ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക പിന്മാറ്റത്തിന് ധാരണയായതിന് പിന്നാലെ മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച; ബ്രിക്സ് ഉച്ചകോടിക്കിടെ നാളെ ഇരുനേതാക്കളും ഉഭയകക്ഷിചര്‍ച്ച നടത്തും; അഞ്ച് വര്‍ഷത്തിനിടെ നടക്കുന്ന ആദ്യകൂടിക്കാഴ്ച

ഇരുവരുടെയും കൂടിക്കാഴ്ച നിര്‍ണായകം

Update: 2024-10-22 17:44 GMT

ന്യൂഡല്‍ഹി: ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ബുധനാഴ്ച ഉഭയകക്ഷി ചര്‍ച്ച നടത്തും. അഞ്ചു വര്‍ഷത്തിനും ശേഷം ഇരുനേതാക്കളും തമ്മില്‍ നടക്കുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ പട്രോളിംഗ് പുന:രാരംഭിക്കാന്‍ തീരുമാനമായതിന് പിന്നാലെയാണ് മോദിയും ഷി ജിന്‍പിങും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് എന്നതാണ് ശ്രദ്ധേയം.

ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി വിക്രം മിസ്രിയാണ് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കിയത്. നാലര വര്‍ഷം നീണ്ട സംഘര്‍ഷത്തിനു ശേഷം യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയും ചൈനയും സേനാപിന്മാറ്റത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തില്‍ ഇരുവരുടെയും കൂടിക്കാഴ്ച നിര്‍ണായകമാണ്.

ഇന്ത്യ-ചൈന നിയന്ത്രണരേഖയില്‍ പട്രോളിങ് പുനരാരംഭിക്കുമെന്നും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായതായും സേനാപിന്മാറ്റത്തിനൊരുങ്ങുന്നതായും കഴിഞ്ഞ ദിവസമാണ് വിദേശകാര്യസെക്രട്ടറി വ്യക്തമാക്കിയത്. ആഴ്ചകളോളം നീണ്ട ഇന്ത്യ-ചൈന മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിയന്ത്രണരേഖയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ സുപ്രധാന വഴിത്തിരിവുണ്ടായത്. 2020 ജൂണിലെ ഗാല്‍വന്‍ സംഘര്‍ഷത്തിനുപിന്നാലെ ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്ക്കാണ് ഇതോടെ ശമനമാകുന്നത്.

റഷ്യയിലെ കസാനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ചയാണ് മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച്ചയ്ക്ക് വേദിയൊരുങ്ങുക. അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇരുനേതാക്കളും തമ്മില്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്.

2019 ഒക്ടോബറില്‍ മഹാബലിപുരത്താണ് മോദിയും ഷി ജിന്‍പിങും തമ്മില്‍ അവസാനമായി കൂടിക്കാഴ്ച നടന്നത്. 2020ല്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. അതിര്‍ത്തിയില്‍ സമാധാനം നിലനില്‍ക്കാതെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്നതായിരുന്നു ഇന്ത്യയുടെ നിലപാട്.

അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ ക്ഷണപ്രകാരമാണ് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി റഷ്യയിലെത്തിയത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്. നേരത്തെ, 22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി റഷ്യയിലെത്തിരുന്നു. ആഗോള വികസനത്തിനും സുരക്ഷയ്ക്കും ബഹുസ്വരതയെ ശക്തിപ്പെടുത്തുക എന്നതാണ് ഇത്തവണത്തെ ബ്രിക്‌സ് ഉച്ചകോടിയുടെ പ്രമേയം.

Tags:    

Similar News