മുനമ്പത്ത് ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാറിന് തല്‍ക്കാലിക ആശ്വാസം; ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ നിയമം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്; കമ്മീഷന് തല്‍ക്കാലം പ്രവര്‍ത്തനം തുടരാന്‍ അനുമതി; അപ്പീല്‍ ജൂണില്‍ പരിഗണിക്കും

മുനമ്പത്ത് ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാറിന് തല്‍ക്കാലിക ആശ്വാസം

Update: 2025-04-07 05:09 GMT

കൊച്ചി: മുനമ്പത്ത് ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാറിന് തല്‍ക്കാലിക ആശ്വാസം. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ നിയമം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദ് ചെയ്തു. കമ്മീഷന് തല്‍ക്കാലം പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കി. ഇതോടെ കമ്മീഷന് തുടര്‍ നടപടികളുമായി മുന്നോട്ടു പോകാം. സര്‍ക്കാറിന്റെ അപ്പീല്‍ അടുത്ത ജൂണില്‍ വിശദമായി കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പൊതു താല്‍പര്യം മുന്‍നിര്‍ത്തിയാണ് കമ്മീഷനെ നിയമിച്ചതെന്നും ക്രമസമാധാന വിഷയം എന്ന നിലയില്‍ കമ്മീഷന്റെ അന്വേഷണം ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ജുഡീഷ്യല്‍ കമ്മീഷണര്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. മുനമ്പത്തെ പ്രശ്നപരിഹാരങ്ങള്‍ക്കു പോംവഴികള്‍ ഉണ്ടെന്നും ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, ഫാറൂഖ് കോളജിന്റെ വഖഫ് ഭൂമി സംബന്ധിച്ച കേസില്‍ മുനമ്പം നിവാസികളെ കക്ഷി ചേര്‍ക്കുന്നത് സംബന്ധിച്ച് വഖഫ് ട്രൈബ്യൂണല്‍ ഇന്ന് വിധി പറയും. മുനമ്പത്തുള്ള ഫാറൂഖ് കോളജിന്റെ ഭൂമി വഖഫാണെന്ന വഖഫ് ബോര്‍ഡിന്റെ ഉത്തരവിനെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളജ് നല്കിയ ഹരജിയിലാണ് മുനമ്പം നിവാസികള്‍ കക്ഷി ചേരണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വഖഫ് ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും മുനമ്പം നിവാസികളുടെയും വാദം കഴിഞ്ഞ സിറ്റിങ്ങുകളില്‍ വഖഫ് ട്രൈബ്യൂണല് കേട്ടിരുന്നു.

വഖഫ് സംരക്ഷണ സമിതി, വഖഫ് സംരക്ഷണ വേദി തുടങ്ങിയവരുടെ കക്ഷി ചേരാനുള്ള ആവശ്യം വഖഫ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുനമ്പം കമ്മീഷന്റെ നിയമനം നേരത്തെ റദ്ദുചെയ്തത്. ഇത് വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും വഖഫ് ഭൂമിയുടെ കാര്യത്തില്‍ തീരുമാനം എടുത്താന്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമേ കഴിയു എന്നും കോടതി വ്യക്തമാക്കിയിരുന്നു.

വഖഫ് ബോര്‍ഡിന് വലിയ അധികാരങ്ങളുണ്ട്. നിയമത്തില്‍ ഇതെല്ലാം കൃത്യമായി പറയുന്നുണ്ട്. ആ നിയമം നിയനില്‍ക്കെ സര്‍ക്കാരിന് മറിച്ചൊരു തീരുമാനം എടുക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. മുനമ്പം വഖഫ് ഭൂമിക്കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ ജുഡിഷ്യല്‍ കമ്മീഷനെ നിയമിച്ചതിനെ തെറ്റായ നടപടിയായി ഹൈക്കോടതി നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. സിവില്‍ കോടതി ഇതിനകം തന്നെ ഭൂമിയെ വഖഫ് സ്വത്തായി പ്രഖ്യാപിച്ചതിനാല്‍, ആ തീരുമാനത്തില്‍ ഏത് തരം മാറ്റങ്ങളും ഒരു ഉന്നത കോടതിയിലൂടെ മാത്രമേ സാധ്യമാകൂയെന്നും ന്യായസങ്കേതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ജുഡിഷ്യല്‍ കമ്മീഷന്‍ നിയമിച്ച നടപടി അനാവശ്യവും നിയമവിരുദ്ധവുമാണെന്നും ഹൈക്കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News