140 കോടി ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി നല്‍കിയത് വിസ്മയം; സാങ്കേതികവിദ്യ സാധാരണക്കാരായ ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വലുത്; എഐ ഉച്ചകോടിയില്‍ യുപിഐയെ പുകഴ്ത്തി ഇമ്മാനുവല്‍ മാക്രോണ്‍; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാനുഷിക മുഖമുള്ളതാകണമെന്ന് പ്രധാനമന്ത്രി മോദിയും

140 കോടി ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി നല്‍കിയത് വിസ്മയം;

Update: 2026-02-19 07:04 GMT

ന്യൂഡല്‍ഹി: എഐ ഉച്ചകോടിയില്‍ പങ്കെടുത്ത് ഇന്ത്യന്‍ യുപിഐയെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ യുപിഐയെയും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളെയും പുകഴ്ത്തിയാണ് മാക്രോണ്‍ രംഗത്തുവന്നത്. ലോകത്തെ മറ്റൊരു രാജ്യത്തിനും ഇതുവരെ സാധിക്കാത്ത നേട്ടമാണ് 140 കോടി ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി നല്‍കിയതിലൂടെ ഇന്ത്യ കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ സാധാരണക്കാരായ ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്ത് വര്‍ഷം മുന്‍പ് മുംബൈയിലെ ഒരു തെരുവ് കച്ചവടക്കാരന് ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ പോലും കൃത്യമായ രേഖകളോ വിലാസമോ ഇല്ലാത്ത സാഹചര്യം ഉണ്ടായിരുന്നതിനെക്കുറിച്ച് മാക്രോണ്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇന്ന് അതേ കച്ചവടക്കാരന് തന്റെ ഫോണ്‍ ഉപയോഗിച്ച് രാജ്യത്തെ ആരില്‍ നിന്നും സൗജന്യമായും തല്‍ക്ഷണമായും പണം സ്വീകരിക്കാന്‍ സാധിക്കുന്നുവെന്നത് സാങ്കേതികവിദ്യയുടെ കരുത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ആഗോള ഭാവി രൂപപ്പെടുത്തുന്ന ഈ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. യുപിഐയുടെ പ്രവര്‍ത്തനത്തില്‍ മാക്രോണ്‍ ആകൃഷ്ടനാകുന്നത് ഇത് ആദ്യമായല്ല. 2024-ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ജയ്പൂരിലെ ഹവാ മഹലിന് സമീപമുള്ള കടയില്‍ നിന്ന് ചായ കുടിച്ച ശേഷം പ്രധാനമന്ത്രി മോദി തന്റെ ഫോണ്‍ വഴി പണമടയ്ക്കുന്നത് കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടിരുന്നു.

അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വെറുമൊരു സാങ്കേതിക വിദ്യ മാത്രമല്ലെന്നും അത് മാനവികതയ്ക്ക് മുന്‍ഗണന നല്‍കുന്നതാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026'-ല്‍ എഐ വികസനത്തിനായി ഇന്ത്യ മുന്നോട്ടുവെക്കുന്ന 'മാനവ്' വിഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു.

എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ മനുഷ്യന്‍ വെറുമൊരു 'ഡാറ്റ പോയിന്റ്' ആയി മാറരുതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. എഐ എല്ലാവര്‍ക്കും പ്രാപ്യമാകുന്ന രീതിയില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടണം. പ്രത്യേകിച്ച് ആഗോള തെക്കന്‍ രാജ്യങ്ങളുടെ പുരോഗതിക്കായി ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

എഐ സംവിധാനങ്ങള്‍ ധാര്‍മ്മികവും നീതിയുക്തവുമായ മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കണം, സുതാര്യമായ നിയമങ്ങളും കൃത്യമായ മേല്‍നോട്ടവും ഉറപ്പാക്കുന്ന ഉത്തരവാദിത്ത ഭരണനിര്‍വഹണം, ഡാറ്റയുടെ ഉടമസ്ഥാവകാശം അതത് വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കുമായിരിക്കണം. ദേശീയ പരമാധികാരത്തിന് മുന്‍ഗണന നല്‍കണം, എഐ സാങ്കേതികവിദ്യ ചുരുക്കം ചിലരുടെ കുത്തകയാകരുത്. ഇത് എല്ലാവരിലും എത്തുന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാകണം, നിയമപരമായ സാധുതയുള്ളതും കൃത്യമായി പരിശോധിക്കാവുന്നതുമായ രീതിയിലായിരിക്കണം എഐയുടെ പ്രവര്‍ത്തനം തുടങ്ങി അഞ്ച് പ്രധാന തത്വങ്ങളില്‍ അധിഷ്ഠിതമായാണ് പ്രധാനമന്ത്രി 'മാനവ്' വിഷന്‍ വിശദീകരിച്ചത്.

എഐ സാങ്കേതികവിദ്യയ്ക്ക് വളരാന്‍ ആകാശം പോലെ വിശാലമായ അവസരങ്ങള്‍ നല്‍കണം, എന്നാല്‍ അതിന്റെ കടിഞ്ഞാണ്‍ എപ്പോഴും മനുഷ്യന്റെ കയ്യിലായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ജിപിഎസ് നമുക്ക് വഴി കാണിച്ചുതരും, എന്നാല്‍ ഏത് ദിശയിലേക്ക് പോകണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. അതുപോലെ തന്നെയാകണം എഐയും,' ജിപിഎസ് സംവിധാനത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി അദ്ദേഹം സംസാരിച്ചു.

ഡീപ് ഫേക്ക് അടക്കമുള്ള തെറ്റായ വിവരങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ചും പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഡിജിറ്റല്‍ ലോകത്തെ വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ ഭക്ഷണപ്പൊതികളിലെ ലേബലുകള്‍ പോലെ ആധികാരികത വ്യക്തമാക്കുന്ന സംവിധാനം വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാര്‍, പ്രമുഖ കമ്പനികളുടെ സിഇഒമാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു. എഐ മേഖലയില്‍ ഇന്ത്യ കേവലം ഒരു ഉപഭോക്താവ് മാത്രമല്ല, ലോകത്തെ നയിക്കുന്ന ശക്തിയായി മാറിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ആസൂത്രണം പാളിയത് മൂലം തിക്കിലും തിരക്കിലും ഭാരത് മണ്ഡപത്തിലെ എ.ഐ ഉച്ചകോടി അലങ്കോലമായി. നിയന്ത്രണമില്ലാത്ത ജനത്തിരക്കില്‍ വീര്‍പ്പ് മുട്ടിയ പല സ്റ്റാളുകളില്‍നിന്നും സാധനങ്ങള്‍ മോഷണം പോകുകയും ചെയ്തു. പി.ആര്‍ വര്‍ക്കില്‍ മാത്രം ശ്രദ്ധിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തുവന്നപ്പോള്‍ പാളിച്ചകള്‍ സമ്മതിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മാപ്പു പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ നിര്‍മിതബുദ്ധി ഉച്ചകോടി തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ ഭാരത് മണ്ഡപത്തില്‍ ആരംഭിച്ചത്.

Tags:    

Similar News