'കേരള പൊലീസില്‍ 60 ശതമാനവും മോദി ഫാന്‍സ്; ഈ 60 ശതമാനം ആളുകള്‍ ബിജെപി അനുഭാവികളും; ബിജെപിക്കാരെ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ വിളിച്ചു പറഞ്ഞു'; ശോഭ സുരേന്ദ്രന് വിവരം അറിയിച്ച ആ പോലീസ് ഉദ്യോഗസ്ഥനാര്? രഹസ്യാന്വേഷ വിഭാഗം അന്വേഷണത്തില്‍

കേരള പൊലീസില്‍ 60 ശതമാനവും മോദി ഫാന്‍സ്

Update: 2025-08-16 09:39 GMT

കൊച്ചി: കേരള പൊലീസില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞ ഒറ്റുകാരനായ ഉദ്യോഗസ്ഥനെ തേടി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം. പ്രതിഷേധത്തിനിടെ ബിജെപിക്കാരെ കൈകാര്യം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രനെ വിളിച്ചു പറഞ്ഞ ഉദ്യോഗസ്ഥന്‍ ആരെന്നാണ് അന്വേഷണം. കേരളാ പോലീസില്‍ നിരവധി മോദി ഫാന്‍സുകാര്‍ ഉണ്ടെന്നാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്.

''വീട്ടില്‍ നിന്നിറങ്ങും മുന്‍പു ഫോണ്‍ വന്നു. ബിജെപിക്കാരെ കൈകാര്യം ചെയ്യാന്‍ തയാറായി നില്‍ക്കുകയാണ്. പനിയോ ചെവിയില്‍ അസുഖം ഉണ്ടെങ്കിലോ മുന്നില്‍ നില്‍ക്കേണ്ട. വെള്ളം ചീറ്റിക്കും. കേരള പൊലീസില്‍ 60 ശതമാനം പേരും മോദി ഫാന്‍സാണ്'' ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ ഈ പ്രസംഗത്തിനു പിന്നാലെയാണ് ഒറ്റുകാരനായ പൊലീസിനെ കണ്ടെത്തണമെന്ന നിര്‍ദേശം രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചത്.

അതേ സമയം ബിജെപി സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായിരുന്നു. ഇതിനിടെ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്ബിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. പൊലീസിലെ ആരോ ബോധപൂര്‍വ്വം ജസ്റ്റിനെ ആക്രമിക്കുകയാണെന്ന ആരോപണം ബിജെപി ഉയര്‍ത്തുന്നു. ഇത് ആരെന്ന് ബിജെപിയും അന്വേഷിക്കുന്നുണ്ട്.

തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ജസ്റ്റിന്‍ പരാതി നല്‍കിയിട്ടുണ്ട്. മര്‍ദ്ദിച്ച പൊലീസുകാരന് രാഷ്ട്രീയ വിരോധമുണ്ടെന്നും തന്നെ കൊലപ്പെടുത്തുകയായിരുന്നു പൊലീസുകാരന്റെ ഉദ്ദേശമെന്നും പരാതിയില്‍ ആരോപിക്കുന്നു. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ പൊലീസുകാരന്‍ തലയില്‍ ലാത്തി കൊണ്ട് അടിച്ചു. തല വെട്ടിച്ച് മാറിയില്ലായിരുന്നെങ്കില്‍ മരണം സംഭവിക്കുമായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ഇല്ലാതെയായിരുന്നു മര്‍ദ്ദനം. യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല. പൊലീസുകാരന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും ജസ്റ്റിന്‍ പരാതിയില്‍ ആരോപിച്ചു.

സിപിഎം, കോണ്‍ഗ്രസ് അനുഭാവികളായ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ സേനയിലുണ്ട്. എന്നാല്‍ ബിജെപി അനുഭാവികളുടെ എണ്ണം സേനയ്ക്കുള്ളില്‍ കഴിഞ്ഞകാലങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതിനാണ് അന്വേഷണം നടക്കുന്നത്.

Tags:    

Similar News