അച്ഛനും രണ്ടാനമ്മയും പട്ടിണിക്കിട്ടപ്പോള്‍ സഹോദരന്‍ അടുത്ത പറമ്പിലെ മാവിന്‍ ചുവട്ടില്‍ നിന്നും പെറുക്കി നല്‍കിയ ഒരു മാങ്ങ മാത്രമായിരുന്നു ആ കുഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ കഴിച്ചത്; ആശുപത്രിയിലെ സംശയം പോസ്റ്റ്‌മോര്‍ട്ടമായി; വയറ്റില്‍ മാങ്ങാ അവശിഷ്ടം മാത്രം; സ്വകാര്യ ഭാഗം പൊള്ളിച്ചു; ആറു വയസ്സുകാരിയുടെ പട്ടിണി മരണം അതിക്രൂരം; അദിതിയെ കൊന്നത് അന്തര്‍ജനമായ റംലാ ബീഗം
കോഴിക്കോട്: അദിതി എസ് നമ്പൂതിരിയോട് അച്ഛനും രണ്ടാനമ്മയും ചെയ്ത ക്രൂരതകള്‍ പുറംലോകത്ത് എത്തിയത് കോഴിക്കോട് ആശുപത്രിയുടെ കരുതല്‍. ആരും അറിയാതെ സ്വാഭാവിക മരണമായി മാറുമായിരുന്ന ക്രൂരതയാണ് ഇതോടെ കേസായി മാറിയത്. കോഴിക്കോട്ടെ വിചാരണ കോടതിയും പ്രതികളെ ശിക്ഷിച്ചു. എന്നാല്‍ കൊലക്കുറ്റം ചുമത്തിയില്ല. അതും ഹൈക്കോടതി തിരുത്തുന്നു. ആറുവയസ്സുകാരി അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അച്ഛനുമായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംലബീഗത്തിനും (ദേവിക അന്തര്‍ജനം) എതിരേ കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. രണ്ടു പേര്‍ക്കും ജീവപര്യന്തം ശിക്ഷയും ഹൈക്കോടതി വിധിച്ചു.
അച്ഛനും രണ്ടാനമ്മയും കാലങ്ങളോളം പീഡിപ്പിച്ചും മര്‍ദ്ദിച്ചും പട്ടിണിക്കിട്ടും അവസാനം മരണത്തിനു കീഴടങ്ങിയ ആറുവയസ്സുകാരിയാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി തട്ടേക്കാട് ഇല്ലത്തെ അദിതി. എസ്. നമ്പൂതിരി. അച്ഛന്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും രണ്ടാനമ്മ റംല ബീഗത്തിന്റെയും കാലങ്ങളോളം നീണ്ട ശാരീരിക പീഡനത്തിനൊടുവില്‍ 2013 ഏപ്രില്‍ 29നാണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അദിതി മരണത്തിനു കീഴടങ്ങിയത്. ആഴ്ചകളോളം പട്ടിണിക്കിടുകയും സ്വന്തം അച്ഛന്റെ തൊഴിയേറ്റ് പല്ലു മുഴുവന്‍ ഇളകിപ്പോവുകയും രണ്ടാനമ്മ അരയ്ക്കു കീഴെ ചൂടുവെള്ളത്തില്‍ മുക്കി പൊള്ളിക്കുകയും ചെയ്ത ആ കുരുന്ന് ആശുപത്രിയില്‍ എത്തും മുന്നേ മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ കഴുത്ത് ഞെരിച്ചതായും നഖം കൊണ്ട് ദേഹം മുഴുവന്‍ മുറിവേല്‍പ്പിച്ചതായും ജനനേന്ദ്രിയം ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ പൊള്ളിച്ചതായും പറയുന്നു.
ഡോക്ടര്‍മാര്‍ പോലും അദിതിയുടെ പോസ്റ്റുമോര്‍ട്ട സമയത്ത് പൊട്ടിക്കരഞ്ഞുപോയി എന്ന് വാര്‍ത്തകളെത്തി.. ആ കുഞ്ഞു ആമാശയത്തില്‍ ഒരാഴ്ച മുന്നേ കഴിച്ച മാങ്ങയുടെ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് കണ്ണുനനഞ്ഞു കൊണ്ടാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. സ്വന്തം അച്ഛനും രണ്ടാനമ്മയും പട്ടിണിക്കിട്ടപ്പോള്‍ സഹോദരന്‍ അടുത്ത പറമ്പിലെ മാവിന്‍ ചുവട്ടില്‍ നിന്നും പെറുക്കി നല്‍കിയ ഒരു മാങ്ങ മാത്രമായിരുന്നു ആ കുഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ കഴിച്ചതെന്നത് ക്രൂരതയുടെ ആഴം കൂട്ടി. ആ ഇളം കഴുത്തു ഞെരിച്ചും പല്ല് അടിച്ചു കൊഴിച്ചും ദേഹമാസകലം പൊള്ളിച്ചും നഖംകൊണ്ട് മുറിവേല്‍പ്പിച്ചും ശകാരിച്ചും അസഭ്യം പറഞ്ഞു പട്ടിണിക്കിട്ടും അവര്‍ ആ കുരുന്നിന്റെ ജീവനെടുക്കുകയായിരുന്നു.
പട്ടിണിക്കിട്ട് അവശയായ അതിദിയെ അരയ്ക്കുതാഴെ സാരമായി പൊള്ളിയ നിലയില്‍ നഗരത്തിലെ സ്വകാര്യആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണപ്പെട്ടതിനാല്‍ പ്രതികള്‍ മൃതദേഹം കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഇടപെട്ട് മെഡിക്കല്‍ കോളജിലെത്തെിച്ചു. തുടര്‍ന്നാണ് ക്രൂരമായ പീഡനകഥ പുറത്തായത്. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിയുടെ കഴുത്ത് പിരിച്ചു ഞെരിച്ചതായും, നഖംകൊണ്ട് മുറിവേല്‍പ്പിച്ചതായും, ചൂടുവെള്ളത്തില്‍ കൈകാലുകള്‍ താഴ്ത്തിയതായും, അരയ്ക്കു താഴെ ജനനേന്ദ്രിയം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചതായും കണ്ടെത്തിയിരുന്നു.
ആഴ്ചകളോളം ഭക്ഷണം ലഭിക്കാതിരുന്നതിനാല്‍ നന്നെ ശോഷിച്ച് എല്ലും തോലുമായ അവസ്ഥയിലായിരുന്നു കുട്ടി. പോസ്റ്റ് മോര്‍ട്ടത്തില്‍ വയറ്റിലുണ്ടായിരുന്നത് മാമ്പഴാവശിഷ്ടം മാത്രമായിരുന്നു. കുട്ടികളെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. നിരവധി നായ്ക്കളെ വളര്‍ത്തി അഴിച്ചു വിട്ടിരിക്കുകയായിരുന്നു റംല ബീഗം. പുറത്തുനിന്ന് നോക്കിയാല്‍ കാണാത്ത വിധത്തില്‍ തുണിയും ഇട്ട് മറച്ചിരുന്നു.കുട്ടികളുടെ അമ്മ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ റംല ബീഗത്തിനെ കൂട്ടികൊണ്ടുവന്നത്. നമ്പൂതിരി എന്ന് പറഞ്ഞാണ് ഇവര്‍ ഇയാളെ വിവാഹം കഴിച്ചത്. എന്നാല്‍ മുസ്ലിം സ്ത്രീയായ ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ അച്ചടക്കം പഠിപ്പിക്കാനെന്നപേരില്‍ കൂടുതല്‍ മര്‍ദിച്ചാല്‍ 324ാം വകുപ്പ് മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും വിചാരണ കോടതി നിരീക്ഷിച്ചിരുന്നു. കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണ് മര്‍ദിച്ചതെന്ന പൊലീസിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും വിചാരണ കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഇതാണ് ഹൈക്കോടതി ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ആ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ് ഹൈക്കോടതി വിധിക്കുകയാണ്.
അദിതിയെയും തന്നെയും പ്രതികളായ പിതാവും രണ്ടാനമ്മയും മര്‍ദ്ദിച്ചിരുന്നതായി അദിതിയുടെ സഹോദരന്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കിയിരുന്നു. പ്രതികള്‍ രണ്ട് കുട്ടികളെയും ക്രൂരമായ രീതിയില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതായി അദിതിയുടെ അമ്മ മാവൂര്‍ വെള്ളന്നൂര്‍ എടക്കാട്ട് ഇല്ലത്ത് ശ്രീജയുടെ സഹോദരന്‍ ശ്രീജിത്തും കോടതിയെ അറിയിച്ചിരുന്നു. ഇത് ഹൈക്കോടതിയും ഗൗരവത്തില്‍ എടുത്തു.
പ്രതികളായ ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, ഭാര്യ റംല ബീഗം എന്ന ദേവിക എന്നിവര്‍ മക്കളെ ശാരീരികമായി ഉപദ്രവിക്കുന്നത് പലതവണ കണ്ടതായും ഇത് സംബന്ധിച്ച് റസിഡന്റ്സ് അസോസിയേഷന്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതായും അയല്‍വാസികളായ രമേശ് എസ് കുറുപ്പ്, മുരളി, സുഭാഷ് എന്നിവരും വിചാരണ കോടതിയില്‍ അറിയിച്ചിരുന്നു.
