ഏപ്രില്‍ 13ന് ജോലി കിട്ടിയെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; അജ്മാനില്‍ അച്ഛനൊപ്പം സൂപ്പര്‍മാര്‍ക്കറ്റില്‍ മൂന്ന് മാസം മുമ്പ് വരെ ജോലി; അമ്മാവന്റെ മകന്റെ കൂടെ വയറിംഗ് ജോലിക്കും പോയി; പുല്‍വാമയിലെ വനത്തില്‍ മണ്ണാര്‍ക്കാട്ടുകാരന്റെ മൃതദേഹം എങ്ങനെ എത്തി? ഷാനിബിന്റെ മരണത്തില്‍ ദുരൂഹതകള്‍ മാത്രം
ന്യൂഡല്‍ഹി: പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം പുല്‍വാമയിലെ വനത്തില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കാഞ്ഞിരപ്പുഴ കരുവാന്‍തൊടിയിലുള്ള മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞത്. അതിനിടെ സംഭവത്തില്‍ വീട്ടുകാരില്‍നിന്ന് വിവരങ്ങള്‍ കേരളാ പോലീസ് ശേഖരിച്ചു. മണ്ണാര്‍ക്കാട് ഡിവൈഎസ്പി സന്തോഷിന്റെ നിര്‍ദേശപ്രകാരമാണ് സ്വഭാവിക നടപടികളുടെ ഭാഗമായി വിവരങ്ങള്‍ ശേഖരിച്ചത്. തീവ്രവാദ റിക്രൂട്ട്‌മെന്റിലൂടെ ഷാനിബ് കാശ്മീരില്‍ എത്തിയതാണോ എന്ന സംശയവും ഉണ്ട്. ഇതിലേക്കും അന്വേഷണം നീളും.
ബംഗളൂരുവില്‍ വയറിംഗ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പുല്‍വാമയിലെ വനത്തില്‍ നിന്ന് കണ്ടെടുത്തപ്പോള്‍ മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ബംഗളൂരുവില്‍ പോയ യുവാവ് എങ്ങനെ ജമ്മു കാശ്മീരില്‍ എത്തിയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബന്ധുക്കളോട് സ്ഥലത്തെത്താന്‍ പൊലീസ് നിര്‍ദേശിച്ചു. ഷാനിബിന്റെ മരണവും പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടോ എന്നടക്കം പരിശോധിച്ചു വരികയാണ്.
പാലക്കാട് കാഞ്ഞിരപ്പുഴ വര്‍മ്മംകോട് കറുവാന്‍തൊടി അബ്ദുള്‍സമദ്- ഹസീന ദമ്പതികളുടെ മകനാണ് ഷാനിബ്. വിദേശത്തുള്ള പിതാവും സഹോദരന്‍ ഷിഹാബും ബുധനാഴ്ച വൈകീട്ടോടെ നാട്ടിലെത്തി. മരിച്ചത് ഷാനിബ് തന്നെയാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധുക്കളോട് തന്‍മാര്‍ഗ് സ്റ്റേഷനിലെത്തിച്ചേരാനാണ് പോലീസ് നിര്‍ദേശിച്ചിട്ടുള്ളത്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് മുഖ്യമന്ത്രിതലത്തില്‍ ബന്ധുക്കളെ കാശ്മീരിലെത്തിക്കാനുള്ള ഏര്‍പ്പാടുകളും പൂര്‍ത്തിയായിട്ട. ഇവര്‍ ഉടനെ കശ്മീരിലേക്ക് തിരിക്കുമെന്നും അറിയിച്ചു.
ഷാനിബിനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി കശ്മീരിലെ തന്‍മാര്‍ഗ് സ്റ്റേഷനില്‍നിന്നും വിളിച്ചറിയിക്കുകയായിരുന്നു. പുല്‍വാമയിലെ വനപ്രദേശത്തോടു ചേര്‍ന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. വസ്ത്രത്തില്‍നിന്നും ലഭിച്ച ഫോട്ടോയും മേല്‍വിലാസത്തില്‍നിന്നുമാണ് ഷാനിബിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭ്യമായത്. തുടര്‍ന്ന് ബന്ധുക്കളുമായി ബന്ധപ്പെടുകയായിരുന്നു. യുവാവിന് ചെറിയതോതില്‍ മാനസിക പ്രശ്‌നമുണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഇതിന് മുന്‍പും ഷാനിബ് വീട്ടുകാരോട് പറയാതെ പോവുകയും തിരിച്ചുവരികയുമുണ്ടായിട്ടുണ്ട്.
ഏപ്രില്‍ 13നാണ് ഷാനിബ് കാഞ്ഞിരപ്പുഴയിലെ വീട്ടില്‍നിന്നും അവസാനമായി പോയത്. ബാംഗ്ലൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിലഭിച്ചെന്നും അങ്ങോട്ടുപോവുകയാണെന്നുമാണ് മാതാവ് ഹസീനയോട് പറഞ്ഞത്. ജോലിത്തിരക്കായിരിക്കുമെന്നും ഫോണ്‍ ചെയ്യരുതെന്നും മെസേജ് അയക്കരുതെന്നും പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. ഷാനിബിന്റെ സഹോദരി ഷിഫാന ബാംഗ്ലൂരില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നുണ്ട്. സഹോദരിയുടെ അടുത്തേക്ക് ഷാനിബും മാതാവും ചിലസമയങ്ങളില്‍ പോകാറുണ്ടായിരുന്നു. വീട്ടില്‍നിന്നും പോയ ഷാനിബ് സഹോദരിയുടെ അടുത്തും എത്തിയില്ല.
ഷിഫാനയും നിരവധിതവണ ഫോണില്‍വിളിച്ചെങ്കിലും ഷാനിബ് ഫോണെടുത്തില്ല. ഇതിനിടെയാണ് കാശ്മീരില്‍നിന്ന് മരണം സംബന്ധിച്ച് പോലീസിന്റെ അറിയിപ്പ് ലഭിക്കുന്നത്. ഷാനിബ് ചിലപ്പോള്‍ അമ്മാവന്റെ മകന്റെ കൂടെ വയറിങ് ജോലികള്‍ക്ക് പോകുമായിരുന്നു. അജ്മാനില്‍ ജോലിചെയ്യുന്ന പിതാവിന്റെ കൂടെ മുന്‍പ്, മൂന്നുമാസം ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്തിട്ടുണ്ട്. തുടര്‍ന്ന് തിരിച്ചുവരികയായിരുന്നു.