ക്രിമിനല്‍ നടപടികളുടെ ഭാഗമായ വിഷയങ്ങളുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് രേഖപ്പെടുത്തിയിരുന്നു; എന്നിട്ടും ഹേമകമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ സേഫ് കസ്റ്റഡിയിലേക്ക് മാറ്റിവെച്ചു; നടപടി ഒഴിവാക്കിയത് ഉന്നതരെ രക്ഷിക്കാന്‍? സര്‍ക്കാര്‍ ഫയല്‍ പുറത്ത്

ഹേമകമ്മിറ്റി റിപ്പോര്‍ട്ട്: ക്രിമിനല്‍ കുറ്റങ്ങള്‍ സര്‍ക്കാരിന് അറിയാമായിരുന്നു

Update: 2024-10-13 09:05 GMT

തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടികളുടെ ഭാഗമായ വിഷയങ്ങളുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് 2020 ഫെബ്രുവരിയില്‍ തന്നെ ഫയലില്‍ രേഖപ്പെടുത്തിയിട്ടും സര്‍ക്കാര്‍ സേഫ് കസ്റ്റഡിയില്‍ സൂക്ഷിച്ചത് സിനിമ മേഖലയിലെ പ്രമുഖരെ രക്ഷിക്കാനുള്ള നീക്കമായിരുന്നുവെന്ന് സംശയം ബലപ്പെടുത്തി റിപ്പോര്‍ട്ടിന്റെ സര്‍ക്കാര്‍ ഫയല്‍ പുറത്ത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് കിട്ടിയശേഷം സര്‍ക്കാര്‍ എന്ത് ചെയ്തു, ചെയ്തില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ ഫയല്‍.

61 പേജുള്ള ഈ ഫയലില്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വ്യക്തമാണ്. രണ്ട് ഭാഗങ്ങളായാണ് റിപ്പോര്‍ട്ടുള്ളത് എന്ന് ഈ ഫയലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ വിവരാവകാശപ്രകാരം പുറത്തുവിട്ട ഭാഗത്തിന് പുറമെ അനുബന്ധരേഖകളും പെന്‍ഡ്രൈവുമുണ്ട്. സര്‍ക്കാര്‍ സേഫ് കസ്റ്റഡിയിലേക്ക് മാറ്റിവെച്ചിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. സാംസ്‌കാരിക വകുപ്പ് ക്രിമിനല്‍ നടപടികളുടെ ഭാഗമായ വിഷയങ്ങളുണ്ടെന്ന് രേഖപ്പെടുത്തിയതിന് ശേഷം മുഖ്യമന്ത്രിക്കും അന്നത്തെ സാംസ്‌കാരികമന്ത്രി എ.കെ ബാലനും ഫയല്‍ സമര്‍പ്പിച്ചു. എന്നാല്‍ ക്രിമിനല്‍ നടപടികളിലേക്ക് പോലീസ് കടന്നില്ലെന്നും ഫയലില്‍ നിന്ന് വ്യക്തമാണ്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടികള്‍ ആവശ്യമുള്ള കാര്യങ്ങളുണ്ടെന്ന് 2020ല്‍ തന്നെ സാംസ്‌കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി ഈ ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ്. ഐ.പി.സി, സി.ആര്‍.പി.സി പ്രകാരമുള്ള നടപടികള്‍ വേണ്ട കാര്യങ്ങള്‍ ഈ റിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ടെന്നാണ ഈ ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഫയല്‍ പിന്നീട് അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്റെയും മുഖ്യമന്ത്രിയുടെയും മുന്നിലെത്തുന്നുണ്ട്. പക്ഷേ, ആ ഘട്ടങ്ങളിലൊന്നും തന്നെ ഈ കാര്യങ്ങളില്‍ എന്ത് നടപടി സ്വീകരിക്കണം എന്ന കാര്യത്തില്‍ യാതൊരു ചര്‍ച്ചയും സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിട്ടില്ലെന്നുമാണ് ഈ ഫയലില്‍ നിന്ന് മനസ്സിലാകുന്നത്.

നേരത്തെയുണ്ടായിരുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ആലോചിച്ച ബില്ലില്‍ ഈ ശുപാര്‍ശകള്‍ കൂടെ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നത് പരിശോധിക്കണം എന്നത് മാത്രമാണ് മുഖ്യമന്ത്രി ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് ഫയലിലുള്ള ചര്‍ച്ചകളെല്ലാം നിയമ നിര്‍മാണവുമായി ബന്ധപ്പെട്ടാണ്. ക്രിമിനല്‍ നടപടിയെ കുറിച്ച് ഈ സമയത്തൊന്നും യാതൊരു ചര്‍ച്ചയും ഉണ്ടായതായി റിപ്പോര്‍ട്ടിലില്ല. പിന്നീട് 2021ലാണ് റിപ്പോര്‍ട്ട് മാത്രമായി ഡി.ജി.പിക്ക് കൈമാറുന്നത്

ലയാള സിനിമാ വ്യവസായത്തില്‍ കടുത്ത ലിംഗ അനീതിയും ലൈംഗിക ചൂഷണവുമെന്ന വെളിപ്പെടുത്തലുമായാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. പുറമേ കാണുന്നത് പോലെ സുന്ദരമല്ല മലയാള സിനിമയിലെ താരങ്ങളും നക്ഷത്രങ്ങളുമെന്ന ആമുഖത്തോടെയാണ് ലിംഗ വിവേചനവും ലൈംഗിക അതിക്രമവും ക്രിമിനല്‍ പ്രവര്‍ത്തികളും ലോബിയിംഗും വെളിപ്പെടുത്തുന്ന വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിട്ടിരിക്കുന്നത്.

നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും അടക്കം ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്ന രീതിയില്‍ അധികാര ക്രമം ചലച്ചിത്ര മേഖലയിലുണ്ടെന്ന നിരവധി മൊഴികള് കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ കാസ്റ്റിക് കൗച്ച് ഉണ്ടെന്ന് അടിവരയിലുന്നതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള ലൈംഗിക അതിക്രമം എന്നതിനൊപ്പം ലഹരി ഉപയോഗം വ്യാപകമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മലയാള സിനിമയില്‍ ആണ്‍മേല്‍ക്കോയ്മയാണ് നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. മലയാള സിനിമയിലെ മുന്‍നിര അഭിനേത്രിമാര്‍ ഉള്‍പ്പെടെ അമ്പതിലേറെപ്പോരാണ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്കിയിട്ടുള്ളത്.

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനവും ചൂഷണവും വിശദമായി തന്നെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പലതും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. 'തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ആകാശം നിഗൂഢതകള്‍ നിറഞ്ഞതാണ്. പക്ഷേ, ശാസ്ത്രീയ അന്വേഷണത്തില്‍ നക്ഷത്രങ്ങള്‍ക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ലെന്നാണ് തെളിഞ്ഞത്. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും ഉപ്പുപോലും കാഴ്ചക്ക് പഞ്ചസാര പോലെയാണെന്നും' പറഞ്ഞാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആരംഭിക്കുന്നത്.

സിനിമ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ട്. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവര്‍ക്ക് അവസരങ്ങളില്ല. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. ചൂഷണം ചെയ്യുന്നവരില്‍ പ്രമുഖ നടന്മാരുമുണ്ട്. സഹകരിക്കുന്നവര്‍ക്ക് പ്രത്യേക കോഡുണ്ട്. പരാതി പറയുന്നവരെ പ്രശ്‌നക്കാരായി കാണുന്നു. സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. മലയാള സിനിമയില്‍ ആണ്‍കോയ്മ നിലനില്‍ക്കുന്നു. സ്ത്രീകള്‍ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. നടിമാര്‍ ജീവഭയം കാരണം തുറന്നുപറയാന്‍ മടിക്കുന്നു

വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തുകയാണ്. പൊലീസിനെ സമീപിക്കാത്തത് ജീവനില്‍ ഭയമുള്ളതിനാലാണ്. സിനിമയിലെ ഉന്നതരും അതിക്രമം കാട്ടിയിട്ടുണ്ടെന്നാണ് മൊഴി. ആകെ 233 പേജുകളുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. 49മത്തെ പേജിലെ 96മത്തെ പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അമ്മ ഭാരവാഹികളായ നടന്മാര്‍ക്ക് എതിരെയടക്കം ഉയര്‍ന്ന ലൈംഗിക പീഡന കേസുകള്‍ക്കിടെ നിയമസഭയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം തയ്യാറായിരുന്നു. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സഭയില്‍ കെ.കെ രമ അടിയന്തര പ്രമേയ നോട്ടീസ് നല്‍കും.

ബുധനാഴ്ച സഭയിലെ ചോദ്യോത്തര വേളയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2019-ല്‍ വന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ മാറ്റിവെച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാന്‍ വേണ്ടിയല്ലേയെന്ന് പ്രതിപക്ഷം ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒരു പേജും സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ലെന്നായിരുന്നു സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ സഭയില്‍ പ്രതികരിച്ചത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് അറിയിച്ചത് വിവരാവകാശ കമ്മിഷന്‍ ആണെന്നും സജി ചെറിയാന്‍ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് സിനിമാ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണെന്നും സജി ചെറിയാന്‍ പറഞ്ഞു. കര്‍ണാടകയില്‍ ഇത്തരമൊരു കമ്മിറ്റി നിയോഗിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത് കേരളത്തിനെ മാതൃകയാക്കിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News