കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍; ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഉണ്ടായത് കേട്ടുകേള്‍വി ഇല്ലാത്ത അതിക്രമം; 5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു, 10000 കോണ്‍ഗ്രസ് വോട്ടര്‍മാരെ അനുവദിച്ചില്ലെന്ന് എം കെ രാഘവന്‍; പോലീസ് സിപിഎം അഴിഞ്ഞാട്ടത്തിലിന് കൂട്ടുനിന്നെന്നും ആരോപണം

കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Update: 2024-11-16 12:21 GMT

കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍, എംകെ രാഘവന്‍ എംപി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ കേട്ടുകേള്‍വി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നല്‍കിയത് സിപിഎം ആണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു. 10000 കോണ്‍ഗ്രസ് വോട്ടര്‍മാരെ അനുവദിച്ചില്ലെന്നും നേതാക്കള്‍ പറഞ്ഞു. പൊലീസ് സിപിഎം അഴിഞ്ഞാട്ടത്തിന് കൂട്ടു നിന്നു. കോഴിക്കോട് കമ്മീഷ്ണര്‍ വിളിച്ചപ്പോള്‍ ഫോണ്‍ പോലും എടുത്തില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സിപിഎം ആക്രമണത്തില്‍ പരിക്കുപറ്റി.

വനിത വോട്ടര്‍മാരെ കയ്യേറ്റം ചെയ്തു. വോട്ടര്‍മാരല്ലാത്ത സിപിഎം പ്രവര്‍ത്തകര്‍ പുലര്‍ച്ചെ 4 മണിയോടെ എത്തി. പലരും വ്യാജ ഐഡി കാര്‍ഡുമായാണ് വന്നത്. കൂടുതല്‍ പൊലീസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെട്ടില്ല. സിപിഎം നടത്തിയത് കണ്ണൂര്‍ മോഡല്‍ ആക്രമണമാണ്. പൊലീസ് ആന്റ് സാഹകരണ വകുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജയിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പു റദ്ദാക്കണം എന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പറഞ്ഞു.

നേരത്തെ വോട്ടെടുപ്പിനിടെ പൊലീസ് നോക്കി നില്‍ക്കെയാണ് കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. മൂന്ന് വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. വോട്ടര്‍മാരുമായി എത്തിയ വാഹനങ്ങള്‍ക്കു നേരെയാണ് കല്ലേറുണ്ടായത്. വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. പൊതുതെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയിലുമാണ് ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം.

പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. എന്നാല്‍, നേരത്തെ ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം കോണ്‍ഗ്രസുമായി തെറ്റി നേതൃത്വവുമായി ഇടഞ്ഞ് സ്വന്തമായാണ് കുറച്ചുകാലമായി പ്രവര്‍ത്തിച്ചിരുന്നത്. ഇവരെ അച്ചടക്ക നടപടി സ്വീകരിച്ച് പാര്‍ട്ടി പുറത്താക്കുകയും ചെയ്തിരുന്നു. ഇവരെ പിന്തുണച്ച് സി.പി.എം എത്തുകയായിരുന്നു. ഇതോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് വാശിയേറിയതായി മാറിയത്.

1800ഓളം ആളുകളെ അനധികൃതമായി പുതുതായി ചേര്‍ത്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന്, തര്‍ക്കമുന്നയിക്കപ്പെട്ട 1800ഓളം വോട്ടുകള്‍ പ്രത്യേകം പെട്ടിയിലാക്കാനാണ് കോടതി നിര്‍ദേശം.

Tags:    

Similar News