അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന ആളല്ല; മന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് എ കെ ശശീന്ദ്രന്‍; മന്ത്രിസ്ഥാനം മാറുന്ന ധാരണ ഉണ്ടായിരുന്നുവെന്ന് ദേശീയ നേതൃത്വം ഇപ്പോളാണ് പറഞ്ഞതെന്നും പ്രതികരണം

മന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് എ കെ ശശീന്ദ്രന്‍

Update: 2024-09-30 08:15 GMT

തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മന്ത്രി സ്ഥാനത്ത് നിന്നൊഴിയാന്‍ സന്നദ്ധത അറിയിച്ച് എ കെ ശശീന്ദ്രന്‍. തോമസ് കെ തോമസിന് അവസരം നല്‍കണമെന്ന് എന്‍സിപി പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ ആവശ്യപ്പെട്ടു. രാജിവെക്കില്ലെന്നും സ്ഥാനമൊഴിയില്ലെന്നും ഒരു സ്ഥലത്തും താന്‍ പറഞ്ഞിട്ടില്ല, പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയ കുഴപ്പമുണ്ടാക്കാന്‍ കാരണം വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാത്തതാണെന്നും ദേശീയ നേതൃത്വമാണ് ഇക്കാര്യം അറിയിക്കേണ്ടതെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

സംസ്ഥാന നേതൃത്വവുമായി ഒരുതരത്തിലുള്ള അഭിപ്രായഭിന്നതയുമില്ല, പാര്‍ട്ടിക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും ശശീന്ദ്രന്‍ പറഞ്ഞു. തീരുമാനം വരുന്നതിനു മുന്‍പേ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നവര്‍ അത് ഉചിതമാണോ എന്ന് ആലോചിക്കണമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിസ്ഥാനം മാറുന്ന ധാരണ ഉണ്ടായിരുന്നു എന്ന് ദേശീയ നേതൃത്വം ഇപ്പോളാണ് പറഞ്ഞത്.

സംഘടനാപരമായി തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ അതിന് തയ്യാറാകണം. മന്ത്രി സ്ഥാനം ഒഴിയുന്നതില്‍ നേതൃത്വത്തിന് എപ്പോള്‍ വേണമെങ്കിലും തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയുന്നതില്‍ തനിക്ക് വൈമനസ്യം ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു. അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന ആളല്ല താന്‍ എന്നും ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം, മന്ത്രി സ്ഥാനം പിടിവലിയിലായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷന്‍ മുംബൈയില്‍ നേതാക്കളുടെ യോഗം വിളിച്ചത്. യോഗത്തില്‍ എന്‍സിപിയുടെ പുതിയ മന്ത്രിയായി തോമസ് കെ തോമസിനെ ഉറപ്പിക്കുകയും ചെയ്തിരുന്നു. മന്ത്രി മാറ്റമെന്ന നിലപാടില്‍ പി സി ചാക്കോയും തോമസ് കെ തോമസും ഉറച്ച് നിന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ കടുത്ത നിലപാടായിരുന്നു എ കെ ശശീന്ദ്രന്‍ സ്വീകരിച്ചിരുന്നത്.

Tags:    

Similar News