്ള സുരക്ഷാ സംവിധാനങ്ങളുമായി 50 തോക്കുധാരികളായ മാവോയിസ്റ്റുകളുടെ സംരക്ഷണത്തിലായിരുന്നു.
അതിക്രൂര നക്‌സലൈറ്റ് ആക്രമണങ്ങള്‍ നടത്തിയ ആളാണ് ഇദ്ദേഹം. 2003 അലിപ്പിരി ബോംബ് സ്ഫോടനമാണ് ഇതില്‍ പ്രധാനം. അന്നത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. 2010-ല്‍ ദന്തേവാഡയില്‍ നടന്ന ആക്രമണത്തില്‍ 76 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഇതിന്റെ സുത്രധാരനും ബസവരാജുവായിരുന്നു. 2013-ല്‍ ജിറാം ഘാട്ടിയില്‍ നടന്ന ആക്രമണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടത്, 2019 -ല്‍ ശ്യാംഗിരി ആക്രമണത്തില്‍ ബിജെപി എംഎല്‍എ ഭീമ മാണ്ഡവി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചത്, 2020-ല്‍ സുക്മ നക്‌സലൈറ്റ് ആക്രമണത്തില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്, 2021-ല്‍ ബീജാപൂരില്‍ നടന്ന 22 സൈനികര്‍ മരിച്ച നക്‌സലൈറ്റ് ആക്രമണം എന്നിവയുടെയൊക്കെ സുത്രധാരന്‍ ബസുവരാജുവാണെന്നാണ് അധികൃതര്‍ പറയുന്നത്. സുരക്ഷാ സൈനികരെ കണ്ണില്‍ച്ചോരയില്ലാതെ കൊന്നെടുക്കിയതുപോലെ, ഇയാള്‍ ഒറ്റുകാര്‍ എന്ന് സംശയിച്ചും നിരവധി ആദിവാസികള്‍ അടക്കമുള്ളവരെ കൊന്നൊടുക്കിയിട്ടുണ്ട്.
കര്‍ണാടകയും നക്സല്‍ വിമുക്തം
2014-ല്‍ ഡോ മന്‍മോഹന്‍സിങ്് സ്ഥാനമൊഴിയുമ്പോള്‍, രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി പറഞ്ഞത് മാവോയിസ്റ്റ് ഭീഷണിയാണ്. എന്നാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ കളിമാറി. അമിതഷ്ായുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീം മാവോയിസ്റ്റ് വേട്ട നേരിടാനായി പ്രത്യേക സംഘമുണ്ടാക്കി. തണ്ടര്‍ ബോള്‍ട്ടുകള്‍ ഇറങ്ങി. മാവോയിസ്റ്റ് വേട്ടക്ക് കോടികളുടെ ഫണ്ട് അനുവദിക്കപ്പെട്ടു. ഇതിന്റെയൊക്കെ ഭാഗമായി നക്സലുകളുടെ സമാന്തര ഭരണത്തെ ഏറെക്കുറെ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഇന്ന് ആന്ധ്രയിലെയും ഛത്തീസ്ഗഡിലെയും ഏതാനും ചില ബെല്‍റ്റുകളില്‍ മാത്രമായി അവര്‍ ഒതുങ്ങി. ജനുവരിയില്‍ അവസാന നക്‌സലൈറ്റും കീഴടങ്ങിയതോടെ കര്‍ണ്ണാടകയെ നക്സല്‍ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കയാണ്. സമാനമായ അവസ്ഥയാണ് കേരളത്തിലും.
അവസാന നക്‌സലൈറ്റായ ലക്ഷ്മി നിരുപാധികം കീഴടങ്ങിയതോടെയാണ്, കര്‍ണ്ണാടകയെ നക്‌സലൈറ്റ് വിമുക്തമായി പ്രഖ്യാപിച്ചത്. കീഴടങ്ങിയതിനാല്‍ എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഒപ്പം ഏഴ് ലക്ഷം രൂപയും ഇവര്‍ക്ക് ലഭിക്കും.
2025-ല്‍ കര്‍ണാടകയില്‍ 22 നക്‌സല്‍ പ്രവര്‍ത്തകര്‍ കീഴടങ്ങിയിട്ടുണ്ട്. ഇത് അവിടെ മാത്രമല്ല. രാജ്യവ്യാപകമായി കണ്ടുവരുന്ന ട്രെന്‍ഡാണ്. ഒരുകാലത്ത് തങ്ങളുടെ ശക്തികേന്ദ്രമായ ബസ്തറിലും, വാറംഗലിലുമൊക്കെ മാവോയിസ്റ്റ് പുനരധിവാസ കമ്മിറ്റി തന്നെ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ കമ്മിറ്റിയുമായി നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു കബനി ദളത്തിലെ പ്രമുഖയായ ആറു പേര്‍ ജനുവരി ആദ്യം കീഴടങ്ങിയത്. ഉഡുപ്പിയില്‍ കൊല്ലപ്പെട്ട നേതാവ് വിക്രം ഗൗഡയുടെ അടുത്ത അനുയായി ലത മുണ്ട്ഗാരു മലയാളി ജിഷ, വനജാക്ഷി, മാരപ്പ അറോട്ടി, കെ.വസന്ത്, സുന്ദരി കട്ടാരുലു എന്നിവര്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തിലാണു സാധാരണ ജീവിത്തതിലേക്കെത്തിയത്. ചിക്കമംഗളുരു ജില്ലയിലെ പശ്ചിമ ഘട്ടമേഖല കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
കേരളത്തിലെ കനല്‍ത്തരി അണയുന്നു
ഇതില്‍ മലയാളിയായ ജിഷ കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാന കനല്‍ത്തരിയായാണ് വിലയിരുത്തപ്പെടുന്നത്. വയനാട് ഉള്‍പ്പെടെയുള്ള പശ്ചിമഘട്ട മലനിരകളില്‍ മാവോയിസ്റ്റുകള്‍ വന്‍ ശക്തിയായി വിലസിയിരുന്ന കാലം ഇനി പഴങ്കഥയാണെന്ന് പൊലീസ് പറയുന്നു.പൊലീസിന്റെ തണ്ടര്‍ബോള്‍ട്ടിന്റെയും പട്ടികയില്‍ കേളരത്തിനിന്ന് 20 ഓളം മാവോയിസ്റ്റുകളാണ് ഉണ്ടായിരുന്നത്. വയനാടിനോടു ചേര്‍ന്ന വനങ്ങളിലായിരുന്നു ഇവരുടെ താവളം. ഇവരില്‍ പലരും കൊല്ലപ്പെട്ടു. ചിലക്ക് വന്യമൃഗ ആക്രമണങ്ങളിലാണ് ജീവന്‍ പോയത്. സി പി മൊയ്തീന്റെ നേതൃത്വത്തില്‍ നാലുപേരാണ് കേരളത്തില്‍ വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത്.ഇവര്‍
നാലുപേരും 2024 ഓഗസ്റ്റോടെ പിടിയിലായി. ഇതോടെ കേരളത്തില്‍ മാവോയിസ്റ്റ് സായുധ പോരാട്ടം ഏറെക്കുറെ അവസാനിപ്പിച്ചെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.
നക്സലുകളുടെ പുനരധിവാസത്തിന് വളരെ നല്ല പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പണം വാങ്ങി വിപ്ലവ പ്രവര്‍ത്തനം അവസാനിപ്പിക്കയാണ് അവര്‍ ചെയ്തത്. കര്‍ണ്ണാടകയില്‍ കീഴടങ്ങിയ എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട കര്‍ണാടക സ്വദേശികളായ മുന്ദഗാരു ലത, സുന്ദരി കുതലൂരു, വനജാക്ഷി ബിഹോളെ, മാരപ്പ അരോളി എന്നിവര്‍ക്ക് ഏഴര ലക്ഷവും രൂപയും, കാറ്റഗറി ബിയില്‍ ഉള്‍പ്പെട്ട വയനാട് മക്കിമല സ്വദേശിനി ജിഷ, ജിഷയുടെ ഭര്‍ത്താവും തമിഴ്നാട് റാണിപ്പേട്ട് സ്വദേശിയുമായ വസന്ത് കുമാര്‍ എന്നിവര്‍ക്ക് നാലു ലക്ഷവും വീതമാണ് പുനരധിവാസത്തിന് സാമ്പത്തിക സഹായം അനുവദിക്കാന്‍ അനുമതിയായത്.ഈ തുക വിവിധ ഘട്ടങ്ങളായാണ് കൈമാറുക. ആദ്യ ഘട്ടത്തില്‍ മൂന്നു ലക്ഷം രൂപ വീതം നല്‍കും. ബാക്കി തുക രണ്ടു ഘട്ടങ്ങളിലായി നല്‍കും. ലതക്കെതിരെ 85ഉം സുന്ദരിക്കെതിരെ 71ഉം വനജാക്ഷിക്കെതിരെ 25ഉം മാരേപ്പ അരോടിക്കെതിരെ 50 ഉം കേസുകളാണുള്ളത്. ജിഷക്കെതിരെ 18ഉം വസന്തിനെതിരെ ഒമ്പതും കേസുകളാണുള്ളത്.
അമിത്ഷാ ടീം കൊന്നുതള്ളുന്നു
പക്ഷേ കര്‍ണ്ണാടകയിലും ആന്ധ്രയിലും നടത്തിയ നക്സല്‍ ഓപ്പറേഷനേക്കാള്‍ വലിയ പരിപാടികയാണ്, സാക്ഷാല്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ഛത്തീസ്ഗഡില്‍ അരങ്ങേറുന്നത്. അവിടെ അക്ഷരാര്‍ത്ഥത്തില്‍ മവോയിസ്റ്റുകളെ, പൊലീസും അര്‍ധ സൈനികരും തണ്ടര്‍ബോള്‍ട്ടും കൊന്നുതള്ളുകയായിരുന്നു. ഇതിന് കാരണം ഉണ്ടായിരുന്നു, ബസ്തര്‍ മേഖലയുള്‍പ്പെടുന്ന ദണ്ഡകാര്യണം ബെല്‍റ്റ്, ശരിക്കും ഒരു റെഡ് കോറിഡോര്‍ ആക്കിയാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ശരിക്കും സമാന്തര ഭരണകൂടമായിരുന്നു അവര്‍.
ഗ്രാമങ്ങള്‍ നഗരങ്ങളുമായി ചേരുന്ന റോഡുകള്‍ പണിയാനോ ഗ്രാമങ്ങളില്‍ കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എത്തിക്കാനൊന്നും മാവോയിസ്റ്റുകള്‍ സമ്മതിക്കാറില്ല. അവര്‍ക്ക് പണം കൊടുക്കാതെ ഒരുപരിപാടിയും ആമേഖലയില്‍ നടന്നിരുന്നില്ല. പഞ്ചായത്ത്, നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നവരുടെ വിരല്‍ മുറിച്ച് കളയുന്ന പ്രാകൃത കാട്ടാള ശിക്ഷാ രീതികളാണ് ഇവര്‍ നടപ്പിലാക്കിയിരുന്നു. ഏറ്റവും ഭീകരം, മയക്കുമരുന്ന് കള്ളക്കടത്തിന് അവര്‍ കൂട്ടുനില്‍ക്കുന്നുവെന്നതാണ്.
ഇങ്ങനെ ഒരു പൊതുസാമുഹിക വിപത്ത് എന്ന രീതിയിലായപ്പോഴാണ്, അമിത് ഷാ ടീം അതിശക്തമായ നടപടി തുടങ്ങിയത്. റെഡ് കോറിഡോറിലൂടെ മയക്കുമരുന്ന് കടത്ത് തടഞ്ഞതോടെ മാവോയിസ്റ്റുകളുടെ സാമ്പത്തിക നാഡിയറ്റു. ഇതോടെ അരിപോലും മോഷ്ടിക്കുന്ന അവസഥയിലേക്ക് അവര്‍ മാറി. തണ്ടര്‍ബോള്‍ട്ട് ആവട്ടെ യാതൊരു ദാക്ഷ്യണവുമില്ലാതെ മുന്നേറി, മവോയിസ്റ്റുകളെ കൂട്ടക്കുരുതി ചെയ്തു. ഇതോടൊപ്പം സര്‍ക്കാര്‍ അനുനയ ചര്‍ച്ചകളും നടത്തി. അങ്ങനെയാണ് കീഴടങ്ങല്‍ ഉണ്ടാവുന്നത്. കഴിഞ്ഞവര്‍ഷം ഛത്തീസ്ഗഡില്‍ കീഴടങ്ങിയ 30 നക്‌സലുകളെ അമിത് ഷാ നേരിട്ടാണ് സ്വീകരിച്ചത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം കീഴടങ്ങിയ നക്‌സല്‍ ദമ്പതികള്‍ക്ക് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 41 ലക്ഷം രൂപ സഹായമായി നല്‍കിയത്.
ഛത്തീസ്ഗഢ് ഉള്‍പ്പടെയുള്ള മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ പല മുന്നേറ്റങ്ങളുടെയും ബുദ്ധികേന്ദ്രമായ ചലപതിയയും കഴിഞ്ഞ വര്‍ഷം കൊയ്യപ്പെട്ടു. ബസ്തര്‍ വനമേഖലയായിരുന്നു ഇയാളുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം. ഒളിപ്പോരിലുള്ള വൈദഗ്ധ്യവും നേതൃഗുണവും വിഭവസമാഹരണത്തിനുള്ള ശേഷിയും ചലപതിയെ ചോദ്യം ചെയ്യാത്ത കേഡറാക്കി മാറ്റി. എ.കെ 47, എസ്.എല്‍.ആര്‍ തോക്കുകളോടെയുള്ള എട്ട് മുതല്‍ പത്ത് വരെ മാവോയിസ്റ്റുകളെയാണ് ഇയാളുടെ സുരക്ഷയ്ക്കായി നിയോഗിച്ചുരുന്നത് എന്നത് മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ ഇയാളുടെ പ്രാധാന്യത്തിന്റെ തെളിവാണ്. ചലപതിയുടെ കൊല മറ്റുള്ളവരുടെ കീഴടങ്ങലിലേക്കാണ് നയിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരുകാലത്ത് ഇന്ത്യയെ വിറപ്പിച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയാണ്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ പുര്‍ണ്ണമായും മാവോയിസ്റ്റ് വിരുദ്ധമാവുമെന്നാണ് കരുതുന്നത്.