റോഷിയെ ജോസ് കെ മാണിയ്‌ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ സിപിഎം തന്ത്രം; കേരളാ കോണ്‍ഗ്രസില്‍ 'റോ' ഗ്രൂപ്പ് എന്ന പേരില്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്നത് വെറും കെട്ടുകഥയെന്ന് റോഷി; മാണിയുടെ പൈതൃകം പിന്തുടരും; ചെയര്‍മാന്‍ പറയുന്നതാണ് അവസാന വാക്കെന്ന് സമ്മതിച്ച് മന്ത്രിയും; കേരളാ കോണ്‍ഗ്രസ് എമ്മിലെ പൊട്ടിത്തെറി മാറുന്നുവോ?

Update: 2026-02-19 05:58 GMT

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുണ്ടെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍. പാര്‍ട്ടിക്കുള്ളില്‍ 'റോ' ഗ്രൂപ്പ് എന്ന പേരില്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്നത് വെറും കെട്ടുകഥയാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവിതകാലത്ത് ഒരിക്കലും പാര്‍ട്ടിക്കുള്ളില്‍ ഇത്തരമൊരു ഗ്രൂപ്പുണ്ടാകില്ലെന്നും താന്‍ അടിയുറച്ച കേരള കോണ്‍ഗ്രസുകാരനാണെന്നും റോഷി വ്യക്തമാക്കി. കെ.എം. മാണിയുടെ പൈതൃകം പിന്തുടരുന്ന തനിക്ക് പാര്‍ട്ടിയുടെ ഐക്യമാണ് വലുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ സിപിഎം നിലപാട് കൂടി മനസ്സിലാക്കിയാണ് റോഷിയുടെ വിശദീകരണം എന്നും സൂചനയുണ്ട്.

ജോസ് കെ. മാണി പാലായില്‍ മത്സരിക്കണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതില്‍ ഒരു ആശയക്കുഴപ്പവുമില്ലെന്നും റോഷി പറഞ്ഞു. പാലായെ അനാഥമാക്കാന്‍ പറ്റില്ല എന്ന നിലപാടാണ് താന്‍ ഉയര്‍ത്തിയത്. സാധാരണക്കാരായ അണികളുടെ ആഗ്രഹമാണ് താന്‍ പ്രകടിപ്പിച്ചത്. ഇതിനെ ജോസ് കെ. മാണി പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും തങ്ങള്‍ തമ്മില്‍ ഒരു തര്‍ക്കവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'എനിക്ക് ചോരത്തിളപ്പാണ്' എന്ന ജോസ് കെ. മാണിയുടെ പ്രതികരണത്തെ സ്‌നേഹപൂര്‍ണ്ണമായ ഒന്നായാണ് താന്‍ കാണുന്നത്. കേരള കോണ്‍ഗ്രസിന് ലഭിക്കുന്ന ഏത് സീറ്റില്‍ മത്സരിച്ചാലും ജോസ് കെ. മാണി ജയിക്കുമെന്ന് റോഷി പ്രത്യാശ പ്രകടിപ്പിച്ചു.

യു.ഡി.എഫിലേക്ക് മടങ്ങാന്‍ പാര്‍ട്ടി നീക്കം നടത്തുന്നു എന്ന വാര്‍ത്തകളും റോഷി അഗസ്റ്റിന്‍ നിഷേധിച്ചു. ഇത്തരമൊരു ചാഞ്ചാട്ടം ഉള്ളതായി പാര്‍ട്ടി ചെയര്‍മാനോ ഔദ്യോഗിക വൃത്തങ്ങളോ പറഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ നിലപാട് ചെയര്‍മാനാണ് വ്യക്തമാക്കാറുള്ളത്. അക്കാര്യത്തില്‍ കൃത്യമായ ആലോചനകള്‍ നടക്കാറുണ്ട്. തന്റെ കടുംപിടുത്തം കാരണമാണ് മുന്നണി മാറാത്തത് എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചെയര്‍മാന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ എല്‍.ഡി.എഫ് മന്ത്രിസഭയിലെ ഏക കേരള കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയില്‍ പാര്‍ട്ടിക്കുള്ളില്‍ റോഷി അഗസ്റ്റിന്റെ സ്വാധീനം വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് 'റോ' ഗ്രൂപ്പ് എന്ന പേരില്‍ ഒരു വിഭാഗം രൂപപ്പെടുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു.

പാലായില്‍ ജോസ് കെ. മാണിയെ തന്നെ മത്സരിപ്പിക്കണമെന്ന് ആവര്‍ത്തിക്കുന്നതിലൂടെ, കഴിഞ്ഞ തവണത്തെ പരാജയത്തിന് പകരം വീട്ടുക എന്ന പാര്‍ട്ടി വികാരം ഉയര്‍ത്തിപ്പിടിക്കാനാണ് റോഷി ശ്രമിക്കുന്നത് എന്നാണ് ഇപ്പോള്‍ റോഷി പറയുന്നത്. ഇത് ജോസ് കെ. മാണിയുടെ മടങ്ങി വരവിനായുള്ള സമ്മര്‍ദ്ദ തന്ത്രമായും കാണാമെന്നും പറയുന്നു. . സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ നിഷ ജോസ് കെ. മാണിയുടെ പേര് ഉയരുന്നത് സ്വാഭാവികമാണെന്നും അവര്‍ നല്ല പൊതുപ്രവര്‍ത്തകയാണെന്നും പറഞ്ഞതിലൂടെ പാര്‍ട്ടിയിലെ മാണി കുടുംബത്തിന്റെ പ്രാധാന്യത്തെ താന്‍ ചോദ്യം ചെയ്യുന്നില്ലെന്ന് റോഷി ഉറപ്പുവരുത്തുന്നു.

മുന്നണി മാറ്റ ചര്‍ച്ചകളില്‍ സി.പി.എമ്മിനോട് ചേര്‍ന്ന് നില്‍ക്കുന്ന ശക്തമായ നിലപാടാണ് റോഷി സ്വീകരിക്കുന്നത്. ഇത് എല്‍.ഡി.എഫില്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനം ഭദ്രമാക്കാന്‍ സഹായിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ മറുവിഭാഗത്തിന് ഇതില്‍ വിയോജിപ്പുണ്ടെന്ന സൂചനകള്‍ ഇപ്പോഴുമുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായിയുമായി ജോസ് കെ മാണി സംസാരിച്ചതായി സൂചനയുണ്ട്. റോഷിയുടെ പരസ്യ പ്രതികരണങ്ങള്‍ കേരളാ കോണ്‍ഗ്രസിനെ ബാധിക്കുമെന്ന സന്ദേശം മുഖ്യന്ത്രിക്ക് ജോസ് കെ മാണി കൊടുത്തുവെന്നാണ് സൂചന.

കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന തരത്തില്‍ ചര്‍ച്ചകളും ചില കോണുകളില്‍ നിന്നുയര്‍ന്നു. ഇതെല്ലാം യുഡിഎഫ് നന്നായി ഉപയോഗിക്കുമെന്ന വിലയിരുത്തല്‍ സിപിഎമ്മിനുണ്ടായി. ഇതിന്റെ തുടര്‍ച്ച കൂടിയാണ് റോഷി അഗസ്റ്റിന്റെ പുതിയ പ്രസ്താവന.

Tags:    

Similar News