ഓണലൈനിൽ വാങ്ങിയ സാധനം തിരികെ കൊടുത്തത് ഉപയോഗിച്ച ശേഷം; ജീൻസും ഷൂവും യുവതിയുടെ നേർക്ക് എറിഞ്ഞു നൽകി ഡെലിവറി ഏജന്റ്; വൈറലായി വീഡിയോ; 'റിട്ടേൺ പോളിസി'യുടെ ദുരുപയോഗമെന്ന് നെറ്റിസൺസ്

Update: 2025-11-01 12:17 GMT

ഓൺലൈൻ പർച്ചേസുകളിൽ ഉപഭോക്താക്കൾ ഉപയോഗിച്ച ഉൽപ്പന്നങ്ങൾ തിരികെ നൽകുന്നത് സംബന്ധിച്ച് ഡെലിവറി ഏജന്‍റ് പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. യുവതിയും വീട്ടുകാരും ഉപയോഗിച്ചു പഴകിയ ജീൻസും ഷൂസും തിരികെ നൽകാൻ ശ്രമിച്ചുവെന്ന് ആരോപിക്കുന്നതാണ് വീഡിയോ.

ഉപയോഗിച്ചുനോക്കി ഇഷ്ടപ്പെട്ടില്ലെങ്കിൽ നിശ്ചിത ദിവസത്തിനുള്ളിൽ തിരികെ നൽകാമെന്ന വാഗ്ദാനം നൽകിയാണ് പല ഓൺലൈൻ വ്യാപാരസ്ഥാപനങ്ങളും സാധനങ്ങൾ കൈമാറുന്നത്. എന്നാൽ, ഇത്തരം കൈമാറ്റങ്ങളിൽ ഉപയോഗിച്ച സാധനങ്ങൾ തിരികെ നൽകുന്നുവെന്ന പരാതികൾ വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ഡെലിവറി ഏജന്‍റിന്‍റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

വീഡിയോയിൽ, ഡെലിവറി ഏജന്‍റ് കയ്യിൽ കരുതിയിരുന്ന ഒരു കറുത്ത പാന്‍റും മണ്ണ് പറ്റിയ ഒരു ജോഡി വെളുത്ത ഷൂസും കാണിക്കുന്നു. ഇവ ഉപയോഗിച്ചു പഴകിയതാണെന്ന് ഇയാൾ ആരോപിക്കുന്നു. തുടർന്ന്, ഇയാൾ പാന്‍റും ഷർട്ടും യുവതിയുടെ വീടിന് നേർക്ക് തന്നെ എറിഞ്ഞുകൊടുക്കുന്നതും വീഡിയോയിൽ കാണാം. യുവതിയും മറ്റ് മൂന്ന് സ്ത്രീകളും സ്ഥലത്തുണ്ടായിരുന്നു.

ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉപഭോക്താക്കൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. യുവതിയുടെ പ്രവൃത്തി ശരിയായില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ, ഇത്തരം തട്ടിപ്പുകൾ വർധിച്ചു വരികയാണെന്നും സാധനം വാങ്ങി ഒന്നോ രണ്ടോ തവണ ഉപയോഗിച്ച ശേഷം നിലവാരമില്ലെന്ന് പറഞ്ഞ് തിരികെ നൽകുന്നത് വ്യാപകമാണെന്നും മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടി. ഡെലിവറി ഏജന്‍റുമാർക്ക് ഇത്തരം പ്രവൃത്തികൾ കാരണം വലിയ നഷ്ടം സഹിക്കേണ്ടി വരുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു. 'റിട്ടേൺ പോളിസി'യുടെ ദുരുപയോഗമാണ് നടക്കുന്നതെന്നും ഡെലിവറി ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുക്കണമെന്നും ചിലർ കുറിച്ചു.

Tags:    

Similar News