എമിരേറ്റ്‌സിനും ഖത്തര്‍ എയര്‍വെയ്‌സിനും എത്തിഹാദിനും ബദലായി ഗള്‍ഫ് കീഴടക്കാന്‍ റിയാദ് എയര്‍ എത്തുന്നു; ഈന്ധന ക്ഷമതയുള്ള ദീര്‍ഘദൂര റൂട്ടിന് 60 വിമാനങ്ങള്‍ കൂടി ഓര്‍ഡര്‍ ചെയ്ത് മത്സരം മുറുക്കും; സൗദി രാജകുമാരന്റെ സ്വപ്നങ്ങള്‍ ഇനി ആകാശം കീഴടക്കും

Update: 2024-11-02 02:28 GMT

ലണ്ടന്‍: മദ്ധ്യപൂര്‍വ്വദേശത്തെ ആകാശത്തെ കീഴടക്കി വാഴുന്ന എമിരേറ്റ്‌സിനും ഖത്തര്‍ എയര്‍വേയ്‌സിനും എത്തിഹാദിനും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഒരു പുതിയ സ്റ്റാര്‍ട്ട് അപ് ട്രാവല്‍ കമ്പനി 60 പുതിയ എയര്‍ബസ് പാസഞ്ചര്‍ ജറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നു. ഇതിനോടകം തന്നെ വിപണിയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കിയെടുത്ത എതിരാളികളുമായി മത്സരിക്കുന്നതിനായി ഈ സൗദി അറേബ്യന്‍ സ്റ്റര്‍ട്ട് അപ് ട്രാവല്‍ കമ്പനി 6 ബില്യന്‍ പൗണ്ടാണ് പുതിയ വിമാനങ്ങള്‍ക്കായി ചെലവാക്കുന്നത്. 2025 ല്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന റിയാദ് എയര്‍, 60 എയര്‍ബസ് നാരോബോഡി എ 321 ജെറ്റുകളാണ് വാങ്ങുന്നത്. ഇതോടെ കമ്പനിയിലെ മൊത്തം വിമാനങ്ങളുടെ എണ്ണം 132 ആകും.

കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചു കൊണ്ടുതന്നെ കമ്പനിക്ക് വളരാന്‍ ഈ പുതിയ വിമാനങ്ങള്‍ സഹായിക്കുമെന്ന് കമ്പനി സി ഇ ഒ ടോണി ഡഗ്ലസ് പറയുന്നു. വ്യോമയാന മേഖലയുടെ സാമ്പത്തിക വളര്‍ച്ച മാത്രമല്ല, ഈ ഓര്‍ഡര്‍ കൊണ്ടുണ്ടാകുന്നത് മറിച്ച്, വ്യോമയാന രംഗത്ത് സുസ്ഥിര സേവനം ഉറപ്പു വരുത്താന്‍ ഇത് റിയാദ് എയറിനെ സഹായിക്കുകയും സൗദി അറേബ്യയുടെ നെറ്റ് സീറോ എമിഷന്‍ എന്ന സ്വപ്നത്തിന്കരുത്തേകുകയും ചെയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2026നും 2030 നും ഇടയിലായി ഈ വിമാനങ്ങല്‍ റിയാദ് എയറിന്റെ വിമാനങ്ങളുടെ കൂട്ടത്തില്‍ ചേരും. 2023 ല്‍ ഓര്‍ഡര്‍ ചെയ്ത ബോയിംഗ് മോഡലുകള്‍ ഉള്‍പ്പടെ മറ്റ് മോഡലുകളും കമ്പനിക്കുണ്ട്.

1994 ല്‍ ആദ്യമായി പുറത്തിറക്കിയ എ 321 ന്റെ പരിഷ്‌കരിച്ച പതിപ്പായ എ 321 നിയോ ഇന്ന് ലോകത്തിലുള്ള വിമാനങ്ങളില്‍ വെച്ച് ഏറ്റവും സ്ഥിരതയുള്ളതും ഇന്ധന ക്ലാര്യക്ഷമത ഉള്ളതുമാണ്. ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്താതെ 4600 മൈല്‍ ദൂരം വരെ പറക്കാന്‍ ഇവയ്ക്ക് കഴിയും. മൂന്ന് സീറ്റുകള്‍ വീതമുള്ള രണ്ട് നിര സീറ്റുകള്‍ ഉള്ള ഇവയ്ക്ക് 180 മുതല്‍ 220 യാത്രക്കാരെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ കഴിയും. നിരവധി പ്രത്യേകതകള്‍ ഉള്ള രണ്ട് ക്ലാസുകള്‍ ആണ് ഇവയ്ക്കുള്ളത്. സൗദി അറേബ്യയുടെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ റിയാദ് എയര്‍ 2023 ല്‍ ആയിരുന്നു സ്ഥാപിതമായത്.

മേഖലയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിരേറ്റ്‌സ്, ഖത്തര്‍ എയര്‍വെയ്‌സ് എന്നിവയ്‌ക്കൊക്കെ കടുത്ത വെല്ലുവിളിയായിരിക്കും ഇത് ഉയര്‍ത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യ, റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയാദ് എയര്‍, അമേരിക്ക, ചൈന, സിംഗപൂര്‍, തുര്‍ക്കി തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തും. ആഗോള നെറ്റ് വര്‍ക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ ഡെല്‍റ്റ എയര്‍ലൈന്‍സുമായി റിയാദ് എയര്‍ പങ്കാളിത്ത കരാര്‍ ഒപ്പുവച്ചിട്ടുമുണ്ട്. അതിനുപുറമെ ടര്‍ക്കിഷ് എയര്‍ലൈന്‍സ്, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്, ഈജിപ്ത് എയര്‍ എന്നീ കമ്പനികളുമായും ഇവര്‍ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

2023 മാര്‍ച്ച് 12 ന് ആയിരുന്നു സൗദി കിരീടാവകാശിയായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റിയാദ് എയര്‍ സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചത്. അന്ന് 39 ബോയിംഗ് 787 -0 വിമാനങ്ങള്‍ക്കായിരുന്നു ഓര്‍ഡര്‍ നല്‍കിയത്. അധികമായി 33 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഉദ്ദേശിക്കുന്നതായും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Similar News