പശുവിന്‍ പാല്‍ സ്ഥിരം കുടിക്കുന്ന സ്ത്രീകള്‍ക്ക് ഹേര്‍ട്ട് അറ്റാക്കിനും സ്ട്രോക്കിനും സാധ്യത കൂടുതല്‍; ഓര്‍മ്മപ്പിശകും ക്ഷീണവും ശരീര വേദനയും ഉണ്ടെങ്കില്‍ അത് ലൈം ഡിസീസ് ആവാം; പരിശോധനയില്‍ കണ്ടെത്തണമെന്നുമില്ല
വലിയ അളവില്‍ നിത്യേന പശുവിന്‍ പാല്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക് ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത 12 ശതമാനം വരെ കൂടുതലാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഒരു ജീവിതകാലത്ത്, നിത്യേന 400 മില്ലി ലിറ്ററില്‍ അധികം പശുവിന്‍ പാല്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക്, ഹൃദയാഘാതത്തിനും മറ്റ് ഹൃദ്രോഗത്തിനും ഉള്ള സാധ്യത, പാല്‍ കുടിക്കാത്തവരെക്കാല്‍ കുറവാണെന്നാണ് കണ്ടെത്തിയത്. കൊഴുപ്പ് നിറഞ്ഞ പാലായാലും സ്‌കിംഡ് പാല്‍ ആയാലും അപകടസാധ്യത ഉണ്ടെന്നു തന്നെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്വീഡനിലെ ഉപ്സാല യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ശാസ്ത്രജ്ഞരായിരുന്നു പഠനം നടത്തിയത്. പാലുകുടിക്കുന്നവരില്‍ കാലക്രമേണ പാലിലെ പഞ്ചസാരയായ ലാക്‌റ്റോസ് ശരീര കോശങ്ങളില്‍ വീക്കത്തിനു കാരണമാകുമെന്നാണ് അവര്‍ പറയുന്നത്. ഇത് ഹൃദയത്തിന് മേല്‍ ഭാരം വര്‍ദ്ധിപ്പിക്കും. സ്ത്രീകളില്‍ ലാക്‌റ്റോസ് പുരുഷന്മാരേക്കാള്‍ വേഗത്തിലും കൂടുതല്‍ അളവിലും ദഹിക്കുമന്നതിനാലാണ് ഈ അപകടം സ്ത്രീകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതെന്നും അവര്‍ പറയുന്നു.
60,000 ല്‍ അധികം സ്ത്രീകളെയും 40,000 ല്‍ അധികം പുരുഷന്മാരെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പഠനത്തിന്റെ ഫലം ബി എം സി മെഡിസിന്‍ എന്ന ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 33 വര്‍ഷക്കാലമായി പിന്തുടരുന്ന ഭക്ഷണക്രമവും ജീവിത ശൈലിയുമെല്ലാം ഒരു ഫോമില്‍ പൂരിപ്പിച്ചു വാങ്ങി, ആ വിവരങ്ങള്‍ വിശദമായ വിശകലനത്തിന് വിധേയമാക്കിയായിരുന്നു പഠനം നടത്തിയത്.
നിങ്ങള്‍ക്ക് ലൈം ഡിസീസ് ഉണ്ടോ? അത് പരിശോധനയില്‍ കണ്ടെത്തണമെന്നില്ല
ഓര്‍മ്മക്കുറവ്, തളര്‍ച്ച, ശരീരവേദന എന്നിവ അനുഭവപ്പെട്ടാല്‍ അത് ഒരുപക്ഷെ ലൈം ഡിസീസ് എന്ന രോഗാവസ്ഥയാകാം എന്ന് പുതിയ റിപ്പോര്‍ട്ട്. ഈ രോഗം ഒരുപക്ഷെ കണ്ടു പിടിക്കാനും ആയേക്കില്ല. 51 കാരിയായ കൊമേഡിയനും നടിയുമായ മിറന്‍ഡ ഹാര്‍ട്ട് ഈ രോഗവുമായി, അതാണെന്നറിയാതെ ജീവിച്ചത് 30 വര്‍ഷക്കാലമായിരുന്നു. അമേരിക്കയിലെ വെര്‍ജീനിയ സംസ്ഥാനത്ത് ജീവിക്കുമ്പോള്‍ കൗമാരക്കാലം മുതല്‍ തന്നെ അവരില്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു.
അടുത്ത കാലത്ത് നിരവധി രക്തപരിശോധനകള്‍ നടത്തിയപ്പോഴാണ് അവര്‍ക്ക് ലൈം ഡിസീസ് ആണെന്ന് മനസ്സിലായത്.ബൊറേലിയ എന്ന വിഭാഗത്തില്‍ പെടുന്ന ബാക്ടീരിയകള്‍ മൂലം ഉണ്ടാകുന്ന ഒരു അണുബാധയാണ് ലൈം ഡിസീസ്. ചെള്ളുകള്‍ വഴിയാണ് ഈ ബാക്ടീരിയകള്‍ പടരുന്നത്. രോഗം കണ്ടെത്തി ചികിത്സ ആരംഭിച്ച അവരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും രോഗമുക്തി നേടിയിട്ടില്ല.
ഓരോ വര്‍ഷവും ലൈം ഡിസീസിന്റെ 3000 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇത് ഔദ്യോഗിക കണക്കിന്റെ മൂന്നിരട്ടിയെങ്കിലും വരും എന്നാണ് ചാരിറ്റിയായ ലൈം ഡിസീസ് യു കെ പറയുന്നത്. നഗരങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ഹരിതയിടങ്ങള്‍ ചെള്ളുകള്‍ക്ക് വളരാനും പെറ്റ് പെരുകാനും കൂടുതല്‍ സൗകര്യം നല്‍കുന്നുവെന്നും അതാണ് രോഗബാധ വര്‍ദ്ധിക്കാന്‍ കാരണമെന്നും ഒരു വാദവും ഉയരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ഇതിന് ഒരു കാരണമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
മനുഷ്യര്‍ ഉള്‍പ്പടെയുള്ള സസ്തനികളുടെ രക്തം കഴിച്ച് ജീവിക്കുന്ന തരം ചെള്ളുകള്‍ വഴി പകരുന്ന ഒരു ബാക്ടീരിയ ബാധയാണ് ലൈം ഡിസീസ്. ഇത് ആദ്യമായി കണ്ടെത്തിയത് 1975 ല്‍, അമേരിക്ക, കണക്റ്റിക്യൂട്ടിലെ ലൈം നഗരത്തിലായതിനാലാണ് രോഗത്തിന് ഈ പേര് ലഭിച്ചത്. ചെള്ളുകള്‍ രക്തം കുടിക്കുന്നതിനായി ശരീരത്തിലെവിടെയെങ്കിലും കടിക്കുമ്പോഴാണ് ബാക്ടീരിയ മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നത്.