ആക്‌സിയം 4 അണ്‍ഡോകിങ് നാളെ; ഐഎസ്എസില്‍ നിന്നും യാത്രയയപ്പ് നല്‍കും; ഭൂമി തൊടുക ചൊവ്വാ വൈകിട്ട് മൂന്നിന്; തിരികെ എത്തുന്ന യാത്രികര്‍ക്ക് ഏഴ് ദിവസം നിരീക്ഷണം
വാഷിങ്ടണ്‍: ആക്‌സിയം മിഷന്‍-4യുടെ ഭാഗമായ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്ന ഇന്ത്യയുടെ പ്രതിനിധി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ദൗത്യസംഘം നാളെ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. തിങ്കളാഴ്ച വൈകിട്ട് 4.30ന് (അന്താരാഷ്ട്ര സമയം) ഡ്രാഗണ്‍ പേടകം ഐഎസ്എസ്സില്‍നിന്ന് അണ്‍ഡോക്ക് ചെയ്യും. യുഎസ് സ്‌പേസ് ഏജന്‍സിയായ നാസ ദൗത്യത്തിന്റെ അണ്‍ഡോക്കിങ്, തിരിച്ചുപ്രവേശനം തുടങ്ങി എല്ലാ ഘട്ടങ്ങളും തത്സമയം സംപ്രേഷണം ചെയ്യും.
17 ദിവസങ്ങള്‍ക്കുള്ളിലെ ബഹിരാകാശ ജീവിതം പൂര്‍ത്തിയാക്കിയ ശുഭാംശുവിനെയും സംഘത്തെയും ഐഎസ്എസിലെ ജപ്പാന്‍ ബഹിരാകാശ സഞ്ചാരി തക്കുവോ യവനിഷി കമാന്‍ഡറായ സംഘമാണ് യാത്രയയപ്പ് നല്‍കിയത്. ചടങ്ങില്‍ ദൗത്യത്തിനിടയില്‍ നടത്തിയ പ്രധാന പരീക്ഷണങ്ങളുടെയും കണ്ടെത്തലുകളുടെയും വിശദാംശങ്ങള്‍ പങ്കുവച്ചു.
60-ലധികം ശാസ്ത്രീയ പരീക്ഷണങ്ങള്‍, 580 പൗണ്ടിലധികം ചരക്കുമായി ഡ്രാഗണ്‍ പേടകം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് കാലിഫോര്‍ണിയ തീരത്തെ സമുദ്രഭാഗത്താണ് ഇറങ്ങാനിരിക്കുന്നത്. ഇന്ത്യന്‍ വേരുകളുള്ള ബഹിരാകാശ സഞ്ചാരി ശുഭാംശുവിന്റെ മിഷനിലൂടെ ഇന്ത്യയ്ക്ക് ബഹിരാകാശയാത്രാ ചരിത്രത്തില്‍ മറ്റൊരു നേട്ടം കൂടി സ്വന്തമായി.
ഭൂമിയിലേക്ക് തിരിച്ചെത്തിയ ശേഷമുള്ള ഏഴ് ദിവസത്തെ നിരീക്ഷണകാലയളവില്‍ ദൗത്യസമയത്ത് ശാരീരികതലത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തും. ഐഎസ്എസ് ദൗത്യത്തിനായി ഏകദേശം 550 കോടി രൂപയാണ് ഐഎസ്ആര്‍ഒ ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശുഭാംശുവിന്റെ ഐഎസ്എസ് യാത്ര ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ സഹകരണത്തിനും ഗൗരവതാരമായ അന്താരാഷ്ട്ര പങ്കാളിത്തത്തിനും പുതിയ വഴിതെളിച്ചതായി വിദഗ്ധര്‍ വിലയിരുത്തുന്നു.