വിദേശത്ത് സുന്ദരിമാര്‍ക്കൊപ്പം സദാ അടിച്ചുപൊളി; തേന്‍കെണിയില്‍ വീഴുന്ന ദുര്‍ബലന്‍; പണം വാങ്ങി പെന്‍ഡ്രൈവില്‍ രാജ്യരഹസ്യങ്ങള്‍ വിദേശത്ത് വിറ്റ ഡബിള്‍ ഏജന്റ്; ചാരനെ വധശിക്ഷയ്ക്ക് വിധിച്ച് ചാരപ്പണിക്കെതിരെ നിലപാട് കടുപ്പിച്ച് ചൈന

ചാരനെ വധശിക്ഷയ്ക്ക് വിധിച്ച് ചൈന

Update: 2024-11-08 09:38 GMT

ബീജിങ്: ചൈനയില്‍ ഔദ്യോഗിക രഹസ്യങ്ങള്‍ വിദേശ രാജ്യത്തിന് കൈമാറിയ ചാരനെ വധശിക്ഷക്ക് വിധിച്ചു. ഇയാളുടെ ശരിയായ പേര് ചൈന ഇനിയും പുറത്ത് വിട്ടിട്ടില്ലെങ്കിലും സാങ് എന്നാണ് ഇയാള്‍ക്ക് ചൈനീസ് അന്വേഷണ ഏജന്‍സികള്‍ പേരിട്ടിരിക്കുന്നത്. സാങ് രാജ്യത്തിന്റെ സുപ്രധാന രഹസ്യങ്ങളാണ് ഒരു വിദേശരാജ്യത്തിന് കൈമാറിയത് എന്നാണ് ചൈനീസ് ദേശീയ സുരക്ഷാ മന്ത്രാലയം അറിയിക്കുന്നത്.

ഒരു പെന്‍ഡ്രൈവിലാക്കിയാണ് ഇയാള്‍ രഹസ്യ വിവരങ്ങള്‍ കൈമാറിയതെന്നാണ് ചൈനീസ് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സാങ്ങിനെ എന്നാണ് വധശിക്ഷക്ക് വിധേയമാക്കുന്നത് എന്ന കാര്യം ഇനിയും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാരിന്റെ തന്ത്രപ്രധാനമായ ഒരു സ്ഥാപനത്തിലെ പ്രധാന തസ്തിക വഹിച്ചിരുന്ന വ്യക്തിയാണ് ഇയാള്‍.

ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് സാങ് ചാരപ്പണി തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. വന്‍ തോതില്‍ പണം കൈപ്പറ്റിക്കൊണ്ടാണ് ഇയാള്‍ രാജ്യത്തെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് കൈമാറിയതെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്. ഇയാള്‍ ഏത് സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത് എന്ന കാര്യവും ചൈന ഇനിയും വ്യക്തമാക്കിയിട്ടില്ല.

ലീ എന്ന് ചൈനീസ് ഏജന്‍സികള്‍ പേരിട്ടിരിക്കുന്ന ഒരു വ്യക്തി സാങിന് ഇതു വരെ കിട്ടാത്ത സുഖസൗകര്യങ്ങള്‍ അനുഭവിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നാണ് ആരോപണം. പണം ഇയാളുടെ ദൗര്‍ബല്യമായിരുന്നു. പണം വാങ്ങി ചാരപ്പണി നടത്തുന്ന പാവയായിരുന്നു സാങ്്. ചൈനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി സാങ്ങിന് പ്രത്യേക പരിശീലനം വിദേശ രാജ്യത്ത് നിന്ന് ലഭിച്ചെന്നാണ് ചൈന വ്യക്തമാക്കുന്നത്. ഇയാളുടെ സഹായിയായി പ്രവര്‍ത്തിച്ച സൂ എന്ന് വിളിപ്പേര് നല്‍കിയിരിക്കുന്ന വ്യക്തിക്ക് ആറ് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.

രാജ്യത്ത് ചാരപ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നിരവധി നിയമങ്ങളാണ് ഇപ്പോള്‍ ചൈനയില്‍ നടപ്പാക്കുന്നത്. ഈ വര്‍ഷമാദ്യം ഓസ്ട്രേലിയന്‍ എഴുത്തുകാരനായ യാങ് ഹെംഗ്ജുനെ ചാരക്കുറ്റം ആരോപിച്ച് വധശിക്ഷക്ക് വിധിച്ചിരുന്നു. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഈ നടപടിയില്‍ ശക്തമായ പ്രതിഷേധവും അറിയിച്ചിരുന്നു. ഓരോ വര്‍ഷവും ചൈനയില്‍ ആയിരക്കണക്കിന് ആളുകളാണ് ചൈനയില്‍ വധശിക്ഷക്ക് വിധേയരാകുന്നത് എന്നാണ് ആംനസ്ററി ഇന്റര്‍നാഷണല്‍ പോലെയുള്ള പ്രസ്ഥാനങ്ങള്‍ ആരോപിക്കുന്നത്.

അതേ സമയം ചൈനയിലെ വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ തന്നെ ചാരപ്പണിക്കാര്‍ ഒരുക്കുന്ന ഹണിട്രാപ്പില്‍ വീഴാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടനിലെ ഒരു ഏജന്‍സി ചൈനയില്‍ ചാരപ്പണി നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ ചൈനാക്കാരോട് എങ്ങനെ സുരക്ഷിതമായി തങ്ങളുടെ സംഘടനയുമായി ബന്ധപ്പെടാമെന്ന് ചൈനീസ് ഭാഷയില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് വന്‍ വിവാദം ഉയര്‍ത്തിയിരുന്നു.

Tags:    

Similar News