നയന്‍താരയോടും ഭര്‍ത്താവ് വിഘ്‌നേശിനോടും ധനുഷിന് എന്താണ് ഇത്ര പക? സൂപ്പര്‍ താരത്തിന് നയന്‍സ് പറയും പോലെ വെറും കുശുമ്പും അസൂയയുമോ? താന്‍ തന്നെ നിര്‍മ്മിച്ച 'നാനും റൗഡി താന്‍' എന്ന നയന്‍സ് ചിത്രം എട്ടുനിലയില്‍ പൊട്ടുമെന്ന് ധനുഷ് പ്രവചിച്ചത് എന്തിന്? പിന്നാമ്പുറ രഹസ്യം ഇങ്ങനെ
ധനുഷ്-നയന്‍താര പോരിന്റെ പിന്നാമ്പുറ രഹസ്യം
ചെന്നൈ: എന്തുകൊണ്ടാണ് ധനുഷിന് നയന്‍താരയോടും ഭര്‍ത്താവ് വിഘ്‌നേശിനോടും ഇത്ര ദേഷ്യം? താന്‍ തന്നെ നിര്‍മ്മിച്ച നയന്‍താര ചിത്രം വിജയിച്ചപ്പോള്‍ ധനുഷ് അപ്‌സെറ്റായത് എന്തുകൊണ്ട്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി 2015 ലെ 'നാനും റൗഡി താന്‍' ചിത്രത്തിന്റെ സെറ്റിലേക്ക് പോകണം.
നാനും റൗഡി താന്‍ ചിത്രം നിര്‍മ്മിച്ചത് ധനുഷാണ്. ആ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നയന്‍സും വിഘ്‌നേശും തമ്മില്‍ പ്രണയത്തിലായത്. വിഘ്‌നേശായിരുന്നു സംവിധായകന്‍. വിജയ സേതുപതി നായകന്‍. നയന്‍സ് നായിക. തങ്ങള്‍ ഒന്നാകാന്‍ വഴിയൊരുക്കിയ ചിത്രം തീര്‍ച്ചയായും നയന്‍സിന് പ്രിയപ്പെട്ടതാണ്. അക്കാര്യം ധനുഷിനുള്ള തുറന്ന കത്തില്‍ പറയുന്നത് ഇങ്ങനെ:
'നാനും റൗഡി താനിലെ ഗാനങ്ങള്‍ ഞങ്ങളെ സംബന്ധിച്ച് വിലമതിക്കപ്പെടുന്ന ഒന്നാണ്. കാരണം ആ വരികള്‍ വന്നത് യഥാര്‍ഥ വികാരങ്ങളില്‍ നിന്നാണ്. ഞങ്ങളുടെ ബിയോണ്ട് ദ ടെയില്‍ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇതിലും മികച്ച പാട്ടുകള്‍ ഇല്ലെന്നറിഞ്ഞുകൊണ്ട് തന്നെ, നിങ്ങളതിനു വിസമ്മതിച്ചപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു.'
ഇതിന് പിന്നാലെ ധനുഷിന് എതിരെ നയന്‍താര ആഞ്ഞടിക്കുന്നത് ഇങ്ങനെ:
'സിനിമ പുറത്തിറങ്ങി ഏകദേശം 10 വര്‍ഷമായി, ലോകത്തിന് മുന്നില്‍ മുഖംമൂടി ധരിച്ച് ഒരാള്‍ ഇപ്പോഴും നീചമായി തുടരാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. ഒരു നിര്‍മാതാവ് എന്ന നിലയില്‍ നിങ്ങളുടെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ആ ചിത്രം മാറിയിട്ടും, ഇന്നും എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു സിനിമയായതു മാറിയിട്ടും നിങ്ങള്‍ ആ സിനിമയെ കുറിച്ചു പറഞ്ഞ ഭയാനകമായ കാര്യങ്ങള്‍ ഞാന്‍ മറന്നിട്ടില്ല. റിലീസിന് മുമ്പായി നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ ഇതിനകം ഞങ്ങള്‍ക്ക് ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. സിനിമ ബ്ലോക്ക്ബസ്റ്റര്‍ ആയതു നിങ്ങളുടെ ഈഗോയെ വല്ലാതെ വേദനിപ്പിച്ചതായി ഫിലിം സര്‍ക്കിളുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കി. ഈ സിനിമയുമായി ബന്ധപ്പെട്ട അവാര്‍ഡ് ചടങ്ങുകളിലൂടെ (ഫിലിംഫെയര്‍ 2016) അതിന്റെ വിജയത്തെക്കുറിച്ചുള്ള നിങ്ങളുടെ അതൃപ്തി സാധാരണക്കാര്‍ക്ക് പോലും വ്യക്തമായി മനസ്സിലാക്കാനാവും. '
നാനും റൗഡി താന്‍ ചിത്രത്തിന്റെ ചെലവ് നിശ്ചയിച്ച ബജറ്റിലും കവിഞ്ഞത് ധനുഷിന് അനിഷ്ടമായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ വിഘ്‌നേശിനെയാണ് ധനുഷ് പരോക്ഷമായി പഴിച്ചതെന്ന് അന്ന് സംസാരമുണ്ടായിരുന്നു. ഈ ചിത്രം പരാജയപ്പെടും എന്നാണ് ധനുഷ് പ്രീറിലീസിന് മുന്നോടിയായി പ്രവചിച്ചത്. എന്നാല്‍, ധനുഷിന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് ചിത്രം ബ്ലോക്്ബസ്റ്ററായി.
ഈ സംഭവമാണ് തന്റെ കത്തില്‍ പരാമര്‍ശിക്കുന്നത്. 'നിങ്ങള്‍ക്ക് മുന്‍പരിചയമുള്ളവരുടെ വിജയങ്ങളില്‍ അസ്വസ്ഥനാകാതിരിക്കൂ. നിങ്ങള്‍ക്ക് മനസമാധാനം ഉണ്ടാകട്ടെ എന്ന് ഞാന്‍ ഈ കത്തിലൂടെ ആശംസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഈ ലോകം എല്ലാവരുടേതുമാണ്. എല്ലാവര്‍ക്കുമുള്ളതാണ്. നിങ്ങള്‍ക്ക് പരിചയമുള്ളവരും ജീവിതത്തില്‍ ഉയര്‍ന്നുവരുന്നത് സാധാരണമാണ്. വന്‍ സിനിമാപാരമ്പര്യമില്ലാത്തവരും ഉയരങ്ങളില്‍ എത്തുന്നത് സാധാരണമാണ്. ചില മനുഷ്യര്‍ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതും, സ്‌നേഹം കണ്ടെത്തുന്നതും സാധാരണമാണ്. ഇതൊന്നും നിങ്ങളില്‍നിന്നും ഒന്നും അപഹരിക്കുന്നില്ലല്ലോ. മേല്‍പ്പറഞ്ഞതെല്ലാം ജനങ്ങളുടെ കരുണയിലും സ്‌നേഹത്തിലും കഠിനാധ്വാനത്തിന്റെ ബലത്തിലും ഉണ്ടാകുന്നതാണ്.'
നയന്‍താരയുടെ ശക്തമായ വാക്കുകള്‍ വെറും ആരോപണങ്ങള്‍ മാത്രമല്ല. താന്‍ പൂര്‍വകാലത്ത് ഒന്നിച്ചുപ്രവര്‍ത്തിച്ച ഒരു സഹപ്രവര്‍ത്തകന്റെ പെരുമാറ്റത്തില്‍ അവര്‍ക്കുണ്ടായ നിരാശ മാത്രവുമല്ല കത്തിലൂടെ പ്രകടിപ്പിക്കുന്നത്. തന്റെ സഹതാരം നിര്‍മാതാവ്, സഹപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിപരമായും പ്രൊഫഷണലായും തന്നോട് ധനുഷ് അനാദരവ് കാട്ടിയതാണ് നയന്‍സിനെ വിഷമിപ്പിച്ചത്.
നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയെ ചൊല്ലിയുളള സിനിമാ താരങ്ങള്‍ തമ്മിലുളള തര്‍ക്കമാണ് മറനീക്കി പുറത്ത് വന്നത്. ധനുഷ് നിര്‍മ്മാതാവായ'നാനും റൗഡി താന്‍'സിനിമയിലെ ഭാഗങ്ങള്‍ നയന്‍താരയെ കുറിച്ച് നെറ്റ് ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയില്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം.
നയന്‍താരയുടെ ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍ സംവിധാനവും നടന്‍ ധനുഷ് നിര്‍മ്മാണവും നിര്‍വഹിച്ച 'നാനും റൗഡി താന്‍' എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയിരുന്നില്ല. ചിത്രത്തിന്റെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് ധനുഷിന്റെ താരസിംഹാസനത്തെ വകവെക്കാതെ കടുത്ത വിമര്‍ശനം ഉന്നയിച്ച് നയന്‍താര നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.