മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്; താല്‍ക്കാലികാടിസ്ഥാനത്തില്‍ നികുതി സ്വീകരിക്കാന്‍ സിംഗിള്‍ ബെഞ്ച് അനുവദിച്ചത് കുടുംബങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം; നിര്‍ണ്ണായക തീരുമാനം എടുത്ത് കോര്‍ കമ്മറ്റി; മുനമ്പം ഭൂ സമരം ഞായറാഴ്ച അവസാനിപ്പിക്കും

Update: 2025-11-28 17:37 GMT

കൊച്ചി: നാനൂറിലേറെ ദിവസം നീണ്ട മുനമ്പം ഭൂ സമരം അവസാനിപ്പിക്കും. ഞായറാഴ്ച സമരം തീരും. കോര്‍ കമ്മറ്റിയുടേതാണ് തീരുമാനം. താല്‍ക്കാലികാടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് മുനമ്പത്തെ ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ അനുവദിച്ചു കിട്ടണമെന്ന അവസാന കടമ്പ കൂടി കടക്കേണ്ടതുണ്ടെന്നും സമര സമിതി പറയുന്നു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടതിനു പിന്നാലെയാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ നികുതി സ്വീകരിക്കാന്‍ സിംഗിള്‍ ബെഞ്ച് അനുവദിച്ചത്. ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ സമിതി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി മുമ്പാകെയുണ്ട്. അതിനാല്‍ ഈ ഹര്‍ജികളിലെ അന്തിമവിധിയുടെ തീര്‍പ്പിന് വിധേയമായിരിക്കും ഉത്തരവ് എന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് ഇന്നലെ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ 32 കുടുംബങ്ങള്‍ നികുതി അടയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുനമ്പത്തെ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സമരം അവസാനിപ്പിക്കുക എന്ന തീരുമാനത്തില്‍ സമരസമിതി എത്തിയത്.

2019 സെപ്റ്റംബറിലാണ് മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് ബോര്‍ഡ് റജിസ്റ്ററില്‍ ചേര്‍ക്കുന്നത്. 2021 മുതല്‍ മുനമ്പം നിവാസികള്‍ക്ക് കരമടയ്ക്കാനും സാധിക്കുന്നില്ല. 2022ല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നികുതി സ്വീകരിക്കാന്‍ അനുമതി നല്‍കിയെങ്കിലും ഡിവിഷന്‍ ബെഞ്ച് ഇത് സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 4 വര്‍ഷമായി ഭൂമിയുടെ അവകാശത്തെ ചൊല്ലിയുള്ള ആശങ്കയിലായിരുന്നു മുനമ്പം നിവാസികള്‍. പിന്നീടാണ് സമരം ആരംഭിച്ചത്. ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളും ഉണ്ടായി.

താല്‍ക്കാലികമായി കരമടയ്ക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ഭൂമിയുടെ റവന്യൂ അവകാശം പുനഃസ്ഥാപിച്ചു കിട്ടുക എന്നതാണ് ആത്യന്തികമായി വേണ്ടതെന്ന് സമര സമിതി നേതാക്കള്‍ പറയുന്നു. മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, സമുദായ നേതാക്കള്‍ തുടങ്ങി എല്ലാവരെയും പങ്കെടുപ്പിച്ച് വിപുലമായ ചടങ്ങ് നടത്തി സമരം അവസാനിപ്പിക്കുന്ന പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. എല്ലാവരെയും ക്ഷണിക്കണമെന്നാണ് സമരസമിതിയുടെ പൊതു അഭിപ്രായം. 2024 ഒക്ടോബര്‍ 13 നാണ് രാജ്യത്തൊട്ടാകെ ചര്‍ച്ചയായ വഖഫ് ഭൂ സമരം തുടങ്ങിയത്.

വഖഫ് ഭൂമി തര്‍ക്കത്തില്‍ പ്രതിസന്ധിയിലായ മുനമ്പത്തുകാര്‍ക്ക് ഇടക്കാല ആശ്വാസമേകുന്നതായിരുന്നു ഇക്കഴിഞ്ഞ ബുധനാഴ്ച ഹൈക്കോടതി ഉത്തരവ്. വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ തീര്‍പ്പാക്കും വരെ ഇടക്കാല ഉത്തരവ് ബാധകമാകും. മുനമ്പത്തെ 615 കുടുംബങ്ങള്‍ പണം നല്‍കി വാങ്ങിയ ഭൂമിയുടെ കരം റവന്യു വകുപ്പിന് സ്വീകരിക്കാം.

സങ്കീര്‍ണമായ വഖഫ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികള്‍ തീര്‍പ്പാക്കും വരെ കരമൊടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കും. മുനമ്പം സമരസമിതി, പ്രദേശവാസികള്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളിലാണ് വ്യവസ്ഥകളോടെ കരമൊടുക്കാമെന്ന ജസ്റ്റിസ് സി ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്. കരം സ്വീകരിക്കാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ കരം സ്വീകരിക്കുന്നതിനെ വഖഫ് സംരക്ഷണ വേദി കോടതിയില്‍ എതിര്‍പ്പറിയിച്ചിരുന്നു.

Tags:    

Similar News