മധ്യപ്രദേശില്‍ ആദ്യം ജോലി; അവിടെ നിന്നും പോയത് ഓസ്‌ടേലിയയില്‍; കഷ്ടപ്പെട്ടപ്പെട്ടുണ്ടാക്കിയതെല്ലാം കൈമോശം വരുമെന്ന് വന്നതിനൊപ്പം സഖാവ് സജിയുടെ കൊലവിളിയും; മുളങ്ങാശേരില്‍ സാബുവിന്റെ ആത്മഹത്യയില്‍ വില്ലന്‍ മുന്‍ ഏര്യാ സെക്രട്ടറി തന്നെ; കുടുംബത്തോടൊപ്പം നില്‍ക്കുമെന്ന് പറയുമ്പോഴും സഖാവിനെ സിപിഎം കൈവിടില്ല

Update: 2024-12-21 07:13 GMT

ഇടുക്കി: കട്ടപ്പനയില്‍ ജീവനൊടുക്കിയ വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരില്‍ സാബുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തം. ഭാര്യയുടെ ചികിത്സാ ആവശ്യത്തിന് നിക്ഷേപത്തുക ചോദിച്ചപ്പോള്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കട്ടപ്പന റൂറല്‍ ഡിവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ സാബു ജീവനൊടുക്കിയത്. ബാങ്കിന് സമീപത്തെ ചവിട്ടുപടിക്ക് സമീപമുള്ള ഹാന്‍ഡ് റെയിലില്‍ തുങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ സിപിഎം നേതാവിന്റെ ഭീഷണി സംഭാഷണവും പുറത്തു വന്നു. നിക്ഷേപിച്ച പണം ചോദിച്ചെത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് പിടിച്ചു തള്ളിയെന്നും താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്നുമാണ് മുന്‍ ബാങ്ക് പ്രസിഡന്റ് വി.ആര്‍ സജിയോട് സാബു പറഞ്ഞത്. നിങ്ങള്‍ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞുവെന്നും. പണി മനസിലാക്കി തരാമെന്നും പറഞ്ഞ് സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന സംഭാഷണമാണ് പുറത്തുവന്നത്. മരണത്തിന് ഉത്തരവാദികളായ കട്ടപ്പന റൂറല്‍ ഡവലപ്െമന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

അതിനിടെ സാബുവിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎം എന്ന് കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്ജ് പ്രതികരിച്ചു. സാബുവും കട്ടപ്പന സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയും മുന്‍ ബാങ്ക് പ്രസിഡന്റുമായ വി.ആര്‍ സജിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് ശേഷമായിരുന്നു മാത്യു ജോര്‍ജ്ജിന്റെ പ്രതികരണം. സംഭാഷണം പോലീസ് പരിശോധിക്കട്ടെയെന്നും പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ സഹകരണ സൊസൈറ്റിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി സാബുവിന്റെ ഭാര്യ മേരിക്കുട്ടി രംഗത്തു വന്നു. പണം നല്‍കണമെന്ന് സാബു കേണപേക്ഷിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ലെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു. സാബു ജീവനൊടുക്കുമെന്ന് കരുതിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കടുത്ത അപമാനമാണ് സാബു നേരിട്ടത്. പണം ചോദിച്ചപ്പോള്‍ സാബുവിനെ ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തി. സാബു കഷ്ടപ്പെട്ട അധ്വാനിച്ച പണമാണ് ചോദിച്ചത്. പണം തരാന്‍ കഴിയില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു-മേരിക്കുട്ടി പറയുന്നു.

സാബുവിന് 12 ലക്ഷം രൂപയാണ് കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നല്‍കാനുള്ളത്. സൊസൈറ്റിയില്‍ സിപിഎം ഭരണത്തില്‍ എത്തിയിട്ട് 4 വര്‍ഷം മാത്രമേ ആയുള്ളൂ. 20 കോടിയുടെ ബാധ്യത ബാങ്കിനുണ്ട്. നിശ്ചിത തുക വീതം സാബുവിന് മാസം തോറും കൊടുക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സാബു ബാങ്കില്‍ എത്തി ജീവനക്കാരുമായി തര്‍ക്കം ഉണ്ടായി. ഇക്കാര്യത്തില്‍ ഭരണ സമിതി എന്ന നിലയില്‍ അഭിപ്രായം പറയുക സാധാരണമാണെന്നും അതില്‍ കൂടുതല്‍ ഒന്നും കാണേണ്ടതില്ലെന്നും സിപിഎം ഏര്യാ സെക്രട്ടറി പറഞ്ഞു. സാബുവിന്റെ മരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനോട് യോജിപ്പില്ല. എന്നാല്‍ സാബുവിനെ ഭീഷണിപെടുത്തിയോ എന്ന് അന്വേഷിക്കും. പൊലീസ് അന്വേഷണം നടക്കട്ടെയെന്നും അന്വേഷണം പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞ അദ്ദേഹം കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരട്ടെയെന്നും സിപിഎം നേതാവ് പറഞ്ഞു.

സിപിഎം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറി കൂടിയായ സജി ജീവനക്കാരനെ സാബു ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് ഭീഷണി മുഴക്കിയത്. അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്ന് പറഞ്ഞ സജി പണി മനസ്സിലാക്കി തരാം എന്നും സാബുവിനോട് പറഞ്ഞിപുന്നു. പണം തരാന്‍ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോള്‍ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞു കൊണ്ടാണ് സജി ഭീഷണി മുഴക്കിയത്. അതിനിടെ സാബു ബാങ്കില്‍ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സാബുവും ജീവനക്കാരും തമ്മില്‍ കയ്യേറ്റം ഉണ്ടായതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോള്‍ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തും. പക്ഷേ ഇവരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്ന നടപടി ഉടന്‍ ഉണ്ടാകില്ല.

സൊസൈറ്റി സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജാമോള്‍ എന്നിവരാണ് തന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് എഴുതിയ ആത്മഹത്യക്കുറിപ്പും സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു. നിക്ഷേപത്തുക ചോദിക്കാന്‍ എത്തിയപ്പോള്‍ ഇവര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും അതില്‍ പറയുന്നു. കട്ടപ്പനയില്‍ വെറൈറ്റി എന്ന പേരില്‍ ലേഡീസ് സെന്റര്‍ നടത്തിവരുകയായിരുന്നു സാബു. നേരത്തെ പതിനഞ്ച് വര്‍ഷം ഓസ്‌ട്രേലിയയില്‍ പ്രവാസിയായിരുന്നു സാബു. കട്ടപ്പന റൂറല്‍ ഡവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്‍പില്‍ നിക്ഷേപകന്‍ സാബു ആത്മഹത്യ ചെയ്ത സ്ഥലം. സൊസൈറ്റിക്കു മുകള്‍ നിലയിലുള്ള കൈവരിയിലാണ് സാബു തൂങ്ങിമരിച്ചത്. പൊലീസുമായി മൂന്നുതവണ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് മൃതദേഹം വിട്ടുനല്‍കാന്‍ തയാറായത്. രാവിലെ ഏഴോടെ മൃതദേഹം കാണുകയും ബാങ്ക് ജീവനക്കാര്‍ക്ക് എതിരായ ആത്മഹത്യക്കുറിപ്പു പുറത്തുവരികയും ചെയ്തതോടെയാണു പ്രതിഷേധം കനത്തത്. സൊസൈറ്റിയില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകളാണ് നടക്കുന്നതെന്നും അതെല്ലാം അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

മുന്‍പു മധ്യപ്രദേശില്‍ ജോലി ചെയ്തിരുന്ന സാബു ഏതാനും വര്‍ഷം ഓസ്‌ട്രേലിയയിലും ജോലി ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയാണ് പള്ളിക്കവലയില്‍ വെറൈറ്റി ലേഡീസ് സെന്റര്‍ ആരംഭിച്ചത്. ഇതിനു പിന്നിലെ കെട്ടിടത്തിലാണ് കുടുംബം വാടകയ്ക്ക് കഴിഞ്ഞിരുന്നത്. പാറക്കടവിലുള്ള വീട് വാടകയ്ക്കു നല്‍കിയിരിക്കുകയാണ്. കഞ്ഞിക്കുഴിയിലുള്ള വീട് വിറ്റശേഷം വെള്ളയാംകുടിയില്‍ വീട് വാങ്ങിയിരുന്നു.സൊസൈറ്റിയില്‍ 90 ലക്ഷം രൂപയാണ് ഇദ്ദേഹം നിക്ഷേപിച്ചിരുന്നത്. പലിശ കൃത്യമായി ലഭിക്കാതെ വന്നപ്പോള്‍ കുറച്ച് പണം പിന്‍വലിച്ചിരുന്നു. അവശേഷിക്കുന്ന തുക നിശ്ചിത തവണയായി നല്‍കാനും ധാരണയായിരുന്നു. അതു മുടങ്ങുന്ന സ്ഥിതിയുണ്ടാകുകയും ആശുപത്രി ആവശ്യത്തിനുപോലും പണം നല്‍കാതെ അപമാനിച്ച് ഇറക്കിവിടുകയും ചെയ്തതാണു മരണത്തിലേക്കു നയിച്ചതെന്നാണു സൂചന.

ശസ്ത്രക്രിയയ്ക്കായി അമ്മ മേരിക്കുട്ടി തൊടുപുഴയിലെ ആശുപത്രിയിലായിരുന്നതിനാല്‍ മൂത്തമകന്‍ അലന്‍ അവിടെയായിരുന്നു. സാബുവും മാതാപിതാക്കളായ തോമസും ത്രേസ്യക്കുട്ടിയും അഭിനുമാണ് പള്ളിക്കവലയിലെ വീട്ടില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ സാബുവിനെ വീട്ടില്‍ നിന്നു കാണാതായതോടെ അമ്മയെ വിളിച്ച് അഭിന്‍ ഇക്കാര്യം അറിയിച്ചു. ഷട്ടില്‍ കളിക്കാന്‍ സാബു പോകാറുള്ളതിനാല്‍ അവിടെ അന്വേഷിച്ചെങ്കിലും കണ്ടില്ല. പലയിടങ്ങളില്‍ അന്വേഷിച്ചു നടക്കുന്നതിനിടെയാണ് വ്യാഴാഴ്ച റൂറല്‍ ഡവലപ്െമന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതരുമായി തര്‍ക്കമുണ്ടായത് അഭിന് ഓര്‍മവന്നത്. അവിടെ കാണുമോയെന്നു സംശയിച്ച് മാര്‍ക്കറ്റിന് എതിര്‍വശത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നിടത്തെത്തി. രണ്ടാം നിലയുടെ കൈവരിയില്‍ നിന്ന് സൊസൈറ്റിയുടെ മുന്‍ഭാഗത്തേയ്ക്ക് തൂങ്ങി നില്‍ക്കുന്ന പിതാവിനെയാണ് അഭിന്‍ കണ്ടത്.

Tags:    

Similar News