കേരളത്തിലെ വോട്ടര്‍പട്ടിക വിശ്വാസ്യതയുള്ളത്; നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തീവ്ര പരിശോധന വേണ്ടെന്ന് സിപിഎം; എസ് ഐ ആര്‍ ഭരണ സ്തംഭനമാകുന്നുവെന്ന് സര്‍ക്കാര്‍; സ്റ്റേ വേണമെന്ന ആവശ്യവുമായി ലീഗും കോണ്‍ഗ്രസും; വിശദവാദം കേള്‍ക്കാന്‍ സുപ്രീംകോടതി; വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും

Update: 2025-11-19 06:35 GMT

ന്യൂഡല്‍ഹി: കേരളത്തിന്റെ എസ്‌ഐആര്‍ സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആര്‍) നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്. സിപിഎം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പാര്‍ടികളും വിഷയത്തില്‍ ഹര്‍ജി നല്‍കിയിരുന്നു. വെള്ളിയാഴ്ച കേസ് ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ഗവായ് നിര്‍ദേശിച്ചു. എസ് ഐ ആറിന് സ്‌റ്റേ നല്‍കണമെന്നും ആവശ്യമുണ്ട്. ഇതില്‍ കോടതി എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും.

തദ്ദേശ തെരഞ്ഞെടുപ്പിനും വോട്ടര്‍പ്പട്ടിക പുതുക്കലിനും ഉദ്യോഗസ്ഥരെ ഒരേസമയം വിന്യസിക്കേണ്ടിവരുന്നത് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും ഭരണസ്തംഭനമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഹര്‍ജി. തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ 21നകം പൂര്‍ത്തിയാക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് 1,76,000 ഉദ്യോഗസ്ഥരെയും 68,000 പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. എസ്‌ഐആറിനായി 25,668 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നമെന്നും ഹര്‍ജിയില്‍ പറയുന്നു.

എസ്‌ഐആറുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെയും വാദംകേട്ട ജസ്റ്റിസ് വി ജി അരുണ്‍ സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് നിര്‍ദേശിക്കുകയായിരുന്നു. കേരളത്തിലെ വോട്ടര്‍പട്ടികയുടെ വിശ്വാസ്യതയില്‍ ഒരു സംശയവും ഉന്നയിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നല്‍കിയ ഹര്‍ജിയിലും പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്‌ഐആര്‍ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്‌ഐആര്‍ നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കണമെന്നും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടത്തേണ്ടതുള്ളൂ എന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍, കേരളം ഉള്‍പ്പടെ രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്താനുള്ള നിര്‍ദേശത്തില്‍ അതിനുള്ള കാരണം രേഖാമൂലം വിശദീകരിച്ചിട്ടില്ല. അതിനാല്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന എസ്‌ഐആര്‍ നിയമത്തിന്റെ കണ്ണില്‍ നിലനില്‍ക്കുന്നതല്ലെന്നും എം.വി. ഗോവിന്ദന്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകന്‍ ജി. പ്രകാശ് ആണ് ഗോവിന്ദന്റെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

നിലവിലുള്ള വോട്ടര്‍ പട്ടികയുടെ പരിശുദ്ധി ജനപ്രാതിനിധ്യ നിയമത്തിലെ 22, 23 വകുപ്പുകള്‍ പ്രകാരം സംരക്ഷിക്കാവുന്നതാണ്. 2002-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ നാല് നിയമസഭാ തിരഞ്ഞെടുപ്പുകളും അഞ്ച് ലോക്‌സഭാ തിരഞ്ഞെടുപ്പുകളും നടത്തിയിട്ടുണ്ട്. അതിനാല്‍, നിലവില്‍ ഉളള വോട്ടര്‍ പട്ടികയുടെ വിശ്വാസ്യത ചോദ്യംചെയ്യാനാല്ലെന്ന് എം.വി. ഗോവിന്ദന്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആവശ്യമെങ്കില്‍ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ എസ്‌ഐആര്‍ നടത്താവുന്നതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ഹര്‍ജിയില്‍ വ്യക്തമാക്കി.

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടക്കാല ഉത്തരവിലൂടെ തദ്ദേശ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം. എസ്‌ഐആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണപരമായ ബുദ്ധിമുട്ട് സര്‍ക്കാരിന് ഉണ്ടാകുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആ പ്രക്രിയയില്‍ സജീവമായി ഇടപെടാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Similar News