വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയത് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ; സംഘാടകര്‍ കസ്റ്റഡിയില്‍: പ്രാഥമിക അന്വേഷണം തുടങ്ങിയതായി കളക്ടര്‍
വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയത് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ; സംഘാടകര്‍ കസ്റ്റഡിയില്‍
നീലേശ്വരം: വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനായി ജില്ലാ ഭരണക്കൂടത്തിന്റെ അനുമതിയുണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഇന്‍പശേഖര്‍ കാളിമുക്ക്. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നില്ല. പടക്കശേഖരത്തിന് തീപിടിച്ച് അപകടമുണ്ടായതിന് പിന്നാലെ സംഘാടകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ജില്ലാ ഭരണക്കൂടം സംഭവത്തില്‍ പ്രാഥമികമായ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം ഉണ്ടായത്. പടക്കശേഖരത്തിന് തീപിടിച്ച് നൂറിലേറെപ്പേര്‍ക്ക് പൊള്ളലേല്‍ക്കുക ആയിരുന്നു. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ തെയ്യം കാണാന്‍ കൂടിനിന്നിരുന്നു. ഇവര്‍ക്കെല്ലാം പൊള്ളലേറ്റു.
പരിക്കേറ്റവരെ കാസര്‍കോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ പ്രകാശന്‍, മകന്‍ അദ്വൈത്, ലതീഷ് എന്നിവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലര്‍ക്കും മുഖത്തും കൈകള്‍ക്കുമാണ് പൊള്ളലേറ്റത്. വസ്ത്രങ്ങളും കത്തിപ്പോയി. ഉത്തരമലബാറില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊന്നാണിത്. കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി ഡി. ശില്പ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത്, നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്ത, ഉപാധ്യക്ഷന്‍ പി.പി. മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ ഇ. ഷജീര്‍, കെ. പ്രീത, വിനയരാജ് തുടങ്ങിയവര്‍ അപകടസ്ഥലത്തും ആശുപത്രികളിലുമെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നാട്ടുകാരും നീലേശ്വരം അഗ്‌നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്.കാസര്‍കോട്, വീരാര്‍ക്കാവ്, തെയ്യംകെട്ട് മഹോത്സവം, വെടിക്കെട്ട് പുര, തീപിടിത്തം, veerarkave temple, fire cracker romm, fired