മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ ടൗണ്‍ഷിപ്പ് ഉയരും; തറക്കല്ലിട്ട് മുഖ്യമന്ത്രി; ഏഴ് സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീടുകള്‍ ഒരുങ്ങും; ടൗണ്‍ഷിപ്പ് നിര്‍മാണം തുടങ്ങുന്നത് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറം; അടുത്ത വര്‍ഷം ആദ്യം നിര്‍മാണം പൂര്‍ത്തീകരിക്കും

മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ ടൗണ്‍ഷിപ്പ് ഉയരും

Update: 2025-03-27 11:29 GMT

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലായിരുന്നു പരിപാടി. പ്രിയങ്കാ ഗാന്ധി എംപി, റവന്യൂ മന്ത്രി കെ.രാജന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി, വിവിധ മന്ത്രിമാര്‍ ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ തുടങ്ങി മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങിന്റെ ഭാഗമായി.

നിയമതടസ്സങ്ങളെല്ലാം മറികടന്ന് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്. ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോര്‍ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഭാവിവില്‍ രണ്ടു നിലയാക്കാന്‍ കഴിയുന്ന നിലയില്‍ പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ള അടിത്തറയാണ് ഒരുക്കുക. മുകള്‍ നിലയിലേക്ക് പടികളുമുണ്ടാകും.

ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവ ടൗണ്‍ഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പിലേക്ക് വരാത്ത കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപവീതം നല്‍കും. ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയെയും കേരളം മറികടക്കുകയാണ്.

2024 ജൂലൈ 30ന് പുലര്‍ച്ചെയാണ് വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയത്. നാടാകെ ഒലിച്ചുപോയി. 298പേര്‍ ദുരന്തത്തില്‍ മരിച്ചു. മൃതദേഹങ്ങള്‍ ചാലിയാര്‍വരെ ഒഴുകി. പുന്നപ്പുഴ മരണപ്പുഴയായി. അന്നേവരെ കാണാത്ത രക്ഷാപ്രവര്‍ത്തനത്തിന് രാജ്യം സക്ഷിയായി. ദുരിതാശ്വാസ ക്യാമ്പ് ഒരുകുടുംബമായി. സമൂഹ അടുക്കളകളില്‍ മനുഷ്യര്‍ സ്നേഹം പാകം ചെയ്തു. മണ്ണിനടിയില്‍ ജീവനുള്ള ഒറ്റമനുഷ്യരും ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുംവരെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.

സര്‍ക്കാര്‍ എല്ലാം നഷ്ടമായ ആയിരങ്ങളെ വാടക വീടുകളില്‍ താല്‍ക്കാലികമായി പുനരധിവസിപ്പിച്ചു. ജീവനോപാധിയും ചികിത്സയും ഉറപ്പാക്കി. ധനസഹായംനല്‍കി. കുഞ്ഞുങ്ങളുടെ പഠനം തിരിച്ചുപിടിച്ചു.

Tags:    

Similar News