രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ച് രാജാവിനും രാജ്ഞിക്കും വഴിയൊരുക്കി; കലിപിടിച്ച് സ്പാനിഷ് പ്രളയബാധിതര്‍; ഇരുവര്‍ക്കും നേരെ ചെളിവാരിയെറിഞ്ഞു; സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്; നാണക്കേടില്‍ തലതാഴ്ത്തി സ്പാനിഷ് ഭരണകൂടം
സ്പെയിനിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലെന്‍സിയ സന്ദര്‍ശിക്കാന്‍ എത്തിയ സ്പാന്‍ഷ് രാജാവ് ഫെലിപ്പിക്കും രാജ്ഞി ലെറ്റിസിയയ്ക്കും എതിരെ ജനരോഷം ആളിക്കത്തി. പ്രദേശവാസികള്‍ അവരുടെ വഴി തടസ്സപ്പെടുത്തിയും ചെളിവാരിയെറിഞ്ഞും പ്രതിഷേധം പ്രകടിപ്പിച്ചു. പ്രളയം ഏറ്റവുമധികം ബാധിച്ച പായ്‌പോര്‍ട്ട പട്ടണത്തിലെ തെരുവുകളിലൂടെ നടക്കുന്നതിനിടയിലായിരുന്നു അതിജീവിതര്‍ അവര്‍ക്കെതിരെ ചെളിയും ക്യാനുകള്‍ പോലുള്ള വസ്തുക്കളും വലിച്ചെറിഞ്ഞത്. ഈ പട്ടണത്തില്‍ മാത്രം 60 ല്‍ ഏറെ പേര്‍ മരണമടഞ്ഞിരുന്നു.
മുഖത്ത് ചെളി പുരണ്ട് നില്‍ക്കുന്ന രാജ്ഞ്ഇയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. രാജാവിനെയും രാജ്ഞിയെയും അകമ്പടി സേവിക്കുകയായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കല്ലേറില്‍ പരിക്കേറ്റ് മുകത്ത് നിന്നും ചോര ഒലിപ്പിച്ചു നില്‍ക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച സന്ദര്‍ശനത്തിനെത്തിയ രാജദമ്പതികളെയും മറ്റ് ഉദ്യോഗസ്ഥരെയും കൊലപാതകികള്‍ എന്ന് വിളിച്ച് ആക്രോശിച്ചായിരുന്നു ജനം സ്വീകരിച്ചത്. കുതിരപ്പുറമേറിയ പോലീസ് എത്തിയാണ് അവസാനം ജനക്കൂട്ടത്തെ അകറ്റി നിര്‍ത്തിയത്. മണ്‍വെട്ടിയും വടികളുമൊക്കെ ജനങ്ങള്‍ രാജദമ്പതിമാര്‍ക്കെതിരെ ഭീഷണിയുടേ സൂചനപോലെ ഉയര്‍ത്തിക്കാട്ടുന്നുണ്ടായിരുന്നു.
ചെളി വാരിയെറിയല്‍ ശക്തമായതോടെ അംഗരക്ഷകര്‍ കുട നിവര്‍ത്തിപ്പിടിച്ച് രാജദമ്പതിമാരെയും ഉദ്യോഗസ്ഥരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായെങ്കിലും രാജാവും രാജ്ഞിയും തീര്‍ത്തും ശാന്തരായാണ് കാണപ്പെട്ടത്. ഇടയ്ക്കൊക്കെ അവര്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കുവാനും ശ്രമിക്കുന്നുണ്ടായിരുന്നു.
ഒരു ദുരന്തം തടയുന്നതിലും അതിന്റെ ആഘാതം കുറയ്ക്കുന്നതിലും ഭരണകൂടത്തിനേറ്റ പരാജയമാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. ഞായറാഴ്ച, ജനരോഷം അതിന്റെ ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു രാജാവിന്റെയും രാജ്ഞിയുടെയും സന്ദര്‍ശനം.അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചില റോഡുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചു. ഇതാണ് പ്രദേശവാസികളെ കൂടുതല്‍ പ്രകോപിപ്പിച്ചത്. അതൊടെയാണ് മുന്‍പെങ്ങും ഇല്ലാത്തവിധം രാജ്യത്തെ നാണക്കേടിലെത്തിക്കുന്ന സംഭവങ്ങള്‍ അരങ്ങേറാന്‍ കാരണമായത്.