വലന്‍സിയ പ്രളയത്തിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; മരണം 200 കടന്നു; കൊടുങ്കാറ്റും പ്രളയവും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് മൂലം ടൂറിസ്റ്റ് കേന്ദ്രമായ പാമ മജോര്‍ക അടച്ചുപൂട്ടി; ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് സ്പെയിന്‍

Update: 2024-11-02 02:37 GMT

ബാര്‍സലോണ: സ്പെയിനിന്റെ നടുവൊടിച്ച മഹാദുരന്തത്തിന്റെ ഭയാനക ചിത്രങ്ങള്‍ പുറത്തു വരുന്നു. വലന്‍സിയയെ വെള്ളത്തില്‍ മുക്കിയ ദുരന്തത്തില്‍ ഇതുവരെ 200 മരണമടഞ്ഞു എന്നാണ് കണക്ക്. പ്രതീക്ഷിക്കാത്ത സമയത്തെത്തിയ ദുരന്തം വലന്‍സിയ നിവാസികളെ അക്ഷരാര്‍ത്ഥത്തില്‍ വന്‍ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. വെള്ളപ്പൊക്കത്തിന്റെ ചില വീഡിയോകള്‍ എക്സില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മനസ്സില്‍ അല്പമെങ്കിലും മനുഷ്യത്വം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് ഞെട്ടലോടെയും കണ്ണീരോടെയുമല്ലാതെ പല ദൃശ്യങ്ങളും കണ്ടിരിക്കാനാവില്ല. അപ്രതീക്ഷിതമായി നിരത്തുകളിലേക്ക് കുതിച്ചെത്തുന്ന വെള്ളം വാഹനങ്ങളെ പൂര്‍ണ്ണമായും നിശ്ചലമാക്കുന്ന ദൃശ്യങ്ങളും അക്കൂട്ടത്തിലുണ്ട്.

നിമിഷങ്ങള്‍ മാത്രം കൊണ്ടാണ് കലങ്ങിമറിഞ്ഞ ചെളിവെള്ളവും അവശിഷ്ടങ്ങളുമൊക്കെ റോഡിലേക്ക് കുതിച്ചെത്തിയത്. അപകടം ഒട്ടും പ്രതീക്ഷിക്കാതിരുന്ന യാത്രക്കാര്‍ ജീവന്‍ രക്ഷിക്കാനായി പരക്കം പായുന്നതും ദൃശ്യങ്ങളിലുണ്ട്. ടൈം സ്റ്റാമ്പുള്ള വീഡിയോയില്‍ വൈകിട്ട് 7:19 ന് വലന്‍സിയയിലെ പട്ടണമായ ബെനെറ്റുസ്സറില്‍ ശക്തമായ കാറ്റടിക്കുന്നതും കാണാം. ഏതാണ്ട് 20 മിനിറ്റുകള്‍ക്ക് ശേഷം 7:33 നുള്ള വീഡിയോയില്‍ തെരുവുകളില്‍ വെള്ളം പൊങ്ങുന്നതും, വാഹനങ്ങള്‍ ഓട്ടം നിര്‍ത്തുന്നതും ആളുകള്‍ പ്രാണരക്ഷാര്‍ത്ഥം പായുന്നതും കാണാം.

എട്ടുമണിയോടെ നിരത്തുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ശക്തമായ കുത്തൊഴുക്കില്‍ വാഹനങ്ങള്‍ പലതും ഒഴുകിപ്പോവുകയും, ഒന്നിനുമേല്‍ ഒന്നെന്ന രീതിയില്‍ അട്ടിയിടപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സമയത്താണ് ഔദ്യോഗിക മുന്നറിയിപ്പ് വരുന്നത്. വെള്ളപ്പൊക്കമെന്ന പ്രകൃതി പ്രതിഭാസം ഒഴിവാക്കാന്‍ മനുഷ്യന് കഴിയില്ല. എന്നാല്‍, അതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍, നേരത്തെ അത് നല്‍കിയിരുന്നെങ്കില്‍ ഇത്രയും മനുഷ്യര്‍ക്ക് ജീവന്‍ നല്‍കേണ്ടി വരില്ലായിരുന്നു എന്ന് ഈ വീഡിയോകള്‍ എക്സില്‍ പോസ്റ്റ് ചെയ്ത വ്യക്തി അടിക്കുറിപ്പായി എഴുതുന്നു.

വെള്ളം അധികമായി ഒഴുകിയെത്താന്‍ തുടങ്ങിയതോടെ വീതികുറഞ്ഞ പല തെരുവുകളും നദികള്‍ക്ക് സമാനമായി. പലവയും മരണക്കെണികളാവുകയും ചെയ്തു. ഇതുവരെയുള്ള കണക്കനുസരിച്ച് 200 പേരില്‍ അധികം പേര്‍ മരണമടഞ്ഞിട്ടുണ്ട്. പലരെയും കാണാതായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മരണ സംഖ്യ ഇനിയും ഉയര്‍ത്തിയേക്കാം എന്ന ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. സുനാമിക്ക് സമാനമായ ദുരന്തത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

സ്പെയിനില്‍ 200 പേരുടെ മരണത്തിനിടയാക്കിയ വെള്ളപ്പൊക്കവും ശക്തമായ കാറ്റും ഉണ്ടാകും എന്ന മുന്നറിയിപ്പ് ലഭിച്ചതോടെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പാമ മജോര്‍ക്ക അടച്ചുപൂട്ടി. ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാല്‍ പ്രദേശവാസികളും വിനോദ സഞ്ചാരികളും മുറികള്‍ക്കുള്ളില്‍ തന്നെ കഴിയുവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വല്‍ന്‍സിയയില്‍ വെള്ളപ്പൊക്കത്തിനിടയാക്കിയ കാലാവസ്ഥാ പ്രതിഭാസം മജോര്‍കയെ ലക്ഷ്യമാക്കി നീങ്ങുന്നു എന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്.

പാമയിലെ പ്രധാന വിനോദകേന്ദ്രത്തിന് ചുറ്റും ചുവപ്പ് നാടകെട്ടി സന്ദര്‍ശകരെ തടഞ്ഞിരിക്കുകയാണ്. തെരുവുകള്‍ എല്ലാം തന്നെ ഏതാണ്ട് വിജനമായി കഴിഞ്ഞു. പൊതു പാര്‍ക്കുകള്‍, ഉദ്യാനങ്ങള്‍, സെമിത്തേരികള്‍ എന്നിവയെല്ലാം തിങ്കളാഴ്ച വരെ അടച്ചിടും. ഭവനരഹിതരെ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. അത്യാവശ്യമാണെങ്കില്‍ മാത്രമെ വീട് വിട്ടു പുറത്ത് പോകാവൂ എന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഔദ്യോഗികമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിന് സമാനമായ നടപടികളാണ് ഭരണകൂടം കൈക്കൊള്ളുന്നത്.വെറും മൂന്ന് മണിക്കൂര്‍ സമയത്തിനുള്ള മജോര്‍ക്കയുടെ പല ഭാഗങ്ങളിലും 120 മില്ലി മീറ്റര്‍ മഴ വരെ ലഭിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

Tags:    

Similar News