ഡിജിറ്റല്‍ തെളിവുകളില്‍ വാട്ട്‌സ് ആപ്പ് ചാറ്റുകളും ഇമെയില്‍ സന്ദേശങ്ങളും; നടിയുമായുള്ള സൗഹൃദത്തിനും തെളിവ്; അക്ഷാര്‍ത്ഥത്തില്‍ കൊല്ലം എംഎല്‍എയെ കുടുക്കി കുറ്റപത്രം; പീഡനക്കേസില്‍ മുകേഷ് പ്രതിസന്ധിയില്‍; എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ നടന്റെ നീക്കം; സമ്മര്‍ദ്ദം ചെലുത്തി രാജി ഒഴിവാക്കാന്‍ സിപിഎം
കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെ സര്‍ക്കാരും സിപിഎമ്മും കൈവിടുന്നത്. മുകേഷിനെതിരെയുള്ള പീഡന പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം നടനെ വെട്ടിലാക്കുകയാണ്. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു. എംഎല്‍എക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ട്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ മുകേഷിന്റെ എംഎല്‍എ സ്ഥാന രാജിക്കായി പ്രതിപക്ഷം ആവശ്യം ശക്തമായി. എന്നാല്‍ മുകേഷിന്റെ രാജി ആവശ്യം സിപിഎം അംഗീകരിക്കില്ല. അതിനിടെ അതിവേഗ കുറ്റപത്രം നല്‍കിയതില്‍ മുകേഷ് അതൃപ്തനാണ്. എംഎല്‍എ സ്ഥാനം രാജിവയ്ക്കാമെന്ന നിലപാടിലാണ് മുകേഷ്.
മുകേഷിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളില്‍ വാട്ട്‌സ് ആപ്പ് ചാറ്റുകളുണ്ടെന്നും ഇമെയില്‍ സന്ദേശങ്ങളുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്. താരസംഘടന ആയിരുന്ന അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്താണ് നടന്‍ മുകേഷ് പല സ്ഥലങ്ങളില്‍ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്. ലൈംഗികാതിക്രമ വകുപ്പ് കൂടി ചേര്‍ത്താണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. നടിയുമായി മുകേഷ് യാത്ര ചെയ്തതിന് അടക്കം തെളിവുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ മുകേഷ് രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. മുകേഷിനെതിരായ പോലീസ് കുറ്റപത്രം സിനിമയിലെ ഇടതുപക്ഷക്കാരേയും ഞെട്ടിച്ചിട്ടുണ്ട്.
കൊല്ലത്ത് നിന്നും രണ്ടു തവണ എംഎല്‍എയായ സിനിമാ നടനാണ് മുകേഷ്. ലോക്‌സഭയില്‍ മത്സരിച്ചെങ്കിലും തോറ്റു. ഇനി മുകേഷിന് മത്സരിക്കാന്‍ സിപിഎം സീറ്റ് നല്‍കിയില്ല. എന്നാല്‍ ഇപ്പോള്‍ മുകേഷ് രാജിവച്ചാല്‍ കൊല്ലത്ത് ഉപതിരഞ്ഞെടുപ്പ് വരും. ഇതൊഴിവാക്കാനാണ് സിപിഎം ആഗ്രഹിക്കുന്നത്. മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു കഴിഞ്ഞു. എന്നാല്‍ സിപിഎമ്മിന് വേണ്ടി നിലകൊണ്ടിട്ടും തനിക്കെതിരായ പരാതിയില്‍ പോലീസിന്റേയും സര്‍ക്കാരിന്റേയും പിന്തുണ കിട്ടിയില്ലെന്ന പരിഭവം മുകേഷിനുണ്ട്. ഈ സാഹചര്യത്തില്‍ മുകേഷ് രാഷ്ട്രീയം തന്നെ ഉപേക്ഷിക്കാന്‍ സാധ്യത ഏറയൊണ്. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാതിരിക്കാന്‍ സിപിഎം സമ്മര്‍ദ്ദവും ശക്തമാക്കിയിട്ടുണ്ട്. സിനിമയിലെ ഉന്നതരേയും ഇതിന് വേണ്ടി സിപിഎം സമീപിച്ചിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ കുറ്റപത്രം ഞെട്ടിച്ചെന്ന സന്ദേശം മുകേഷ് സിപിഎമ്മിലെ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതായാണ് സൂചന.
മുകേഷുള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കില്ലെന്ന് അതിജീവിതയായ നടി നേരത്തെ പറഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്‌സോ കേസ് നിയമപരമായി നേരിടുമെന്നും പരാതിക്കാരി പറഞ്ഞു. ആദ്യം പരാതി പിന്‍വലിക്കാന്‍ നടി തീരുമാനിച്ചിരുന്നു. പിന്നീട് അതില്‍ നിന്നും പിന്മാറി. ഒറ്റപ്പെട്ടുപോയി എന്ന മനോവിഷമത്തിലാണ് പരാതി പിന്‍വലിക്കാന്‍ തിരുമാനിച്ചത്. ഡബ്ല്യൂസിസിപോലും തനിക്കൊപ്പം നിന്നില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് പറഞ്ഞതുകൊണ്ട് ഇപ്പോള്‍ പരാതി പിന്‍വലിക്കുന്നതില്‍ നിന്ന് പിന്മാറുകയാണ്. കേസുമായി മുന്നോട്ടുപോകുമെന്നും നടി പറഞ്ഞിരുന്നു. തന്റെ പേരിലുള്ള പോക്‌സോ കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും എന്തുകൊണ്ടാണ് കേസില്‍ തന്നെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്ന് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ വേണ്ട പിന്തുണ നല്‍കാത്തതിനാലാണ് കേസില്‍ നിന്ന് പിന്മാറുന്നതെന്ന് നടന്‍ മുകേഷടക്കമുള്ളവര്‍ക്കെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരി പറഞ്ഞിരുന്നു. എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് താന്‍ തുറന്നു പറച്ചില്‍ നടത്തിയതെന്നും തനിക്കെതിരെ കള്ളക്കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ പിന്തുണച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരെയാണ് ഇവര്‍ പരാതി നല്‍കിയിരുന്നത്. നടന്‍മാര്‍ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയും ഇവര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മുകേഷിനെതിരായ പരാതിയില്‍ അടിസ്ഥാനമുണ്ടെന്നാണ് കുറ്റപത്രം വിശദീകരിക്കുന്നത്. കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചുവിനെതിരെയും പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
ലൈംഗിക പീഡന പരാതിയില്‍ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. മരടിലെ ഫ്‌ലാറ്റിലേയ്ക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം. സിനിമയില്‍ അവസരവും അമ്മ സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് മുകേഷ് പീഡിപ്പിച്ചുവെന്നാണ് നടി പരാതി നല്‍കിയത്. ഒറ്റപ്പാലത്തെ ഷൂട്ടിങ് സ്ഥലത്തേക്ക് കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് മറ്റൊരു ആരോപണം. ഓഗസ്റ്റ് 28 ന് മരട് പൊലീസ് മുകേഷിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, മോശം വാക്പ്രയോഗം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പത്തു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ്.
എറണാകുളം സെഷന്‍സ് കോടതി മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന് വഴങ്ങാത്തതാണ് തനിക്കെതിരായ ആരോപണത്തിന് കാരണമെന്നാണ് മുകേഷിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ അടക്കം മുകേഷ് അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് പോലീസ് കുറ്റപത്രം നല്‍കിയത്.