കര്‍ഷക താത്പര്യത്തിനെതിരായ ഏതൊരു നയത്തിനെതിരേയും താന്‍ ഒരു മതില്‍ പോലെ നില്‍ക്കുമെന്ന് പ്രധാനമന്ത്രി മോദി; ഒപ്പം ആര്‍ എസ് എസിന് പ്രശംസയും; ആര്‍ എസ് എസിന്റെ നൂറ് വര്‍ഷത്തെ സേവനം സ്വര്‍ണ്ണാഭമായ അധ്യായം; ചെങ്കോട്ടയിലെ സംഘപരിവാര്‍ സ്തുതി വിവാദമാകും; പരിവാറിനൊപ്പം നീങ്ങാന്‍ മോദി
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍ എസ് എസും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ വിഷയമായി. പ്രതിപക്ഷം അടക്കം ഈ പ്രസംഗ ഭാഗത്തെ വിമര്‍ശിക്കും. അപ്പോഴും താന്‍ ഒരു ആര്‍ എസ് എസുകാരന്‍ ആണെന്ന് കൂടി പറഞ്ഞു വയ്ക്കുകയാണ് പ്രധാനമന്ത്രി മോദി. ആര്‍ എസ് എസിനെ തന്റെ 12-ാമത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ആവോളം പുകഴ്ത്തുകയായിരുന്നു മോദി. ആര്‍ എസ് എസ് സ്ഥാപിതമായി നൂറു വര്‍ഷം പൂര്‍ത്തിയായതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രശംസ. കര്‍ഷക താത്പര്യത്തിനെതിരായ ഏതൊരു നയത്തിനെതിരേയും താന്‍ ഒരു മതില്‍ പോലെ നില്‍ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ചരിത്രം കുറിക്കാനുള്ള സമയമാണെന്നും ലോകവിപണിയെ ഇന്ത്യ ഭരിക്കണമെന്നും അദ്ദേഹം ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു. പാക്കിസ്ഥാനും അമേരിക്കയ്ക്കുമെല്ലാം സന്ദേശം നല്‍കിയ മോദി, ആര്‍ എസ് എസ് എന്ന സംഘടനയുടെ പ്രസക്തിയും ഓര്‍മ്മിപ്പിച്ചുവെന്നതാണ് വസ്തുത. ആര്‍ എസ് എസിനെ കേന്ദ്ര ഭരണത്തില്‍ കൂടുതല്‍ ഉറപ്പിച്ചു നില്‍ക്കുകയാണ് ഇതിലൂടെ മോദി ലക്ഷ്യമിടുന്നത്. അതു തിരിച്ചറിഞ്ഞ് കൂടിയാകും ഈ ഭാഗം പ്രതിപക്ഷം വിവാദമാക്കുക.
''ഞങ്ങളുടെ വ്യക്തമായ നിലപാട് ഇങ്ങനെയാണ്: ഒരു രാഷ്ട്രം സര്‍ക്കാരുകള്‍ രൂപീകരിച്ചുകൊണ്ട് മാത്രമല്ല നിര്‍മ്മിക്കപ്പെടുന്നത്... അതിനെ കോടിക്കണക്കിന് ജനങ്ങളുടെ സന്യാസിമാരുടെയും ദര്‍ശികളുടെയും, ശാസ്ത്രജ്ഞരുടെയും, അധ്യാപകരുടെയും, കര്‍ഷകരുടെയും, യുവാക്കളുടെയും, സൈനികരുടെയും, തൊഴിലാളികളുടെയും ഓരോരുത്തരുടെയും സമര്‍പ്പിതമായ പരിശ്രമങ്ങളിലൂടെ നിര്‍മ്മിക്കപ്പെടുന്നു. വ്യക്തികളും സ്ഥാപനങ്ങളും ചേര്‍ന്ന് അതിനെ രൂപപ്പെടുത്തുന്നു,'' അദ്ദേഹം പറഞ്ഞു.''ഇന്ന്, വലിയ അഭിമാനത്തോടെ, ഒരു പ്രധാന കാര്യം ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. നൂറ് വര്‍ഷം മുമ്പ് ഒരു സംഘടന ജനിച്ചു രാഷ്ട്രീയ സ്വയംസേവക് സംഘം (ആര്‍.എസ്.എസ്). രാജ്യത്തിന് നൂറ് വര്‍ഷത്തെ സേവനം എന്നത് ഏറ്റവും മഹത്തായും സ്വര്‍ണാഭമായും ഉള്ളൊരു അധ്യായമാണ്. വ്യക്തിത്വ നിര്‍മ്മാണത്തിലൂടെ രാഷ്ട്രനിര്‍മാണം എന്ന പ്രതിജ്ഞയാല്‍ നയിക്കപ്പെട്ടും, ഭാരത മാതാവിന് സേവനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ പതിനൊന്നുലക്ഷത്തിലധികം സ്വയംസേവകര്‍ രാജ്യ ക്ഷേമത്തിനായി ജീവിതം സമര്‍പ്പിച്ചു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''സേവനം, സമര്‍പ്പണം, സംഘടന, അതുല്യമായ ശിക്ഷണം എന്നിവയാണ് അതിന്റെ മുഖമുദ്രകള്‍. ഒരു നിലയില്‍ നോക്കുമ്പോള്‍, രാഷ്ട്രീയ സ്വയംസേവക് സംഘം ലോകത്തിലെ ഏറ്റവും വലിയ എന്‍ജിഒയാണ്. സ്വാര്‍ത്ഥതരഹിതമായ പ്രതിബദ്ധതയുടെ ഒരു നൂറ്റാണ്ട് അതിന്റെ ചരിത്രമാണ്,'' മോദി പറഞ്ഞു. ''ഇന്ന്, ചെങ്കോട്ടയുടെ മതിലുകളില്‍ നിന്ന്, രാജ്യത്തിന് നൂറ് വര്‍ഷം സേവനം ചെയ്ത ഈ യാത്രയില്‍ പങ്കുചേര്‍ന്ന എല്ലാ സ്വയംസേവകരെയും ഞാന്‍ ആദരപൂര്‍വ്വം ഓര്‍ക്കുന്നു. ഈ മഹത്തായ, സമര്‍പ്പിതമായ നൂറ്റാണ്ട് നീണ്ട സേവനയാത്രയില്‍ രാജ്യം അഭിമാനം കൊള്ളുന്നു, അത് ഞങ്ങളെ തുടര്‍ന്നും പ്രചോദിപ്പിക്കും,'' അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസിനും പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുമൊപ്പം നീങ്ങുമെന്ന സന്ദേശമാണ് ഇതിലൂടെ മോദി നല്‍കുന്നത്.
ഇത് ചരിത്രം കുറിക്കാനുള്ള സമയാണ്. ലോകവിപണിയെ നാം ഭരിക്കണം. ഉത്പാദനച്ചെലവ് കുറയ്ക്കണം. ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ച് ആഗോള വിപണികളില്‍ നമ്മുടെ കഴിവ് തെളിയിക്കേണ്ട സമയമാണിത്. കുറഞ്ഞവില, ഉയര്‍ന്ന നിലവാരം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. നമ്മുടെ ലക്ഷ്യം കാണാന്‍ നമുക്ക് മുമ്പോട്ട് പോകേണ്ട സമയമാണിത്- മോദി കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര സമര സേനാനികള്‍ 'സ്വതന്ത്ര ഇന്ത്യ' വിഭാവനം ചെയ്തതു പോലെ ഒരു ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ദൃഢനിശ്ചയം എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മറ്റുള്ളവരെ ഇകഴ്ത്തിക്കാണുന്നതില്‍ ഊര്‍ജ്ജം പാഴാക്കരുത്. നമ്മെത്തന്നെ ശക്തിപ്പെടുത്തുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ എന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ താത്പര്യത്തിനെതിരായ ഏതൊരു നയത്തിനും മുന്നില്‍ മോദി ഒരു മതില്‍ പോലെ നില്‍ക്കും. തന്റെ കര്‍ഷകരെ താന്‍ ഉപേക്ഷിക്കില്ലെന്ന് മോദി പറഞ്ഞു. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, കന്നുകാലി വളര്‍ത്തുന്നവര്‍ തുടങ്ങിയവരുടെ താത്പര്യങ്ങള്‍ക്കെതിരായ ഏതൊരു നയത്തിന് മുമ്പിലും മോദി ഒരു മതില്‍ പോലെ നില്‍ക്കുന്നു. പാല്‍, പഴവര്‍ഗ്ഗങ്ങള്‍, ചണം തുടങ്ങിയവയുടെ ഉത്പാദനത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്. മത്സ്യം, അരി, ഗോതമ്പ്, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയുടെ ഉത്പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. നാല് ലക്ഷം കോടി രൂപയുടെ കാര്‍ഷികോത്പ്പന്നങ്ങളുടെ കയറ്റുമതി നടന്നിട്ടുണ്ട്. അവരെ പിന്തുണയ്ക്കാന്‍ നിരവധി പദ്ധതികളുണ്ട് - മോദി പറഞ്ഞു.