'നമ്മുടെ ആളുകള്‍ക്കെതിരെ പേരാടാന്‍ നമ്മുടെ സൈന്യമോ'? പട്ടിണി മാറ്റാന്‍ ഹമാസിനെതിരെ പേരാടാന്‍ തയ്യാറായി പാക് സൈന്യം; ഗാസയിലെ സ്റ്റെബിലൈസേഷന്‍ ഫോഴ്സിലേക്ക് ആര്‍മിയും കൂലിപ്പടയും; മതവാദികള്‍ ഒന്നടങ്കം അസീം മുനീറിനെതിരെ; പാക്കിസ്ഥാനില്‍ പുതിയ പ്രതിസന്ധി
പാക്കിസ്ഥാനില്‍ പുതിയ പ്രതിസന്ധി
ഒരു കിലോ ചിക്കന് ആയിരം രൂപയും, ഒരു ലിറ്റര്‍ പാലിന് 250 രൂപയമുള്ള ഒരു രാജ്യം! രാത്രി 9 മണി കഴിഞ്ഞാല്‍ ഗ്രാമങ്ങളില്‍ വൈദ്യുതിയില്ല. ആട്ടക്ക് കിലോ 400 രൂപ, പഞ്ചസാരക്ക് 200. ചായപ്പൊടിയില്ലാതെ ജനം ചായകുടി നിര്‍ത്തി. 250 ഗ്രാം ചെറുനാരങ്ങക്ക് 234രൂപ. നെയ്യ് കിലോഗ്രാമിന് 2,895. പെട്രോളിന് ലിറ്ററിന് 252 രൂപ. ഇതുപോലെ വിലക്കയറ്റമുള്ള ഒരു രാജ്യത്തെ ഭൂമിയിലെ നരകം എന്ന് വിശേഷിപ്പിക്കാമെങ്കില്‍ അതില്‍ ഒരു തെറ്റുമില്ല. പാപ്പരായതിനെ തുടര്‍ന്ന് ലോകബാങ്കില്‍ നിന്നൊക്കെ കടമെടുത്തും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സഹായം വാങ്ങിയുമൊക്കെയാണ്, പാക്കിസ്ഥാന്‍ തട്ടിമുട്ടി കടന്നുപോവുന്നത്. ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ മലയാളിയായ ഗീതാ ഗോപിനാഥ് തയ്യാറാക്കിയ പ്ലാന്‍ അനുസരിച്ചുള്ള ലോക ബാങ്ക് പാക്കിസ്ഥാനെ സഹായിക്കുന്നത്.
എന്നാല്‍, കരുതല്‍ നാണയശേഖരം കുത്തനെ ഇടിഞ്ഞ പാക്കിസ്ഥാന്, ഈ സഹായമൊന്നും പോര. ചൈനയില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നും വരെ അവര്‍ വലിയതോതില്‍ വായ്്പ്പയെടുത്തിട്ടുണ്ട്. എന്നിട്ടും രക്ഷയില്ല. അമേരിക്കയില്‍ നിന്നുള്ള വലിയ സഹായത്തിനാണ്, ഇപ്പോള്‍ അവര്‍ ലക്ഷ്യമിടുന്നത്. അതിന് സ്വീകരിച്ചിരിക്കുന്ന വഴിയാവട്ടെ ഇതുവരെയുള്ള പാക്കിസ്ഥാന്റെ സകല രാഷ്ട്രീയ- മത നിലപാടുകള്‍ക്കും എതിരാണ്. ഗാസയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള, ഐഎസ്എഫിന്റെ, (ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്സ്) ഭാഗമായി പാക് ആര്‍മിയും മാറുക എന്നതാണ് അത്. അതായത് ചുരുക്കത്തില്‍ ഗാസയിലെത്തുന്ന പാക് സൈന്യത്തിന് ഹമാസിനെതിരെ പോരാടേണ്ടി വരും. കടുത്ത ഹമാസ് അനുകൂലികളായ പാക്കിസ്ഥാനില്‍ ഇത് കലാപസമാനമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
പട്ടിണി മാറ്റാന്‍ ആര്‍മി
രണ്ട് വര്‍ഷത്തിലേറെയായി ഇസ്രായേലി സൈനിക ബോംബാക്രമണത്തില്‍ തകര്‍ന്ന യുദ്ധത്തില്‍ തകര്‍ന്ന ഫലസ്തീന്‍ പ്രദേശത്ത് പുനഃനിര്‍മ്മാണത്തിനും സാമ്പത്തിക വീണ്ടെടുക്കലിനും വേണ്ടിയുള്ള പരിവര്‍ത്തന കാലയളവ് മേല്‍നോട്ടം വഹിക്കാന്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള സൈനികരെ ഉള്‍ക്കൊള്ളുന്ന ഒരു ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്സ് സ്ഥാപിക്കുക എന്നത് അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ഗാസ സമാധാന കരാറിലെ പ്രധാന നിര്‍ദേശമാണ്. ഇതിലാണ് പാക് ആര്‍മിയും പങ്കാളിയാവുന്നത്.
ഗാസയിലേക്ക് സൈന്യത്തെ വിന്യസിക്കുന്നതിന് പകരമായി യുഎസില്‍ നിന്ന് ദീര്‍ഘകാല സാമ്പത്തിക സഹായം പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പട്ടിണി മാറ്റാന്‍ സ്വന്തം സൈനികരെ ഗാസയിലേക്ക് കയറ്റിവിടാനുള്ള തന്ത്രമാണ് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും, സൈനിക മേധാവി അസിം മുനീറും തയ്യാറാക്കുന്നതെന്ന് പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ദ ഡോണ്‍ തന്നെ പറയുന്നു. പാകിസ്ഥാന്‍, ഗാസ സമാധാന സേനയില്‍ ചേരാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അമേരിക്ക അതിനെ സ്വാഗതം ചെയ്യുന്നുവെന്നും യുഎസ് ഇതിനകം പറഞ്ഞിട്ടുണ്ട്. ഇതിനുള്ളില്‍ പാകിസ്ഥാനുള്ളിലെ എതിര്‍പ്പ് നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. 'നമ്മുടെ ആളുകള്‍ക്കെതിരെ പേരാടാന്‍ നമ്മുടെ സൈന്യത്തെ നിയമിക്കുന്നുവെന്ന്' പറഞ്ഞ് പാക്കിസ്ഥാനിലെ മതമൗലികവാദികള്‍ അസീം മുനീറിനെതിരെ തിരിച്ചിട്ടുണ്ട്. അതിനിടെ പാക്കിസ്ഥാന്‍ കൂലിപ്പട്ടാളത്തെ ഇതിനായി റിക്രൂട്ട്മെന്റ് ചെയ്യുന്നുണ്ട് എന്നും ആരോപണമുണ്ട്. അതായത് പകുതി പേര്‍ ആര്‍മിയും, പകുതി കൂലിക്ക് ജോലിചെയ്യുന്നവരും ആയിരിക്കും. ആര്‍മിയില്‍പോലും വെള്ളം ചേര്‍ക്കേണ്ട ഗതികേടിലേക്കാണ് പാക്കിസ്ഥാന്‍ നീങ്ങുന്നത്!
പക്ഷേ ഗാസയിലെ സേന എങ്ങനെയായിരിക്കണം എന്നതിന്റെ അന്തിമ രൂപമായിട്ടില്ല. സേനയുടെ ഘടന, ആസൂത്രണം, ചട്ടക്കൂട്, നിയമങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി ഒരു ഉന്നതതല യോഗം ഉടന്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാകിസ്ഥാന്‍ ആര്‍മി ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും യുഎസ് സെന്‍ട്രോം കമാന്‍ഡറും തമ്മില്‍ ഉടന്‍ ഒരു കൂടിക്കാഴ്ച നടക്കുമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി പ്രത്യേക നയതന്ത്ര ചര്‍ച്ചകളും നടക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനും ഒരു പ്രതിരോധ പ്രതിനിധി സംഘവും ഉടന്‍ തന്നെ പാകിസ്ഥാന്‍ സന്ദര്‍ശിച്ചേക്കാം. കൂടാതെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് കരുതപ്പെടുന്നു.
പക്ഷേ അതിനിടേ തന്നെ ഗാസയിലേക്ക് സൈന്യത്തെ അയക്കുന്നതിനെതിരെ പാക്കിസ്ഥാനില്‍ വലിയ വികാരം ഉയരുകയാണ്. യുഎസിന്റെ ആവശ്യത്തിനൊപ്പം നിന്നാല്‍ രാജ്യത്ത് വലിയ ആഭ്യന്തരപ്രതിഷേധം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പാക് സൈനികമേധാവി അസിം മുനീര്‍ ഇതുവരെ നേടിയെടുത്ത അധികാരങ്ങളുടെ ഏറ്റവും കഠിനമായ പരീക്ഷണത്തെയാണ് നേരിടുന്നത്.
