'കണ്ണ് കണ്ടൂടാത്തയാള്‍ എങ്ങനെ സമാധി പീഠത്തിലേക്ക് നടന്നുപോയി? ഗോപന്‍ സ്വാമിക്ക് കണ്ണ് കണ്ടൂടെന്ന് രണ്ടുമാസം മുമ്പ് ഭാര്യയും മോനും പറഞ്ഞു; സമാധിയിരുത്തിയത് തെറ്റായ ഭാഗം, നാട്ടുകാരെയെങ്കിലും അറിയിക്കാമായിരുന്നു, അതുചെയ്തില്ല': മണിയന്‍ എന്ന് പൂര്‍വകാലത്ത് അറിയപ്പെട്ടിരുന്ന ഗോപന്‍ സ്വാമിയെ കുറിച്ച് പരിസരവാസികളുടെ വെളിപ്പെടുത്തലുകള്‍
ഗോപന്‍ സ്വാമിയെ കുറിച്ച് പരിസരവാസികളുടെ വെളിപ്പെടുത്തലുകള്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സമാധി വിവാദം വാര്‍ത്തകളില്‍ ചൂടുപിടിച്ച് നില്‍ക്കെ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തലുകളുമായി അയല്‍വാസികള്‍. ഗോപന്‍ സ്വാമി മുമ്പ് അറിയപ്പെട്ടിരുന്നത് മണിയന്‍ എന്ന പേരിലാണെന്നും അദ്ദേഹം ആദ്യം നെയ്ത്തുവേലയും പിന്നീട് ചുമട്ടുതൊഴിലും ചെയ്തിരുന്നുവെന്നും കഴിഞ്ഞ ദിവസം വിവരങ്ങള്‍ പുറത്തിരുന്നു.
പ്ലാവിളയിലാണ് ആദ്യം താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് നെയ്ത്തു തൊഴില്‍ ചെയ്തത്. പിന്നീട് ചുമട്ടുതൊഴിലാളിയായി. ഇവിടെ നിന്ന് പിന്നീട് ആറാലുംമൂട്ടിലേക്ക് കുടുംബത്തോടൊപ്പം താമസം മാറുകയായിരുന്നു. എഐടിയുസി യൂണിയനിലായിരുന്നു ആദ്യം അംഗത്വമെങ്കിലും പിന്നീട് ബിഎംഎസിലേക്ക് മാറി. ആറാലുംമൂട് ചന്തക്ക് സമീപമാണ് താമസിച്ചിരുന്നത്. ഇരുപത് വര്‍ഷം മുമ്പാണ് കാവുവിളയില്‍ സ്ഥലം വാങ്ങി വീട് വെച്ചത്. പിന്നീട് വീടിനോട് ചേര്‍ന്ന് കൈലാസനാഥന്‍ മഹാദേവര്‍ ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്രത്തിന് പുറത്തായി അഞ്ച് വര്‍ഷം മുമ്പ് സമാധിപീഠവും ഒരുക്കിയിരുന്നു.
അദ്ദേഹത്തെ കുട്ടിക്കാലം മുതലേ അറിയാവുന്ന മധു എന്ന മുന്‍ അയല്‍വാസി മറുനാടനോട് പറഞ്ഞത് ഇങ്ങനെയാണ്:
' ആദ്യത്തെ പേര് മണിയന്‍ എന്നായിരുന്നു. ഗോപന്‍ സ്വാമി എന്ന് ഇവിടെ വന്നതിന് ശേഷമാണ് അറിയപ്പെടുന്നത്. അനിയന്റെ പേര് സദാനന്ദന്‍. അനിയന്‍ മരിച്ചു. മണിയന്‍ ചുമട്ടുതൊഴിലാളിയായിരുന്നു ആറാലുംമൂട്. നേരത്തെ കൂലിപ്പണിയായിരുന്നു. പിന്നീടാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട്
മാറിയത്.
ഒരു അടി പിടി കേസുമായി ബന്ധപ്പെട്ടാണ് ഗോപന്‍ സ്വാമി ആറാലുംമൂട്ട്് മാര്‍ക്കറ്റിന് സമീപത്ത് നിന്ന് ഇപ്പോഴത്തെ താമസസ്ഥലത്തേക്ക് മാറിയത്. അവരുടെ കുടുംബമേ അവിടെ നിന്ന് മാറി പോന്നു. ഇങ്ങോട്ടുവന്നതിന് ശേഷം കാണുമ്പോള്‍ അണ്ണാന്ന് വിളിക്കും. സംസാരിക്കുക ഒക്കെ ചെയ്യും. വല്യ കാര്യമൊക്കെയാണ്. എന്റെ വീട്ടീന്ന് മൂന്നുനാലാമത്തെ വീടാണ്. അന്നൊക്കെ നല്ല വ്യക്തിയായിരുന്നു. അന്ന് ക്ഷേത്രവും കാര്യങ്ങളും ഒന്നുമില്ലായിരുന്നു. ഇവിടെ വന്നതിന് ശേഷമാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടത്. പേര് എങ്ങനെയാണ് മാറിയത് എന്നറിയില്ല. കോവിലുമായി ബന്ധപ്പെട്ടായിരിക്കും. മക്കളെയൊക്കെ കൊച്ചിലെ മാത്രമേ അറിയൂ. വളര്‍ന്നതിന് ശേഷം അറിയില്ല.
സമാധിയിരുത്തിയത് തെറ്റായ ഭാഗമാണ്. നാട്ടുകാരെ ഒക്കെ അറിയിക്കണമായിരുന്നു. സമാധിയിരിക്കുമ്പോള്‍ ജനങ്ങള്‍ എല്ലാം വരുമല്ലോ കാണാന്‍ വേണ്ടി. അത് തെറ്റായ ഭാഗമാണെന്നാണ് എന്റെ അഭിപ്രായം. നാട്ടുകാരെയെങ്കിലും അറിയിക്കാമായിരുന്നു. അച്ഛന്‍ മരിച്ചു, സമാധിയായെന്ന്, അത് ചെയ്യാമായിരുന്നു, അത് ചെയ്തില്ല:- മധു പറഞ്ഞു.
'ഗോപന്‍ സ്വാമിക്ക് മൂന്ന് മക്കളുണ്ടായിരുന്നു. ഒരാള്‍ മരിച്ചുപോയി. ഞാന്‍ ഒരു ദിവസം ഗോപന്‍ സ്വാമിയെ അന്വേഷിച്ചു ചെന്നു. കണ്ണ് കണ്ടൂടെന്ന് ഭാര്യയും മോനും പറഞ്ഞു. ഇനിയിപ്പോള്‍ എനിക്ക് ആരെയും പേടിക്കേണ്ട ആവശ്യമില്ല. കണ്ണ് കണ്ടുകൂടെങ്കില്‍ ഗോപന്‍ സ്വാമിക്ക് വെളിയിലിറങ്ങാന്‍ പറ്റില്ലല്ലോ. ചിലപ്പോള്‍ അപ്പോള്‍ കണ്ണ് തുറന്നിരിക്കാം. ശിവന്‍ കണ്ണ് തുറന്നുകൊടുത്തിരിക്കും. പണിക്ക് പോയപ്പോള്‍ പോസ്റ്റര്‍ കണ്ടു. അപ്പോഴാണ് മരിച്ചെന്ന് അറിഞ്ഞത്. ഇപ്പോഴും ആ പോസ്റ്റര്‍ ഉണ്ട്. യഥാര്‍ത്ഥത്തില്‍ നമുക്കറിയില്ല മരിച്ചോ മരിച്ചില്ലയോ എന്ന്. സമാധിയാക്കിയെന്ന് പറഞ്ഞു. ആള്‍ അതിനകത്തുണ്ടോയെന്ന് അറിയില്ല. കണ്ണ് കണ്ടൂടാത്തയാള്‍ എങ്ങനെ നടന്നവിടെ പോയി.'- അദ്ദേഹം ചോദിച്ചു.
ഗോപന്‍ സ്വാമി കിടപ്പിലായിരുന്നുവെന്നും നാട്ടുകാരെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും അയല്‍വാസികള്‍ പറയുന്നു. ഗോപന്‍സ്വാമിയുടെ മൂത്തമകന്‍ നേരത്തെ മരിച്ചു. പിന്നെയുള്ള രണ്ട് ആണ്‍മക്കളില്‍ ഇളയ ആള്‍ അച്ഛനൊപ്പം പൂജകളില്‍ പങ്കാളിയായി. രക്താതിസമ്മര്‍ദ്ദവും പ്രമേഹവും കാരണം പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് ഗോപന്‍ സ്വാമി തുടര്‍ന്നിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗോപന്‍ സ്വാമി പുറത്തിറങ്ങാനാവാതെ കിടപ്പിലായി.
സമാധിയായെന്ന് മക്കള്‍ പ്രഖ്യാപിച്ചതിന് മൂന്ന് ദിവസം മുമ്പാണ് ചികിത്സക്കായി ഗോപന്‍ സ്വാമി ആശുപത്രിയില്‍ പോയത്. അച്ഛന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്ന് മക്കള്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലിരുത്തിയതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നും പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞു
ഗോപന്‍ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. എങ്ങനെയാണ് ഗോപന്‍ മരിച്ചതെന്ന് കുടുംബം വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി. മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ തുടര്‍ നടപടി നിര്‍ത്തിവയ്ക്കാമെന്നും അല്ലാത്തപക്ഷം സ്ലാബ് തുറക്കുന്നത് സംബന്ധിച്ച നടപടിയില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.