ഭീകരാക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തത് ഹോസ്റ്റലിലെ 13-ാം നമ്പര്‍ മുറിയില്‍; ലബോറട്ടറിയില്‍ നിന്ന് രാസവസ്തുക്കളെത്തിച്ച് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിച്ചു; കൃത്യം നടത്തിയതിനു ശേഷം പ്രതികള്‍ രക്ഷപ്പെടാനുള്ള ബ്രെസ കാറും അതേ കാമ്പസില്‍; 'വൈറ്റ് കോളര്‍' ഭീകരസംഘത്തിന്റെ ആവാസകേന്ദ്രം; അല്‍ ഫലാഹ് സര്‍വകലാശാല ഇനി തള്ളിപ്പറഞ്ഞാല്‍ ബന്ധം ഇല്ലാതാകുമോ; വെബ്സൈറ്റിലെ നാക് അംഗീകാരവും വ്യാജം

Update: 2025-11-13 10:35 GMT

ഫരീദാബാദ്: ചെങ്കോട്ടയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനിടെ ഹരിയാനയിലെ അല്‍-ഫലാഹ് സര്‍വകലാശാലാ സംശയത്തിന്റെ നിഴലില്‍. തീവ്രവാദികളായി മാറിയ ഡോക്ടര്‍മാരുടെ സംഘം ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഭീകരാക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തിരുന്നതിന്റെ പ്രധാന കേന്ദ്രം സര്‍വകലാശാല ക്യാമ്പസിലെ ഒരു സാധാരണ ഹോസ്റ്റല്‍ മുറിയാണ് എന്ന കണ്ടെത്താലാണ് ഏറ്റവും ഞെട്ടിക്കുന്നത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലായ 17-ാം നമ്പര്‍ കെട്ടിടത്തിലെ 13-ാം നമ്പര്‍ മുറിയാണ് 'വൈറ്റ് കോളര്‍' ഭീകരസംഘത്തിന്റെ രഹസ്യയോഗങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത് എന്ന് അന്വേഷണത്തില്‍ വ്യക്തമായതായി അധികൃതരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ ഉണ്ടായിരുന്നു പലരും ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്.

കൂടാതെ സര്‍വകലാശാലയിലെ ലബോറട്ടറിയില്‍ നിന്ന് ഹോസ്റ്റല്‍ മുറിയിലേക്ക് രാസവസ്തുക്കള്‍ എങ്ങനെ സംഭരിക്കാമെന്നും രഹസ്യമായി എത്തിക്കാമെന്നും സംഘം ചര്‍ച്ച ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു പോലീസ് ഈ മുറി ഇപ്പോള്‍ സീല്‍ ചെയ്തിരിക്കുകയാണ്. നടത്തിയ പരിശോധനയില്‍ ഇവിടെ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും പെന്‍ ഡ്രൈവുകളും കണ്ടെടുത്തിട്ടുണ്ട്. ഇവിടെ നിന്നും കോഡ് വാക്കുകളും എന്‍ക്രിപ്റ്റഡ് സന്ദേശങ്ങളും അടങ്ങുന്ന രണ്ട് ഡയറികള്‍ കണ്ടെത്തിയിട്ടുണ്ട്. ചെങ്കോട്ട സ്ഫോടനം നടത്തിയ ഡോ. ഉമര്‍ മുഹമ്മദിന്റെയും മുസമിലിന്റേതുമാണ് ഡയറികള്‍.

13-ാം നമ്പര്‍ മുറിയില്‍ നിന്നും രാസവസ്തുക്കളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തുക്കള്‍ അമോണിയം നൈട്രേറ്റും ചെറിയ അളവില്‍ മെറ്റാലിക് ഓക്സൈഡുകളുമായി കൂട്ടിക്കലര്‍ത്തിയാണ് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിച്ചിരുന്നതെന്ന് സംശയിക്കുന്നു. ചെങ്കോട്ട സ്ഫോടനത്തില്‍ അമോണിയം നൈട്രേറ്റ് ഫ്യൂവല്‍ ഓയില്‍ (ANFO) ആണ് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ഇതേ സര്‍വകലാശാലയിലാണ് ജോലി ചെയ്തിരുന്നതെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്നാണ് ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയും ആശുപത്രിയും ശ്രദ്ധാകേന്ദ്രമായത്. സ്ഫോടനം നടക്കുന്നതിന്റെ ഒരു ദിവസം മുന്‍പ്, അല്‍-ഫലാഹ് സര്‍വകലാശാലയില്‍ തന്നെ ജോലി ചെയ്തിരുന്ന ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിന്റെ വാടക വീട്ടില്‍ നിന്ന് 2,900 കിലോഗ്രാം ഐഇഡി നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുത്തിരുന്നു. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ജയ്ഷെ-മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയില്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്ന ഡോക്ടര്‍ ഷഹീന്‍ ഷാഹിദും ഈ സര്‍വകലാശാലയിലെ ജീവനക്കാരിയായിരുന്നു. മുസമ്മിലും ഷഹീനും അറസ്റ്റിലായപ്പോള്‍, ഉമര്‍ സ്ഫോടനത്തില്‍ മരിച്ചു. സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന കശ്മീര്‍ സ്വദേശിയായ നിസാറുള്‍ ഹസ്സന്‍ എന്ന മറ്റൊരു ഡോക്ടറെ കാണാതായിട്ടുണ്ട്.

ഹോസ്റ്റലിലെ 13-ാം നമ്പര്‍ മുറി പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ മുസമ്മിലിന്റേതായിരുന്നു. ഈ മുറിയില്‍ വെച്ച് ഇയാള്‍ തീവ്രചിന്താഗതിക്കാരായ മറ്റ് ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുകയും ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ഏകോപിത സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം. ഡിസംബര്‍ 6-ലെ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതെന്ന് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായത്.

മാത്രമല്ല, ചെങ്കോട്ടയില്‍ നടന്ന സ്ഫോടനവുമായി ബന്ധമുള്ള നാലാമത്തെ കാറ് കണ്ടെത്തിയതും ഇതേ ക്യാമ്പസിലാണ്. മാരുതി സുസുക്കി ബ്രെസ കാറാണ് ഹരിയാനയിലെ ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ പ്രവര്‍ത്തനങ്ങള്‍ അല്‍ ഫലാഹ് സര്‍വകലാശാലയുമായി ബന്ധപ്പെട്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് കരുതുന്ന മറ്റൊരു വാഹനം ഇവിടെനിന്ന് കണ്ടെത്തിയിരിക്കുന്നത്. സര്‍വകലാശാലയുടെ കാമ്പസില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു വാഹനം. കൃത്യം നടത്തിയതിനു ശേഷം പ്രതികള്‍ ഈ കാറില്‍ രക്ഷപ്പെടാനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

ഭീകരസംഘം പിടിക്കപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം മൗനം വെടിഞ്ഞ അല്‍-ഫലാഹ് സര്‍വകലാശാല, സ്ഥാപനത്തിന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ചു. സര്‍വകലാശാലയുടെ ലബോറട്ടറികളില്‍ അനധികൃതമായ വസ്തുക്കളോ രാസവസ്തുക്കളോ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.

അതേ സമയം സര്‍വകലാശാല അധികൃതരെ വെട്ടിലാക്കി നാക് കൗണ്‍സില്‍ രംഗത്ത് എത്തിയിട്ടുണ്ട്. നാക് അംഗീകാരം നേടിയിരുന്നില്ലെന്ന എന്നാണ് വിവരം. സര്‍വകലാശാലാ വെബ്സൈറ്റില്‍ വ്യാജ നാക് അംഗീകാരം കാണിച്ചതില്‍ നാക് കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. അല്‍ ഫലാഹ് സര്‍വകലാശാല നാകിന് വേണ്ടി അപേക്ഷിച്ചിട്ടില്ലെന്നും അംഗീകാരം ലഭിച്ചിട്ടില്ലെന്നും നാകിന്റെ നോട്ടീസില്‍ പറയുന്നു.

നാക് അംഗീകാരമുണ്ടെന്ന് വെബ്സൈറ്റില്‍ നല്‍കുന്നതിലൂടെ അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നാക് വ്യക്തമാക്കി. 'അല്‍ ഫലാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അല്‍ ഫലാ സര്‍വകലാശാല, അല്‍ ഫലാ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി (1997 നാക് എ ഗ്രേഡ്), ബ്രൗണ്‍ ഹില്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി (2008), അല്‍ ഫലാ സ്‌കൂള്‍ ഓഫ് എഡ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗ് (2006, നാക് എ ഗ്രേഡ്) എന്നീ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന ക്യാമ്പസാണ്', എന്നാണ് വെബ്സൈറ്റ് സൂചിപ്പിക്കുന്നത്. നിലവില്‍ ഈ വെബ്സൈറ്റ് ലഭ്യമല്ല.

സര്‍വകലാശാലയോട് വിശദീകരണം ആവശ്യപ്പെട്ട നാക് കൗണ്‍സില്‍ വെബൈസ്റ്റില്‍ നിന്നും നാക് യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പൊതുവായി ലഭ്യമാകുന്ന എല്ലാ ഡോക്യുമെന്റുകളില്‍ നിന്നും ഈ വിവരം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഫരീദാബാദ് കോളേജ് 'മിനി-കാശ്മീര്‍'

'അല്‍-ഫലാഹ്' എന്നത് വിജയം, സമൃദ്ധി, ക്ഷേമം എന്നിവയെ സൂചിപ്പിക്കുന്ന അറബി പദമാണ്. ഫരീദാബാദിലെ ഒരു മെഡിക്കല്‍ കോളേജിന് അത് തികച്ചും അനുയോജ്യമായ പേരായിരുന്നു. നവംബര്‍ 10 ന് ഡല്‍ഹിയില്‍ സ്‌ഫോടനം നടക്കുന്നത് വരെ. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2019 ലാണ് അല്‍-ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ഡോക്ടര്‍മാരുടെ ആദ്യ ബാച്ചിനെ സ്വാഗതം ചെയ്തത്. അതിനുശേഷം, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെക്കൊണ്ട് തിരക്കേറിയ ഒരു വിശാലമായ കാമ്പസായി ഇത് മാറുകയായിരുന്നു. അല്‍-ഫലാഹ് സര്‍വകലാശാലയുടെ സ്ഥാപകന്‍ ജവാദ് അഹമ്മദ് സിദ്ദിഖി ആണ്. മുന്‍ ലക്ചററായിരുന്ന സിദ്ദിഖി ഇപ്പോള്‍ അല്‍-ഫലാഹ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കീഴില്‍ ഏകദേശം ഒരു ഡസനോളം സംരംഭങ്ങളുടെ ഡയറക്ടറും സ്ഥാപകനുമാണ്.

ഡല്‍ഹി സ്‌ഫോടനം നടത്തിയ ഭീകരരുടെ കേന്ദ്രമെന്ന നിലയില്‍ ഈ സര്‍വകലാശാല ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ അപകടകരമായ എന്തെങ്കിലും ആസൂത്രണം ചെയ്യുന്ന ഇടമായി ഇവിടം മാറുമായിരുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാരണം ഈ സര്‍വകലാശാലയുടെ ലക്ഷ്യവും മാര്‍ഗവും സംശയം ജനിപ്പിക്കുന്നതാണ്.

1964 നവംബര്‍ 15 ന് ഹമ്മദ് അഹമ്മദ് സിദ്ദിഖിയുടെ മൂന്ന് ആണ്‍മക്കളില്‍ ഒരാളായി ജനനം. ഭീംറാവു അംബേദ്കറുടെ ജന്മസ്ഥലമായ മധ്യപ്രദേശിലെ മോവിലാണ് അദ്ദേഹം വളര്‍ന്നത്. ജവാദ് അഹമ്മദ് സിദ്ദിഖി ഇന്‍ഡോറിലെ ദേവി അഹല്യ വിശ്വവിദ്യാലയത്തില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് പ്രൊഡക്റ്റ് ഡിസൈനില്‍ ബിടെക് പൂര്‍ത്തിയാക്കി. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം ഡല്‍ഹിയിലേക്ക് താമസം മാറി. 1993 ല്‍ ജവാദ് ജാമിയ മില്ലിയ ഇസ്ലാമിയയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ലക്ചററായി. ജാമിയയില്‍ ജോലി ചെയ്യുന്നതിനിടയില്‍, അദ്ദേഹം ബിസിനസ്സില്‍ മുഴുകി, സഹോദരന്‍ സൗദുമായി ചേര്‍ന്ന് കുറച്ച് ചെറിയ കമ്പനികള്‍ രൂപീകരിച്ചു. ഇതില്‍ അല്‍-ഫലാഹ് ഇന്‍വെസ്റ്റ്മെന്റ്സും ഉള്‍പ്പെടുന്നു, ഇത് ഒടുവില്‍ ഇരുവരെയും മൂന്ന് വര്‍ഷത്തേക്ക് തിഹാര്‍ ജയിലിലാണ് എത്തിച്ചത്.

വലിയ വരുമാനം വാഗ്ദാനം ചെയ്ത് തന്റെ ബിസിനസ് സംരംഭത്തില്‍ നിക്ഷേപിച്ചവര്‍ നല്‍കിയ കേസില്‍ കുരുങ്ങിയായിരുന്നു ജയില്‍വാസം. നിലവിലില്ലാത്ത ചില കമ്പനികളുടെ പേരിലും നിക്ഷേപങ്ങള്‍ സ്വീകരിച്ചു. 2000-ല്‍, കെ.ആര്‍. സിംഗ് എന്നയാള്‍ അല്‍ ഫഹദ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിനെതിരെ ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയില്‍ എഫ്ഐആര്‍ (നമ്പര്‍ 43/2000) ഫയല്‍ ചെയ്തു. ഡല്‍ഹിയിലെ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് അന്വേഷിച്ചത്. ജവാദ് അറസ്റ്റിലായി, തുടര്‍ന്ന് സഹോദരനോടൊപ്പം മൂന്ന് വര്‍ഷത്തിലേറെ ജയിലില്‍ കിടന്നു. 2004 ഫെബ്രുവരിയില്‍ ജവാദിന് ജാമ്യം ലഭിച്ചു. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിയതോടെ 2005 ല്‍ പട്യാല കോടതി കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി.

വിശ്വസനീയമായ സ്രോതസ്സുകളുടെ റിപ്പോര്‍ട്ട് പ്രകാരം2019-ല്‍ അല്‍-ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസിന് മികച്ച തുടക്കമായിരുന്നു. എന്നാല്‍ ക്രമേണ, കോളേജ് കശ്മീരില്‍ നിന്നുള്ള നിരവധി ഡോക്ടര്‍മാരെ നിയമിക്കാന്‍ തുടങ്ങി. ഒരു ന്യൂനപക്ഷ സര്‍വകലാശാലയായതിനാല്‍, കാമ്പസിലെ അന്തരീക്ഷം കൂടുതല്‍ യാഥാസ്ഥിതികമായി. മാനേജ്മെന്റിനെ സ്ഥിതിഗതികള്‍ അറിയിച്ചെങ്കിലും അവഗണിച്ചു.

Tags:    

Similar News