ബസിലെ ലഗേജ് കമ്പാര്‍ട്ടുമെന്റില്‍ രണ്ട് വയസ്സുള്ള മകളെ സ്യൂട്ട്കേസില്‍ ഒളിപ്പിച്ചു മാതാവ്; ബാഗ് അനങ്ങുന്നത് കണ്ട് ഡ്രൈവര്‍ പോലീസില്‍ വിവരം അറിയച്ചു; കുഞ്ഞിന്റെ ജീവന്‍ രക്ഷപെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടലില്‍
ബസിലെ ലഗേജ് കമ്പാര്‍ട്ടുമെന്റില്‍ രണ്ട് വയസ്സുള്ള മകളെ സ്യൂട്ട്കേസില്‍ ഒളിപ്പിച്ചു മാതാവ്
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ ബസിലെ ലഗേജ് കമ്പാര്‍ട്ടുമെന്റില്‍ രണ്ട് വയസ്സുള്ള മകളെ സ്യൂട്ട്കേസില്‍ ഒളിപ്പിച്ചതായി ആരോപിക്കപ്പെടുന്ന അമ്മ അടുത്തിടെ ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ചെത്തിയ വ്യക്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. രണ്ട് വയസ്സുള്ള കുട്ടിയെ വെറും നാപ്കിനുള്ളില്‍ കണ്ടെത്തുക ആയിരുന്നു.
തുടര്‍ന്ന് 27 വയസ്സുള്ള സ്ത്രീക്കെതിരെ കുട്ടിയോട് മോശമായി പെരുമാറിയതിനും അവഗണന കാണിച്ചതിനും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഓക്ക്‌ലന്‍ഡില്‍ നിന്ന് 100 കിലോമീറ്റര്‍ വടക്കുള്ള കൈവാക്കയിലെ ഒരു ബസ് ഡിപ്പോയില്‍ വിശ്രമവേളയിലാണ് ലഗേജ് കമ്പാര്‍ട്ട്മെന്റിലെ ഒരു ബാഗ് നീങ്ങുന്നതായി ഡ്രൈവര്‍ കണ്ടെത്തിയത്. തുടര്‍ന്ന് പരിഭ്രാന്തരായ ബസ് ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ബസിന്റെ സീറ്റുകള്‍ക്കടിയിലെ ഒരു പ്രത്യേക ലഗേജ് കമ്പാര്‍ട്ടുമെന്റിലാണ് ബാഗ് സൂക്ഷിച്ചിരുന്നത്. ഈ ബാഗ് തുറന്ന് നോക്കിയ ഡ്രൈവര്‍ കാണുന്നത് അതിനുള്ളില്‍ ഒരു രണ്ടു വയസ് പ്രായം തോന്നിക്കുന്ന കുഞ്ഞിനെയാണ്. കുട്ടിയുടെ ശരീരം വല്ലാതെ ചൂടായിരുന്നു എന്നാണ് ഡ്രൈവര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ മുറിവുകള്‍ ഒന്നും കാണാനില്ലായിരുന്നു. കുട്ടി ഒരു മണിക്കൂറോളം ഈ സ്യൂട്ട്കേസിനകത്ത് കഴിയുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
കുട്ടിയെ ആശുപത്രിയില്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയയാക്കി. തുടര്‍ന്ന് കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തിങ്കളാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. ഏതായാലും ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയതെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് നന്ദി പറയണമെന്നും പോലീസ് അധികാരികള്‍ വ്യക്തമാക്കി.