ഒരു വര്‍ഷം മുമ്പ് പുനര്‍നിര്‍മ്മിച്ച റോഡ്; മുത്തൂര്‍ - മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപം റീല്‍സ് എടുക്കാന്‍ എത്തുന്നത് നാനാ ദിക്കുകളില്‍ നിന്ന് യുവാക്കള്‍; വീണ്ടും അപകടം; ഓട്ടോയില്‍ ഇടിച്ച് ന്യൂജെന്‍ ബൈക്ക്; ജഗന്നാഥന്‍ നമ്പൂതിരിയ്ക്ക് നടപടി താക്കീത് മാത്രം!

Update: 2024-11-20 08:16 GMT

തിരുവല്ല : റീല്‍സ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ന്യൂജന്‍ ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റു. മുത്തൂര്‍ - മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപം നാലംഗ കൗമാരക്കാര്‍ നടത്തിയ റീല്‍സ് ചിത്രീകരണത്തിനിടെ ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം.

കിഴക്കന്‍ മുത്തൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ തിരുവല്ല കിഴക്കന്‍ മുത്തൂര്‍ നാലുവേലില്‍ വീട്ടില്‍ സണ്ണിക്കയാണ് പരിക്കേറ്റത്. സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ജഗന്നാഥന്‍ നമ്പൂതിരി ( 19 ) , ബൈക്ക് ഉടമയും ജഗന്നാഥന്‍ നമ്പൂതിരിയുടെ സുഹൃത്തുമായ കല്ലുപ്പാറ സ്വദേശി കെ ആര്‍ രാഹുല്‍ ( 19 ) എന്നിവരെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുവെച്ച് തിരുവല്ല പോലീസിന് കൈമാറി. അപകടം നടന്ന ഉടന്‍ സംഘാംഗങ്ങളായ രണ്ടുപേര്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

നേര്‍ ദിശയിലുള്ള റോഡിലൂടെ പാഞ്ഞുവന്ന ബൈക്ക് ഓട്ടോറിക്ഷയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തിലാണ് സണ്ണിക്ക് പരിക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റ സണ്ണി തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തിന് കാരണമായ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ഒരു വര്‍ഷം മുമ്പാണ് റോഡ് ഉന്നത നിലവാരത്തില്‍ പുനര്‍ നിര്‍മ്മിച്ചത്.

ഇതിനു ശേഷം രാപകലന്യേ നാനാ ദിക്കുകളില്‍ നിന്നായി റീല്‍സ് എടുക്കുവാന്‍ ചെറുപ്പക്കാര്‍ അടങ്ങുന്ന സംഘം എത്താറുള്ളതായും കാല്‍നട യാത്രക്കാര്‍ക്കടക്കം ഇക്കൂട്ടര്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത് എന്നും പ്രദേശവാസികള്‍ പറഞ്ഞു. ചൊവ്വാഴ്ച ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഈ റോഡില്‍ റീല്‍സ് നടത്തുന്നവരെ കൈകാര്യം ചെയ്യുമെന്ന് കാട്ടി കിഴക്കന്‍ മുത്തൂരിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ നാട്ടുകടവ് പാലത്തിന് സമീപം ബാനറും സ്ഥാപിച്ചിട്ടുണ്ട്.

പരാതിയില്ല എന്ന് പരിക്കേറ്റ സണ്ണി അറിയിച്ചതിനാല്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി പിടിയിലായ യുവാക്കളെ താക്കീത് നല്‍കി പോലീസ് വിട്ടയച്ചു. പക്ഷേ ഈ റോഡിലെ റീല്‍സ് എടുക്കല്‍ പ്രതിസന്ധിയായി തുടരും.

Tags:    

Similar News