കേരള ഗവര്‍ണര്‍ക്ക് മാറ്റം, ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാറിലേക്ക്; പകരം രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരളാ ഗവര്‍ണറാകും; പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് പുതിയ ഗവര്‍ണറെത്തും; അര്‍ലേകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുപ്പമുള്ള ആര്‍എസ്എസ് പശ്ചാത്തലമുള്ള ഗോവയില്‍ നിന്നുള്ള നേതാവ്
കേരള ഗവര്‍ണര്‍ക്ക് മാറ്റം, ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാറിലേക്ക്;
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയിരിക്കുന്നത്. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറായി ചുമതലയേല്‍ക്കും. അര്‍ലേകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുപ്പമുള്ള മുന്‍ ആര്‍എസ്എസുകാരനാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കാണ് മാറ്റം. ജനറല്‍ വി കെ സിംഗിനെ മിസോറം ഗവര്‍ണറായി നിയമിച്ചിട്ടുണ്ട്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ വി കെ സിംഗ് അതൃപ്തനായിരുന്നു. മുന്‍ അഭ്യന്തരസെക്രട്ടറി അജയ്കുമാര്‍ ഭല്ല മണിപ്പൂര്‍ ഗവര്‍ണറായും ഡോ. ഹരി ബാബു കമ്പംപാട്ടി ഒഡീഷ ഗവര്‍ണറായും നിയമിതനായി.
സെപ്തംബര്‍ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടയിലാണ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. ഗോവ നിയമസഭാ മുന്‍ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍. നിലവില്‍ ബിഹാര്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും സ്ഥാനം വഹിച്ച വ്യക്തിയാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍.
ചെറുപ്പം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ആര്‍ലെകര്‍. 1980കളില്‍ തന്നെ ഗോവ ബിജിപെയില്‍ സജീവ സാന്നിധ്യമായിരുന്നു. പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കടലാസ് രഹിത അസംബ്ലിയെന്ന നേട്ടം ഗോവ മന്ത്രിസഭയ്ക്ക് നല്‍കിയത് ആര്‍ലെകറിന്റെ ഇടപെടലിലൂടെയായിരുന്നു. 2015ല്‍ ഗോവ മന്ത്രിസഭ പുനസംഘടനയില്‍ ആര്‍ലെകര്‍ വനം വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021ലാണ് ഹിമാചല്‍ പ്രദേശിലെ ഗവര്‍ണറായി നിയമിതനായത്. പിന്നീട് 2023ല്‍ ബിഹാര്‍ ഗവര്‍ണറായി നിയമിതനായി.
ഗോവയില്‍ നിന്നുള്ള നേതാവായ ആര്‍ലേക്കറിനെ കേരളത്തിലേക്ക് അയക്കുന്നതില്‍ ബിജെപിക്കും മോദിക്കും രാഷ്ട്രീയ താല്‍പ്പര്യവുമുണ്ട്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ഒപ്പം നിര്‍ത്തുക എന്നതാണ് ബിജടെപിയുടെ അജണ്ട. അതിന് ഉതകുന്ന ആളെയാണ് കേരളാ ഗവര്‍ണറാക്കുന്നത്. ക്രിസ്ത്യന്‍ പശ്ചാത്തലമുളള ഗോവയില്‍ നിന്നും ആള്‍ തന്നെയാണ് അതിന് ഉതകുക എന്നാണ് വിലയിരുത്തല്‍.
അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. കഴിഞ്ഞ സെപ്റ്റംബര്‍ 5 ന് ആരിഫ് മുഹമ്മദ് ഖാന്‍ കേരളാ ഗവര്‍ണര്‍ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരും ഗവര്‍ണ്ണര്‍ ആരിഫ് ഖാനും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം.
മുഖ്യമന്ത്രി പിണറായി വിജയനുമായും എല്‍.ഡി.എഫ് സര്‍ക്കാറുമായും നല്ല ബന്ധമല്ല ആരിഫ് മുഹമ്മദ് ഖാന്‍ തുടര്‍ന്നിരുന്നത്. തുടക്കം മുതല്‍ തന്നെ ഉടക്കിലായിരുന്നു ഗവര്‍ണരും സര്‍ക്കാറും. ബില്ലുകളിലെ ഒപ്പിടലില്‍ തുടങ്ങി വി.സി നിയമനം വരെയുള്ള വിഷയങ്ങളില്‍ സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലും ഗവര്‍ണര്‍ സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം ഉണ്ടായത്.
പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. നിരുത്തരവാദപരമായ നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. എസ്.എഫ്.ഐ വിദ്യാര്‍ഥി സംഘടനയല്ല, ക്രിമിനല്‍ സംഘമാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. വിദേശ പ്രതിനിധികള്‍ക്ക് മുന്നില്‍ കേരളത്തെ അപമാനിക്കാനാണ് ശ്രമം നടന്നത്. സര്‍ക്കാരിന്റെ പിന്തുണയില്ലാതെ എങ്ങനെയാണ് ഇത് നടക്കുന്നത്? ഞാന്‍ ഭയപ്പെടുന്നില്ലെന്ന് എസ്.എഫ്.ഐക്ക് അറിയാം. ഇത്തരത്തിലുള്ള നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചാന്‍സലര്‍ എന്ന നിലയില്‍ കടുത്ത നടപടിയുണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.