ബാങ്ക് കവര്‍ച്ചയ്ക്ക് പ്രചോദനമായത് വെബ് സീരീസ്; ദിവസങ്ങള്‍ നീണ്ട തയാറെടുപ്പ്; രണ്ടാം വെള്ളിയാഴ്ച തിരഞ്ഞെടുത്തതിനും പ്രത്യേക കാരണം; ബാങ്കിന്റെ ടവര്‍ ലൊക്കേഷനില്‍ നിന്നുള്ള മൊബൈല്‍ നമ്പര്‍; സിസിടിവിയിലെ ടീ ഷര്‍ട്ടുകാരന്‍; 'ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോ' എന്ന് അയല്‍വാസിയായ വീട്ടമ്മയും; 'റോബിന്‍ഹുഡ്' ആകാന്‍ ശ്രമിച്ച റിജോയെ കുടുക്കിയത് ഇങ്ങനെ

'റോബിന്‍ഹുഡ്' ആകാന്‍ ശ്രമിച്ച റിജോയെ കുടുക്കിയത് ഇങ്ങനെ

Update: 2025-02-17 12:28 GMT

ചാലക്കുടി: തൃശ്ശൂര്‍ ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവില്‍ കവര്‍ച്ച നടത്തിയ പ്രതി റിജോ ആന്റണിയെ ചാലക്കുടി പൊലീസ് കുരുക്കിയത് പ്രതി അറിയാതെ വിട്ടുകളഞ്ഞ പഴുതുകളില്‍ പിടിച്ചുള്ള അന്വേഷണത്തിലൂടെ. മോഷണ ശേഷം മടങ്ങവെ വസ്ത്രങ്ങളടക്കം മാറ്റിയും സിസിടിവി ദൃശ്യങ്ങളില്‍ പെടാതിരിക്കാന്‍ ഊടുവഴികളിലൂടെ യാത്രചെയ്തും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ നമ്പര്‍പ്ലേറ്റ് അടക്കം മാറ്റിയെങ്കിലും ചില പഴുതുകള്‍ അവശേഷിപ്പിച്ചു.

അതിബുദ്ധിമാനെന്ന് സ്വയം ചിന്തിച്ച് 'റോബിന്‍ ഹുഡ്' ആകാമെന്ന് കരുതി നടത്തിയ ഓപ്പറേഷന്‍ പൊലീസ് പൊളിച്ചത് കൃത്യമായ അന്വേഷണത്തിലൂടെയായിരുന്നു. എന്നാല്‍ മോഷണത്തിന് വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ കയ്യില്‍ കരുതിയതും മോഷണശേഷം വസ്ത്രങ്ങള്‍ പലതവണ മാറ്റിയപ്പോള്‍ ഷൂ മാറ്റാതിരുന്നതുമടക്കം ചില പിഴവുകള്‍ പൊലീസിന് തുമ്പായി.

തെരഞ്ഞെടുത്തത് രണ്ടാം വെള്ളിയാഴ്ച

പ്രതി കവര്‍ച്ച നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. ദിവസങ്ങള്‍ നീണ്ട തയാറെടുപ്പാണ് കവര്‍ച്ചയ്ക്കായി പ്രതിയായ ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആന്റണി നടത്തിയത്. മോഷണം നടത്താനുള്ള തീയതി ആഴ്ചകള്‍ക്കു മുന്നേതന്നെ റിജോ നിശ്ചയിച്ചിരുന്നു. മാസത്തിലെ രണ്ടാം വെള്ളിയാഴ്ചയാണ് കവര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തത്. പോട്ട പള്ളിയില്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയും അവസാന വെള്ളിയാഴ്ചയും പ്രാര്‍ത്ഥനകള്‍ ഉണ്ട്. രണ്ടാം വെള്ളിയാഴ്ച പള്ളിയില്‍ ചടങ്ങുകള്‍ ഇല്ലാത്തതിനാല്‍ ആണ് ഈ ദിവസം തന്നെ പ്രതി തിരഞ്ഞെടുത്തത്.

അക്കൗണ്ടുള്ള ബാങ്കില്‍ തന്നെ മോഷണം

കഴിഞ്ഞദിവസം രാത്രിയോടെയാണ് തൃശ്ശൂര്‍ റൂറല്‍ പോലീസ് റിജോ ആന്റണിയെ പിടികൂടുന്നത്. കടം വീട്ടാനാണ് ബാങ്ക് കൊള്ള നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. ഇതേ ബാങ്കില്‍ അക്കൗണ്ട് ഉള്ള പ്രതി ഇവിടെ പലപ്പോഴായി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 2 മുതല്‍ 2 30 വരെയുള്ള സമയത്താണ് ഉച്ച ഊണിനുള്ള ഇടവേള എന്ന് നേരത്തെ മനസിലാക്കിയ പ്രതി ഈ സമയത്തു തന്നെ ബാങ്കിലെത്തി കൊള്ള നടത്തുകയായിരുന്നു.

ഇതിനു മുമ്പ് ബാങ്ക് കവച്ച നടത്താന്‍ ശ്രമിച്ചപ്പോള്‍ പോലീസിന്റെ ജീപ്പ് കണ്ട് പിന്മാറുകയായിരുന്നു. 15 ലക്ഷം രൂപയാണ് ഇയാള്‍ കവര്‍ന്നത്. ഇതില്‍ നിന്ന് ഒരു കുപ്പി വാങ്ങുകയും. 2.90 ലക്ഷം രൂപ കടം വീട്ടുകയും കുറച്ചു ചെലവാക്കുകയും ചെയ്തു. കുറച്ചു തുക കയ്യില്‍ ഉണ്ടെന്നും പ്രതി പോലീസിന് മൊഴി നല്‍കി. ഇയാളുടെ വാഹനവും കണ്ടെടുത്തു. പ്രതിയെ ഇന്ന് ബാങ്കിലും വീട്ടിലും തെളിവെടുപ്പിനായി കൊണ്ടുവരും.

മോഷണത്തിന് പോകുമ്പോള്‍ ഒരു വസ്ത്രവും മോഷണത്തിന് മുന്‍പും ശേഷവും മറ്റ് രണ്ട് വസ്ത്രങ്ങളും മാറ്റി ഇയാള്‍ പൊലീസിനെ വഴിതെറ്റിക്കാനും ശ്രമിച്ചു. എന്നാല്‍ പ്രതി ധരിച്ചിരുന്ന ഷൂവിന്റെ നിറവും സഞ്ചരിച്ച സ്‌കൂട്ടറുമുപയോഗിച്ച് പൊലീസ് റിജോയെ കുടുക്കുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ ചതിച്ചാശാനെ...

ബാങ്കില്‍ കവര്‍ച്ച നടത്തിയ പ്രതി ചാലക്കുടി സ്വദേശി റിജോ ആന്റണിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് ബാങ്കിന്റെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം. ഒരു സ്‌കൂട്ടറും രണ്ട് ടീഷര്‍ട്ടുകളും കൊണ്ട് പ്രതി പോലീസിനെ വഴിതെറ്റിച്ചെങ്കിലും ബാങ്കിന്റെ ടവര്‍ ലൊക്കേഷനില്‍ നിന്ന് മൊബൈല്‍ നമ്പര്‍ സ്വന്തമാക്കിയ പോലീസ് പ്രതിയെ കുടുക്കുകയായിരുന്നു.

മോഷണ സമയം ബാങ്കിന്റെ സമീപമുള്ള ടവര്‍ ലൊക്കേഷനില്‍ വന്ന എല്ലാ മൊബൈല്‍ നമ്പറുകളും ശേഖരിച്ച പൊലീസ് ഈ മൊബൈല്‍ നമ്പറുകളും ഇതിന്റെ ഉടമസ്ഥരുടെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളുമായി ഒത്തുനോക്കി. ഇത് പ്രയാസമേറിയ ജോലിയായിരുന്നെങ്കിലും ഒരു നിശ്ചിത നമ്പര്‍ ലൊക്കേഷനില്‍ അടുപ്പിച്ച് വരുന്നതായി കണ്ടുപിടിച്ചു.

ടി ഷര്‍ട്ട് ഇട്ട ഒരാളുടെ ദൃശ്യം സിസിടിവികളില്‍ നിന്ന് വ്യക്തമാവുകയും ചെയ്തതോടെയാണ് പ്രതിയിലേക്ക് പോലീസ് എളുപ്പത്തില്‍ എത്തിയത്. മോഷണം നടന്ന് 37 മണിക്കൂറിനൊടുവിലാണ് പ്രതി പൊലീസിന്റെ വലയിലാകുന്നത്.

പ്രചോദനം വെബ് സീരീസ്?

കടം വീട്ടാനാണ് കൊള്ള നടത്തിയതെന്നാണ് റിജോ ആന്റണിയുടെ മൊഴി. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ നാട്ടിലേക്ക് അയച്ച പണം സുഹൃത്തുക്കള്‍ക്ക് ചെലവ് ചെയ്തും മദ്യപിച്ചും റിജോ തീര്‍ത്തു. ഭാര്യ മടങ്ങി വരുമ്പോള്‍ പണം നല്‍കാന്‍ ഇല്ലാത്ത സാഹചര്യം വന്നപ്പോഴാണ് മോഷണം നടത്തിയത്. അടുത്തമാസം ഭാര്യ നാട്ടിലേക്ക് തിരികെ എത്തുമെന്ന അറിയിപ്പ് ലഭിച്ചിരുന്നു. ഭാര്യ ഇയാള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയാണ് റിജോയുടെ അക്കൗണ്ടിലേക്ക് പണം അയച്ചു നല്‍കിയിരുന്നത്. ഈ പണം ആഡംബരത്തിനായി ഉപയോഗിച്ച് ഒടുവില്‍ കടം കുന്നുകൂടി. അങ്ങനെ മോഷണമെന്ന തീരുമാനത്തിലേക്ക് പ്രതി എത്തിയത്.

വീട്ടില്‍ നിന്നാണ് റിജോയെ പൊലീസ് പിടികൂടിയത്. ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ബാങ്കില്‍ മോഷണം നടന്നത്. സ്‌കൂട്ടറില്‍ ഹെല്‍മെറ്റും ജാക്കറ്റും കയ്യുറകളും ധരിച്ചെത്തിയ മോഷ്ടാവ് കത്തികാട്ടി ജീവനക്കാരെ മുറിയിലിട്ട് പൂട്ടി കൗണ്ടറിന്റെ ചില്ല് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.

ബാങ്കിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ ശേഷം കൃത്യമായി പ്ലാന്‍ ചെയ്താണ് കവര്‍ച്ച നടത്തിയത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആള്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. കൂടുതല്‍ പണം എടുക്കാനായി ശ്രമിച്ചെങ്കിലും കൈയില്‍ കിട്ടിയ പണവുമായി സ്ഥലം വിടുകയായിരുന്നുവെന്നും പ്രതിയുടെ മൊഴി. മൂന്ന് മിനിറ്റുകൊണ്ടാണ് ബാങ്കില്‍ കവര്‍ച്ച നടത്തിയത്. കൊള്ളയ്ക്ക് പ്രചോദനമായത് വെബ് സീരീസെന്നും റിപ്പോര്‍ട്ടുണ്ട്. നാല് സംഘമായി തിരിഞ്ഞാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയത്

ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോ..

റിജോയിലേക്ക് പൊലീസിനെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് അയല്‍ക്കാരിയായ വീട്ടമ്മ. ബാങ്കിന്റെ രണ്ടര കിലോമീറ്റര്‍ അകലെയാണ് റിജോയുടെ വീട്. ഈ പരിസരത്ത് പൊലീസ് അന്വേഷണത്തിന് എത്തുമ്പോള്‍ ആളുകളെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ഇതില്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ട വീട്ടമ്മയാണ് ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്ന് പറഞ്ഞത്. ആരാണ് റിജോയെന്ന് ചോദിച്ചപ്പോള്‍ ഇവിടെ അടുത്തുള്ളയാളാണെന്നും ഇതുപോലെ ഒരു സ്‌കൂട്ടര്‍ റിജോയ്ക്കുണ്ടെന്നും വീട്ടമ്മ പറഞ്ഞു.

ഇതോടെ റിജോയുടെ വീട്ടിലേക്ക് പൊലീസ് തിരിച്ചു. അവിടെ പൊലീസെത്തുമ്പോള്‍ സ്‌കൂട്ടര്‍ ഉണ്ടായിരുന്നെങ്കിലും അതിന് കണ്ണാടിയുണ്ടായിരുന്നു. മോഷണം നടത്തുമ്പോള്‍ സ്‌കൂട്ടറിന് കണ്ണാടിയുണ്ടായിരുന്നില്ല. എന്നാല്‍ മോഷണ സമയത്തും അതിനുശേഷവും റിജോ ധരിച്ചിരുന്ന ഷൂ വീടിനു മുന്നിലുണ്ടായിരുന്നു. ഇതോടെയാണ് റിജോ പൊലീസിന്റെ വലയിലാകുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, ശരീരപ്രകൃതമനുസരിച്ച് പ്രതി മലയാളിയായിരിക്കാമെന്ന് ഉറപ്പിച്ചിരുന്നു. കയ്യില്‍ കിട്ടിയതുമായി മടങ്ങുക എന്നതായിരുന്നു റിജോയുടെ ലക്ഷ്യം. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച കത്തി മുന്‍പ് ഗള്‍ഫിലുണണ്ടായിരുന്നപ്പോള്‍ വാങ്ങിയതായിരുന്നു. മോഷണ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ പരമാവധി ക്യാമറയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചിരുന്നു. പെരാമ്പ്ര അപ്പോളോയുടെ ഭാഗത്ത് ചുറ്റി സഞ്ചരിച്ച ശേഷമാണ് വീട്ടില്‍ കയറിയത്. എല്ലാം താന്‍ ഒറ്റയ്ക്കാണ് ചെയ്തതെന്നും ആരുടെയും സഹായം ഇല്ലായിരുന്നെന്നും റിജോ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Tags:    

Similar News