മുന്‍ നിശ്ചയിച്ച പ്രകാരം പൂരം നിര്‍ത്തി വച്ചതായി പ്രഖ്യാപിച്ചു; ലോക്സഭ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യം; തിരുവമ്പാടി പൂരം കലക്കിയത് തല്‍പരകക്ഷികളുടെ താല്‍പര്യപ്രകാരമെന്നും വിലയിരുത്തല്‍; ഒടുവില്‍ എഡിജിപി അജിത് കുമാറിന്റെ പൂരം റിപ്പോര്‍ട്ടും പുറത്ത്; തില്ലങ്കേരിയും ആര്‍ എസ് എസും റിപ്പോര്‍ട്ടില്‍
തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന് എഡിജിപി അജിത് കുമാറിന്റെ റിപ്പോര്‍ട്ട് പുറത്ത്. പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം മുന്‍കൂട്ടി തീരുമാനം എടുത്തിരുന്നു. സുന്ദര്‍ മേനോന്‍, ഗിരീഷ് കുമാര്‍, വിജയമേനോന്‍, ഉണ്ണികൃഷ്ണന്‍, രവി എന്നിവര്‍ ഇതിനായി പ്രവര്‍ത്തിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ പോലീസിനെതിരെ രൂക്ഷമായി പ്രതികരിച്ച് തിരുവമ്പാടി ദേവസ്വം രംഗത്തു വന്നു. തീര്‍ത്തും അടിസ്ഥാന രഹിതമാണ് ആരോപണമെന്നും അവര്‍ പറഞ്ഞു. അജിത് കുമാറിനെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിജിലന്‍സ് കഴിഞ്ഞ ദിവസം ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇത് വലിയ ചര്‍ച്ചയായി. ഇതിന് പിന്നാലെയാണ് അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഇതിന് പിന്നിലും പോലീസിലെ 'അജിത് കുമാര്‍' വിരുദ്ധരാണെന്ന വാദം ഉയരുന്നുണ്ട്.
തിരുവമ്പാടിയെ കുറ്റപ്പെടുത്തുന്ന അജിത് കുമാറിന്റെ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകളിലേക്ക് കാര്യങ്ങളെത്തിക്കും. മുന്‍ നിശ്ചയിച്ച പ്രകാരം പൂരം നിര്‍ത്തി വച്ചതായി ഇവര്‍ പ്രഖ്യാപിച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യം. തിരുവമ്പാടി പൂരം കലക്കിയത് തല്‍പരകക്ഷികളുടെ താല്‍പര്യപ്രകാരമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ബി.ജെ.പിയെ കുറിച്ച് പരാമര്‍ശമില്ല. ബി.ഗോപാലകൃഷ്ണന്‍, വല്‍സന്‍ തില്ലങ്കേരി എന്നിവരുടെ പേരുകള്‍ മൊഴികളില്‍ മാത്രം. വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ പുറത്തു വിടാതിരുന്ന എഡിജിപിയുടെ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. നേരത്തെ എം ആര്‍ അജിത് കുമാര്‍ നല്‍കിയ ഈ റിപ്പോര്‍ട്ട് ഡിജിപി തള്ളിയിരുന്നു. അതിന് ശേഷമാണ് മുഖ്യമന്ത്രി ത്രിതല അന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തു വന്നത് സര്‍ക്കാരിനും തലവേദനയാണ്. പൂരം കലക്കലില്‍ സര്‍ക്കാരിനെ തള്ളി ദേവസ്വങ്ങള്‍ എത്തുന്നതാണ് ഇതിന് കാരണം.
തിരുവമ്പാടി ദേവസ്വം പൂരം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും എഡിജിപിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ പേരടക്കം പരാമര്‍ശിച്ചു കൊണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിന് വേണ്ടി പൂരം കലക്കിയെന്ന നിലയിലുള്ള സൂചനകളും റിപ്പോര്‍ട്ടിലുണ്ട്.. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് പൂരം കലക്കിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടില്ല. ആര്‍എസ്എസിന്റെയും പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിനും പൊലീസിനും ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് റിപ്പോര്‍ട്ട്.
ജില്ലാ ഭരണകൂടത്തിന് ഒരു കാരണവശാലും നിയമപരമായി നടപ്പിലാക്കുവാന്‍ സാധ്യമല്ലായെന്ന് പൂര്‍ണ്ണമായും മനസ്സിലാക്കി തങ്ങളുടെ ഏതോ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി തിരുവമ്പാടി ദേവസ്വം പ്രവര്‍ത്തിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ സംവിധാനത്തിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവെച്ചത്. ഇതില്‍ നിന്നും പൂരം നടത്തുകയായിരുന്നില്ല, തൊടുന്യായങ്ങള്‍ ഉന്നയിച്ച് മനഃപൂര്‍വ്വം പൂരം അട്ടിമറിക്കുകയാണ് ചെയ്തതെന്ന് സുവ്യക്തമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
വസ്തുതകളുടെയും സാക്ഷിമൊഴികളുടെയും രേഖകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലും ഇതുമായി ബന്ധപ്പെട്ട് നടത്തിയ മറ്റ് അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലും പൊലീസിന് വീഴ്ച വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് അസന്നിഗ്ധമായി വ്യക്തമാക്കുന്നത്. പൊലീസ് പൂരം തടയുകയോ, ആചാരലംഘനം നടത്തുകയോ, പൂരത്തിനൊപ്പമുള്ള കമ്മിറ്റിക്കാര്‍ ഉള്‍പ്പെടെയുള്ള ആളുകളെ തടയുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അപകടങ്ങള്‍ ഒന്നുമില്ലാതെ ആചാരങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് സുഗമമായി നടത്താനുള്ള സൗകര്യം ഒരുക്കുകയാണ് പൊലീസ് ചെയ്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
തൊട്ടടുത്ത് വരുന്ന 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന രീതിയില്‍ ഈ വിഷയം ഉയര്‍ത്തി കൊണ്ടു വന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുന്നേ ലഭിച്ച അവസരം സര്‍ക്കാര്‍ വിരുദ്ധവിഭാഗങ്ങളും തല്പ്പര കക്ഷികളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും വിഷയ ലാഭത്തിനായി സംസ്ഥാന സര്‍ക്കാരിനെതിരെ വികാരം ഉണ്ടാക്കുവാനും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാനും ശ്രമിച്ചുണ്ടെന്ന് വ്യക്തമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, തൃശൂര്‍ പൂരം അലങ്കോലമാക്കിയതിനു പിന്നില്‍ പൊലീസിന്റെ അനാവശ്യമായ നടപടികളാണെന്നു ചൂണ്ടിക്കാട്ടി തിരുവമ്പാടി ദേവസ്വം ഹൈക്കോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കിയിരുന്നു. പൂരവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളോ കുറ്റകൃത്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസിന്റെ നടപടി കാരണമില്ലാതെയും അടിസ്ഥാനമില്ലാതെയുമായിരുന്നുവെന്നും തിരുവമ്പാടിയുടെ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നില്‍ തിരുവമ്പാടി ദേവസ്വത്തിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണെന്നു കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് സഹിതം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. പൊലീസിനെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.