ധനുഷിന്റെ താരസിംഹാസനത്തെ വകവെക്കാതെ തെന്നിന്ത്യന്‍ താരറാണിയുടെ കടന്നാക്രമണം; നയന്‍സിന്റെ രൂക്ഷ വിമര്‍ശനത്തില്‍ ഞെട്ടി കോളിവുഡ്; സൈബറിടത്തിലും ചൂടേറിയ ചര്‍ച്ചകള്‍; നടനെതിരെ നിയമപോരാട്ടം തുടങ്ങിയ നയന്‍താരയെ പിന്തുണച്ച് കൂടുതല്‍ നടിമാരും; ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ തമിഴകത്തെ ഇളക്കിമറിച്ച് നയന്‍സ്
ധനുഷിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് നയന്‍താര
ചെന്നൈ: നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയെ ചൊല്ലിയുളള തര്‍ക്കത്തിന് പിന്നാലെ നടനും നിര്‍മാതാവും സംവിധായകനുമായ ധനുഷിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് നിയമ പോരാട്ടത്തിന് ഒരുങ്ങുന്ന നടി നയന്‍താരയ്ക്ക് പിന്തുണയുമായി ഒട്ടേറെ താരങ്ങള്‍. നയന്‍താരയുടെ പിറന്നാള്‍ ദിനമായ നവംബര്‍ 18ന് 'നയന്‍താര: ബിയോണ്ട് ദ ഫെയറി ടേല്‍' എന്ന ഡോക്യു-ഫിലിം നെറ്റ്ഫ്‌ലിക്സില്‍ പുറത്തിറങ്ങാനിരിക്കെയാണ് കോളിവുഡിനെ വിറപ്പിച്ച് താരപ്പോര് രൂക്ഷമാകുന്നത്.
നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയെ ചൊല്ലിയുളള സിനിമാ താരങ്ങള്‍ തമ്മിലുളള തര്‍ക്കമാണ് മറനീക്കി പുറത്ത് വന്നത്. ധനുഷ് നിര്‍മ്മാതാവായ'നാനും റൗഡി താന്‍'സിനിമയിലെ ഭാഗങ്ങള്‍ നയന്‍താരയെ കുറിച്ച് നെറ്റ് ഫ്‌ലിക്‌സിന്റെ ഡോക്യൂമെന്ററിയില്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം.
നയന്‍താരയുടെ ഭര്‍ത്താവ് വിഘ്നേശ് ശിവന്‍ സംവിധാനവും നടന്‍ ധനുഷ് നിര്‍മ്മാണവും നിര്‍വഹിച്ച 'നാനും റൗഡി താന്‍' എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയിരുന്നില്ല. ചിത്രത്തിന്റെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് ധനുഷിന്റെ താരസിംഹാസനത്തെ വകവെക്കാതെ കടുത്ത വിമര്‍ശനം ഉന്നയിച്ച് നയന്‍താര നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.
നയന്‍ താരയെ പിന്തുണച്ച് നടിമാരായ നസ്രിയ, പാര്‍വതി തിരുവോത്ത്, അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, മീര നന്ദന്‍, അന്ന ബെന്‍, ഇഷ തല്‍വാര്‍ തുടങ്ങിയവര്‍ പോസ്റ്റിന് കമന്റും ലൈക്കും നല്‍കിയാണ് നയന്‍താരയ്ക്ക് പിന്തുണയുമായെത്തിയത്. നയന്‍താരയ്ക്ക് പിന്തുണ നല്‍കിയ നടിമാരില്‍ നസ്രിയ, പാര്‍വതി, അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവര്‍ ധനുഷിന്റെ നായികമാരായി അഭിനയിച്ചിട്ടുള്ളവരാണ്. നയന്‍താരയുടെ ഭര്‍ത്താവ് വിഘ്നേഷും പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.
നിര്‍മാതാവായ ധനുഷ് എന്‍ഒസി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കാത്തതിനാല്‍ 'നാനും റൗഡി താന്‍' എന്ന സിനിമ തന്റെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താനായില്ലെന്നാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നയന്‍താര വിമര്‍ശിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. ചിത്രത്തിന്റെ സംവിധാനം വിഘ്നേഷ് ശിവനും നിര്‍മാതാവ് ധനുഷുമായിരുന്നു. നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക.'ചിത്രത്തിലെ പാട്ടുകളായിരുന്നു തന്റെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താന്‍ ഏറ്റവും മികച്ചത്.
എന്നാല്‍ രണ്ടുവര്‍ഷത്തോളം അഭ്യര്‍ത്ഥിച്ചിട്ടും ധനുഷ് എന്‍ഒസി നല്‍കാത്തതിനാല്‍ അത് ഉപേക്ഷിക്കേണ്ടി വന്നു. ചിത്രത്തിലെ പാട്ടുകളോ രംഗങ്ങളോ ഫോട്ടോഗ്രാഫുകളോ പോലും ഉപയോഗിക്കാന്‍ ധനുഷ് അനുമതി നിഷേധിച്ചു. വളരെ സുപ്രധാനമായ ഈ ഭാഗം ഇല്ലാതെയാണ് തന്നെ കുറിച്ചുളള ഡോക്കുമെന്ററി റിലീസ് ചെയ്യുന്നത്. നിങ്ങളുടെ വ്യക്തിപരമായ പകയാണ് ഇതിന് കാരണമെന്നും നയന്‍ താര ആരോപിക്കുന്നു. ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിനുശേഷം താങ്കളയച്ച വക്കീല്‍ നോട്ടീസ് ആണ് ഏറെ ഞെട്ടിച്ചതെന്നും നയന്‍ താര തുറന്നുപറയുന്നു.
സിനിമയിലെ പിന്നണി ദൃശ്യങ്ങള്‍ അതും ഞങ്ങളുടെ ഉപകരണങ്ങളില്‍ ഷൂട്ട് ചെയ്ത വെറും മൂന്ന് സെക്കന്റുകള്‍ മാത്രമുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നിങ്ങള്‍ പത്ത് കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ഞങ്ങളിത് നിയമപരമായി തന്നെ നേരിടും. ചിത്രം ഒരു വലിയ ബ്‌ളോക്ക്ബസ്റ്ററായത് നിങ്ങളുടെ ഈഗോയെ ബാധിച്ചു. ലോകത്തിന് മുന്നില്‍ മുഖം മൂടി അണിഞ്ഞാണ് നിങ്ങള്‍ നടക്കുന്നത്. ലോകം എല്ലാവര്‍ക്കും ഉള്ളതാണ്. സിനിമ പാരമ്പര്യമില്ലാത്ത ഒരാള്‍ വലിയ വിജയങ്ങള്‍ നേടുന്നത് നല്ലതാണെന്ന് മനസിലാക്കണം, നിങ്ങള്‍ക്കറിയാവുന്നവരും ജീവിത്തില്‍ മുന്നോട്ട് വരട്ടെ'- എന്നായിരുന്നു നയന്‍താര പോസ്റ്റില്‍ പറഞ്ഞത്.
ഓഡിയോ ലോഞ്ചുകളില്‍ കാണുന്ന മുഖം അല്ല യഥാര്‍ത്ഥത്തില്‍ ധനുഷിന്റേത്. ധനുഷ് മുഖം മൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ്. ദൈവത്തിന്റെ കോടതിയില്‍ ധനുഷ് ന്യായീകരിക്കേണ്ടി വരും. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണത തിരിച്ചറിയണം. കള്ളക്കഥകള്‍ മെനഞ്ഞ് താങ്കള്‍ ന്യായീകരിക്കാന്‍ ശ്രമിക്കുമായിരിക്കും.
ദൈവം എല്ലാം കാണുന്നുണ്ടെന്നും ധനുഷ് മറ്റുള്ളവറുടെ ദൗര്‍ഭാഗ്യങ്ങളില്‍ സന്തോഷിക്കുന്ന വ്യക്തിയെന്നും നയന്‍താര തുറന്നടിക്കുന്നു. ധനുഷില്‍ നിന്നും എന്‍ഒസി ലഭിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടി വന്നുവെന്നും അതാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകാനുള്ള കാരണമെന്നും നയന്‍താര പറയുന്നുണ്ട്. മൂന്ന് പേജുള്ള തുറന്ന കത്തിലൂടെയാണ് താരം ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
നടനും നിര്‍മാതാവുമായ ധനുഷിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എത്തിയ നയന്‍താരയുടെ കത്ത് സിനിമാ പ്രവര്‍ത്തകരെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് നടിയുടെ പ്രതികരണം. നയതാരയെയും പങ്കാളിയെയും ധനുഷ് നിരന്തരമായി ദ്രോഹിക്കുന്നു എന്നും കത്തില്‍ പറയുന്നു. തനിക്ക് 10 കോടി രൂപയുടെ വക്കീല്‍ നോട്ടീസ് അയച്ചതിനെ 'നീചമായ' പ്രവര്‍ത്തി എന്നും നയന്‍താര വിളിച്ചു.
നടന്‍ ധനുഷിനെതിരെ തുറന്നടിച്ച് നയന്‍താര രംഗത്ത് വന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുമായി നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനുമായ വിഘ്നേശ് ശിവനും രംഗത്ത് വന്നു. ധനുഷ് മുന്‍പ് ഒരു വേദിയില്‍ വെച്ച് സംസാരിക്കുന്ന വീഡിയോയ്‌ക്കൊപ്പം 10 കോടി ആവശ്യപ്പെട്ടുകൊണ്ട് ധനുഷ് നയന്‍താരയുടെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിക്ക് അയച്ച വക്കീല്‍ നോട്ടീസും പങ്കുവച്ചുകൊണ്ടാണ് വിഘ്നേശ് ശിവന്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.
'നമുക്ക് ഒരാളുടെ മേലെയുള്ള ഇഷ്ടം മറ്റൊരാള്‍ക്ക് മേലെയുള്ള വെറുപ്പായി മാറാതിരിക്കണം. ഒരാള്‍ നന്നായിരുന്നാല്‍ മറ്റൊരാള്‍ക്ക് അത് ഇഷ്ടപെടാത്ത രീതിയിലേക്ക് ലോകം മാറിയിരിക്കുന്നു. ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക, ആരെയും വെറുക്കേണ്ട കാര്യമില്ല. ഒരാളെ ഇഷ്ടപെട്ടാല്‍ അയാളെ ചേര്‍ത്തുനിര്‍ത്തുക. ഇല്ലെങ്കില്‍ അയാളെ മാറ്റിനിര്‍ത്തുക', എന്നാണ് പഴയൊരു ചടങ്ങില്‍ കൈയ്യടിയോടെ ധനുഷ് പറയുന്നത്.
ഇതൊക്കെ വിശ്വസിക്കുന്ന ചില നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും 'ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ'. മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റം ഉണ്ടാക്കും അവരുടെ സന്തോഷത്തില്‍ ആനന്ദിക്കാനും അവര്‍ക്ക് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു വിഘ്നേശ് ശിവന്‍ വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.
നയന്‍താരയെ പിന്തുണച്ച് ധനുഷിന്റെ മറ്റ് നായികമാരും
നയന്‍താരയെ പിന്തുണച്ച് നസ്രിയ, പാര്‍വതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, ഗീതു മോഹന്‍ദാസ് അടക്കമുള്ള താരങ്ങള്‍. ലവ്, ഫയര്‍ തുടങ്ങിയ സ്‌മൈലി കമന്റ് ആയി രേഖപ്പെടുത്തിയായിരുന്നു പാര്‍വതിയുടെ പിന്തുണ. പാര്‍വതിയുടെ കമന്റിന് നയന്‍താരയും ലൈക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് ആദരവ് തോന്നുന്നുവെന്ന് ഇഷ തല്‍വാര്‍ കുറിച്ചു.
''നിങ്ങള്‍ ഒരു പ്രധാന വിഷയമാണ് ശ്രദ്ധയില്‍ കൊണ്ടു വന്നിരിക്കുന്നത്. കലാകാരന്മാര്‍ക്ക്, പ്രത്യേകിച്ച് അഭിനേത്രികള്‍ക്ക് നമ്മുടെ ബൗദ്ധിക സ്വത്തില്‍ അവകാശമില്ല. കരാര്‍ തൊഴിലാളിക്ക് പകരം ഒരു ഓഹരി ഉടമയുടെ സ്ഥാനത്ത് നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വ്യവസ്ഥാപരമായ മാറ്റം കൊണ്ടുവരേണ്ട സമയമാണിതെന്ന് ഞാന്‍ കരുതുന്നു.''ഗായത്രി ശങ്കറിന്റെ പ്രതികരണം.
അനുപമ പരമേശ്വരന്‍, ഗൗരി കിഷന്‍, അഞ്ജു കുര്യന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ തുടങ്ങിയ മലയാളി നായികമാരും നയന്‍താരയുടെ പോസ്റ്റ് ലൈക് ചെയ്തിട്ടുണ്ട്. ഇതില്‍ അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ, പാര്‍വതി തിരുവോത്ത് എന്നിവര്‍ ധനുഷിനൊപ്പം ഒന്നിച്ച് അഭിനയിച്ചവരുമാണ്.
നയന്‍താരയുടെ കത്തിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട ധനുഷ് കെ രാജ,
S/o കസ്തൂരി രാജ, B/o സെല്‍വരാഘവന്‍
നിരവധി തെറ്റായ കാര്യങ്ങള്‍ ശരിയാക്കാന്‍ വേണ്ടിയുള്ള തുറന്ന കത്താണിത്.
നിങ്ങളുടെ അച്ഛന്റെയും മികച്ച സംവിധായകനായ സഹോദരന്റെയും പിന്തുണയും അനുഗ്രഹവുമുള്ള താങ്കളെപ്പോലുള്ള ഒരു നല്ല നടന്‍, ഇത് വായിച്ച് മനസ്സിലാക്കേണ്ടതുണ്ട്. നമുക്കെല്ലാവര്‍ക്കും അറിയാവുന്ന സിനിമ എന്നെപ്പോലുള്ളവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. ഈ വ്യവസായത്തില്‍ യാതൊരു ബന്ധവുമില്ലാത്ത സെല്‍ഫ് മെയ്ഡായ സ്ത്രീയാണ് ഞാന്‍, ഇന്ന് ഞാന്‍ വഹിക്കുന്ന സ്ഥാനത്തേക്ക് എത്താന്‍ ഏറെ പാടുപെടേണ്ടി വന്ന ഒരാള്‍. എന്നെ അറിയുന്നവരെ സംബന്ധിച്ച് ഇതൊരു രഹസ്യമല്ല.
എന്റെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുടെ റിലീസ് ഞാന്‍ മാത്രമല്ല, എന്റെ നിരവധി ആരാധകരും അഭ്യുദേയകാംക്ഷികളും ഏറെ കാത്തിരുന്നു. ഞങ്ങള്‍ക്ക് നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രോജക്ട് കൊണ്ടുപോവാന്‍ സിനിമാ സുഹൃത്തുക്കളും മുഴുവന്‍ ടീമും വേണ്ടി വന്നു.
സിനിമയ്ക്കെതിരെയും, എന്നോടും എന്റെ പങ്കാളിയോടും നിങ്ങള്‍ തീര്‍ക്കുന്ന പ്രതികാരം ഞങ്ങളെ മാത്രമല്ല, ഈ പ്രോജക്ടിനായി പരിശ്രമവും സമയവും നല്‍കിയ ആളുകളെയും ബാധിക്കുന്നു. എന്നെയും എന്റെ ജീവിതത്തെയും എന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഈ നെറ്റ്ഫ്‌ളിക്‌സ്‌ഡോക്യുമെന്ററിയില്‍ ഇന്‍ഡസ്ട്രിയിലെ അഭ്യുദേയകാംക്ഷികളില്‍ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളില്‍ നിന്നുള്ള ഓര്‍മകളും ഉള്‍പ്പെടുന്നു, എന്നാല്‍ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ചിത്രമായ 'നാനും റൗഡി താന്‍' ഉള്‍പ്പെടുത്തിയിട്ടില്ല.
ഞങ്ങളുടെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി റിലീസിന് നിങ്ങളുടെ എന്‍ഒസി (നോണ്‍ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) കിട്ടാനായി കാത്തിരുന്ന നീണ്ട രണ്ട് വര്‍ഷത്തിന് ശേഷം, നിങ്ങളത് അനുവദിക്കാന്‍ വിസമ്മതിച്ചതിനാല്‍, നിലവിലെ പതിപ്പ് ഉപേക്ഷിക്കാനും വീണ്ടും എഡിറ്റ് ചെയ്യാനും പരിഹരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. നാനും റൗഡി താനിലെ പാട്ടുകളോ വിഷ്വല്‍ കട്ടുകളോ, ഫോട്ടോഗ്രാഫുകളോ ഉപയോഗിക്കാന്‍ ഒന്നിലധികം തവണ അഭ്യര്‍ഥിച്ചിട്ടും നിങ്ങള്‍ അനുവദിച്ചില്ല.
നാനും റൗഡി താനിലെ ഗാനങ്ങള്‍ ഞങ്ങളെ സംബന്ധിച്ച് വിലമതിക്കപ്പെടുന്ന ഒന്നാണ്. കാരണം ആ വരികള്‍ വന്നത് യഥാര്‍ഥ വികാരങ്ങളില്‍ നിന്നാണ്. ഞങ്ങളുടെ ഡോക്യുമെന്ററിയില്‍ ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇതിലും മികച്ച പാട്ടുകള്‍ ഇല്ലെന്നറിഞ്ഞുകൊണ്ട് തന്നെ, നിങ്ങളതിനു വിസമ്മതിച്ചപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു.
ബിസിനസ്സ് നിര്‍ബന്ധങ്ങളാലോ പണസംബന്ധമായോ പ്രശ്‌നങ്ങളോ ആണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ അതു മനസ്സിലാക്കാവുന്നതാണ്; എന്നാല്‍ താങ്കളുടെ ഈ തീരുമാനം ഞങ്ങളോടുള്ള വ്യക്തിപരമായ വിദ്വേഷം തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നും നിങ്ങള്‍ ഇത്രയും കാലം മനഃപൂര്‍വം മൗനം പാലിക്കുകയായിരുന്നു എന്നും അറിയുന്നത് വേദനാജനകമാണ്.
നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് ശേഷം ലഭിച്ച നിങ്ങളുടെ വക്കീല്‍ നോട്ടീസ് അതിലും ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങളുടെ സ്വകാര്യ ഉപകരണങ്ങളില്‍ ചിത്രീകരിച്ച ചില വിഡിയോകളുടെ (വെറും 3 സെക്കന്‍ഡ്) ഉപയോഗത്തെ നിങ്ങള്‍ ചോദ്യം ചെയ്തതു കണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. അതും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇതിനകം തന്നെ പരസ്യമായി പ്രത്യക്ഷപ്പെട്ട ബിടിഎസ് ദൃശ്യങ്ങള്‍ക്കും മറ്റും 10 കോടി രൂപ നിങ്ങള്‍ ക്ലെയിം ചെയ്തു.
കേവലം 3 സെക്കന്‍ഡിനുള്ള നഷ്ടപരിഹാരമായി കോടികള്‍. ഇത് വളരെ മോശമായി പോയി. ഇത് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നു. ഓഡിയോ ലോഞ്ചുകളില്‍ ചിത്രീകരിക്കപ്പെടുന്ന നിങ്ങളുടെ പകുതിയെങ്കിലും നന്മ നിങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ, നിങ്ങള്‍ പ്രസംഗിക്കുന്നത് നിങ്ങള്‍ ചെയ്യുന്നില്ല, കുറഞ്ഞത് എന്റെയും എന്റെ പങ്കാളിയുടെയും കാര്യത്തില്‍.
ഒരു നിര്‍മ്മാതാവ് സെറ്റിലെ എല്ലാ വ്യക്തികളുടെയും ജീവിതത്തെയും സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്ന ഒരു ചക്രവര്‍ത്തിയാകുമോ? ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശത്തില്‍ നിന്നുള്ള എന്തെങ്കിലും വ്യതിയാനം നിയമപരമായ പ്രത്യാഘാതങ്ങളെ വിളിച്ചു വരുത്തുമോ?
നിങ്ങളുടെ നിയമപരമായ അറിയിപ്പ് എനിക്ക് ലഭിച്ചു. നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ ഞങ്ങള്‍ അതിനോട് ഉചിതമായി പ്രതികരിക്കും. ഞങ്ങളുടെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിക്ക് വേണ്ടി നാനും റൗഡി താനുമായി ബന്ധപ്പെട്ട എലമെന്റുകള്‍ ഉപയോഗിക്കുന്നതിന് എന്‍ഒസി നല്‍കാനുള്ള നിങ്ങളുടെ വിസമ്മതം പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടു നിങ്ങള്‍ക്ക് കോടതിയില്‍ ന്യായീകരിക്കാനായേക്കാം. എന്നാല്‍ അതിലൊരു ധാര്‍മ്മിക വശമുണ്ടെന്ന് ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അത് ദൈവത്തിന്റെ കോടതിയില്‍ പ്രതിരോധിക്കേണ്ടപ്പെടും.
സിനിമ പുറത്തിറങ്ങി ഏകദേശം 10 വര്‍ഷമായി, ലോകത്തിന് മുന്നില്‍ മുഖംമൂടി ധരിച്ച് ഒരാള്‍ ഇപ്പോഴും നീചമായി തുടരാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. ഒരു നിര്‍മാതാവ് എന്ന നിലയില്‍ നിങ്ങളുടെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ആ ചിത്രം മാറിയിട്ടും, ഇന്നും എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു സിനിമയായതു മാറിയിട്ടും നിങ്ങള്‍ ആ സിനിമയെ കുറിച്ചു പറഞ്ഞ ഭയാനകമായ കാര്യങ്ങള്‍ ഞാന്‍ മറന്നിട്ടില്ല. റിലീസിന് മുമ്പായി നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ ഇതിനകം ഞങ്ങള്‍ക്ക് ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. സിനിമ ബ്ലോക്ക്ബസ്റ്റര്‍ ആയതു നിങ്ങളുടെ ഈഗോയെ വല്ലാതെ വേദനിപ്പിച്ചതായി ഫിലിം സര്‍ക്കിളുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കി. ഈ സിനിമയുമായി ബന്ധപ്പെട്ട അവാര്‍ഡ് ചടങ്ങുകളിലൂടെ (ഫിലിംഫെയര്‍ 2016) അതിന്റെ വിജയത്തെക്കുറിച്ചുള്ള നിങ്ങളുടെ അതൃപ്തി സാധാരണക്കാര്‍ക്ക് പോലും വ്യക്തമായി മനസ്സിലാക്കാനാവും.
ബിസിനസ്സ് കിടമത്സരത്തിനപ്പുറം, പൊതുജീവിതത്തിലെ പ്രമുഖ വ്യക്തികള്‍ മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ വലിയ തോതില്‍ കൈകടത്തുന്നില്ല. മര്യാദയും മാന്യതയും വിശാലഹൃദയത്തോടെയുള്ള പെരുമാറ്റവും അത്തരം കാര്യങ്ങളില്‍ നിര്‍ബന്ധമാണ്. തമിഴ്‌നാട്ടിലെ ജനങ്ങളോ ശരിയായ മനഃസാക്ഷിയുള്ളവരോ അത്തരം സ്വേച്ഛാധിപത്യത്തെ അഭിനന്ദിക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു, അത് നിങ്ങളെപ്പോലുള്ള ഒരു സ്ഥാപിത വ്യക്തിത്വത്തില്‍ നിന്നാണെങ്കിലും.
നിങ്ങള്‍ക്ക് മുന്‍പരിചയമുള്ളവരുടെ വിജയങ്ങളില്‍ അസ്വസ്ഥനാകാതിരിക്കൂ. നിങ്ങള്‍ക്ക് മനസമാധാനം ഉണ്ടാകട്ടെ എന്ന് ഞാന്‍ ഈ കത്തിലൂടെ ആശംസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
ഈ ലോകം എല്ലാവരുടേതുമാണ്. എല്ലാവര്‍ക്കുമുള്ളതാണ്. നിങ്ങള്‍ക്ക് പരിചയമുള്ളവരും ജീവിതത്തില്‍ ഉയര്‍ന്നുവരുന്നത് സാധാരണമാണ്. വന്‍ സിനിമാപാരമ്പര്യമില്ലാത്തവരും ഉയരങ്ങളില്‍ എത്തുന്നത് സാധാരണമാണ്. ചില മനുഷ്യര്‍ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതും, സ്‌നേഹം കണ്ടെത്തുന്നതും സാധാരണമാണ്. ഇതൊന്നും നിങ്ങളില്‍നിന്നും ഒന്നും അപഹരിക്കുന്നില്ലല്ലോ. മേല്‍പ്പറഞ്ഞതെല്ലാം ജനങ്ങളുടെ കരുണയിലും സ്‌നേഹത്തിലും കഠിനാധ്വാനത്തിന്റെ ബലത്തിലും ഉണ്ടാകുന്നതാണ്.
ചില കള്ളക്കഥകളുണ്ടാക്കി പഞ്ച് വാചകങ്ങള്‍ ചേര്‍ത്ത് അടുത്ത ഓഡിയോ ലോഞ്ചില്‍ നിങ്ങള്‍ പറയുമായിരിക്കും. അതും ദൈവം കാണുന്നുണ്ടെന്നു ഓര്‍ക്കൂ. നിങ്ങളുടെ വാക്ചാതുരിയിലേക്ക് ഒരു ജര്‍മന്‍ വാക്ക് ഞാന്‍ ചേര്‍ത്തോട്ടെ; അത് 'schadenfreude' (മറ്റുള്ളവരുടെ നിര്‍ഭാഗ്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്ന സ്വഭാവം) എന്നതാണ്. ഇനി മേലാല്‍ നിങ്ങള്‍ ആ വികാരം ഞങ്ങളുമായോ മറ്റാരുമായോ ഇനി ആസ്വദിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.
ഈ വിശാലമായ ലോകത്ത് താഴെക്കിടയിലുള്ളവരുടെ ജീവിതങ്ങളിലേക്ക് നോക്കാനും മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ സന്തോഷം കണ്ടെത്താനും, അപരന്റെ കഥകളില്‍ ആനന്ദം അറിയാനും എളുപ്പമാണെന്നും മനസിലാക്കുമല്ലോ. ഞങ്ങളുടെ ഈ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുടെ ഉദ്ദേശങ്ങളില്‍ ഒന്ന് അതുകൂടിയാണ്. ഇത് കാണൂ, ചിലപ്പോള്‍ നിങ്ങളുടെ മനസ്സ് മാറിയാലോ. സ്‌നേഹത്തോടെയിരിക്കുകയെന്നത് വളരെ പ്രധാനമാണ്. വെറുതെ വാക്കാല്‍ പറയുക മാത്രമല്ലാതെ നിങ്ങള്‍ക്ക് അതിനു മുഴുവനായും സാധിക്കട്ടേയെന്നു ആത്മാര്‍ഥമായി ഞാന്‍ ആഗ്രഹിക്കുന്നു. പ്രാര്‍ഥിക്കുന്നു.
ഓം നമഃ ശിവായ