'സത്യം നിങ്ങള്‍ ഇതുവരെ കേട്ടതോ കണ്ടതോ അല്ല; ജീവിതത്തില്‍ നടക്കരുതെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ ആണ് നടന്നു കൊണ്ടിരിക്കുന്നത്; കുടുംബപരമായ പ്രശ്‌നങ്ങളില്ല; പ്രഫഷനല്‍ പ്രശ്‌നങ്ങള്‍; സത്യം പുറത്തു കൊണ്ടുവരാന്‍ നിയമപരമായി മുന്നോട്ടു പോകും'; മാരിയോ ജോസഫുമായുള്ള പ്രശ്‌നത്തില്‍ പ്രതികരണവുമായി ജിജി മാരിയോ

മാരിയോ ജോസഫുമായുള്ള പ്രശ്‌നത്തില്‍ പ്രതികരണവുമായി ജിജി മാരിയോ

Update: 2025-11-21 05:05 GMT

തൃശൂര്‍: ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് ചാലക്കുടിയിലെ ഇന്‍ഫ്‌ലുവന്‍സര്‍ ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കവും സൈബര്‍ പോരും തുടരുന്നതിനിടെ സംഘര്‍ഷത്തില്‍ നിയമപരമായി മുന്നോട്ടു പോകുമെന്ന് മാരിയോ ജോസഫിന്റെ ഭാര്യ ജീജി മാരിയോ. കുടുംബപരമായ പ്രശ്‌നമല്ലെന്നും പ്രഫഷനല്‍ പ്രശ്‌നങ്ങളാണ് ഇതിന് പിന്നിലെന്നും ജീജി മാരിയോ വ്യക്തമാക്കി. ജീവിതത്തില്‍ നടക്കരുതെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ ആണ് നടന്നു കൊണ്ടിരിക്കുന്നത്. സത്യം പുറത്തു കൊണ്ടുവരാന്‍ നിയമപരമായി മുന്നോട്ടു പോകുമെന്നും ഫിലോക്കാലിയ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുമെന്നും ജീജി കൂട്ടിച്ചേര്‍ത്തു.

കുടുംബ വഴക്കുകള്‍ പരിഹരിക്കുന്നതിന് സമൂഹമാധ്യമങ്ങളിലൂടെ ഉപദേശങ്ങള്‍ നല്‍കിയിരുന്ന ദമ്പതികള്‍ ആയിരുന്നു മാരിയോ ജോസഫും ജീജി മാരിയോയും. ഇരുവരും ചാലക്കുടിയില്‍ ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിക്കൊണ്ടു വരികയായിരുന്നു. ഇതിനിടയിലാണ് തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത്. അത് പരിഹരിക്കുന്നതിന് ജീജി ഒക്ടോബര്‍ 25ന് ഭര്‍ത്താവിന്റെയടുത്തെത്തി. സംസാരിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമായി. ഇതിനിടയില്‍ ഭര്‍ത്താവ് ക്യാമറയുടെ ഡിവിആര്‍ ഉപയോഗിച്ച് തലയില്‍ അടിച്ചെന്നായിരുന്നു ജിജി മാരിയോയുടെ ആരോപണം.

ആരെയും അപമാനിക്കാനുള്ള മനസില്ലാത്തത് കൊണ്ടാണ് ഇത്രയും നാളും മിണ്ടാത്തിരുന്നതെന്നും വിഷയത്തിന്റെ പേരില്‍ താനും മക്കളും സോഷ്യല്‍ മീഡിയയില്‍ ബലിയാടാവുകയാണെന്ന് ജിജി മാരിയോ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ''ഫിലോകാലിയയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം മാരിയോ രഹസ്യമായി കമ്പനി ആരംഭിച്ചു. തനിക്ക് കമ്പനിയില്‍ യാതൊരു ബന്ധമില്ല. അജ്മലടക്കമുള്ള ചിലരുടെ നേതൃത്വത്തിലായിരുന്നു കമ്പനി. ഞാനതിനെ ചോദ്യം ചെയ്തു, എതിര്‍ത്തു. ഇതോടെ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കാതെയായി. വീട് നിര്‍മാണം പ്രതിസന്ധിയിലായി'', ജിജി പറഞ്ഞു.

കമ്പനി മുന്നോട്ട് പോയ്‌ക്കോളൂ പക്ഷേ ട്രസ്റ്റിന്റെ പ്രവര്‍ത്തനം മരവിപ്പിക്കരുതെന്ന് മാരിയോയോട് പറഞ്ഞു. കമ്പനിയുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് മാരിയോയുടെ ചാനലിലൂടെ കാണിച്ചു പണം ശേഖരിക്കാന്‍ തുടങ്ങി. ഇതോടെ ചാരിറ്റബിള്‍ ട്രസ്റ്റിന് ഫണ്ട് വരാതെയായി. 30 കുടുംബങ്ങളുടെ വീട് നിര്‍മാണം തുടങ്ങി. അങ്ങനെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും ജിജി പറഞ്ഞു. 'സത്യം നിങ്ങള്‍ ഇതുവരെ കേട്ടതോ കണ്ടതോ അല്ല. ചിലത് ഞാന്‍ തുറന്നുപറയുകയാണ്,' എന്ന ആമുഖത്തോടെ പങ്കുവെച്ച വിശദീകരണ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

കമ്പനിയിലെ മറ്റുള്ളവരോട് കുടുംബവും ട്രസ്റ്റും തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ടു. അവര്‍ ഗൂഡാലോചന നടത്തി എന്റെ ക്യാബിനില്‍ കയറി എന്നെ പുറത്താക്കി. ചര്‍ച്ച നടത്തുന്നതിനിടെ വീട്ടിലെ ക്യാമറയുടെ ഡിവിആര്‍ എടുത്ത് തലയ്ക്കടിച്ചു. മകള്‍ ബന്ധുക്കളെ വിളിച്ചു. ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് സ്വമേധയ കേസെടുക്കുന്നതെന്നും ജിജി പറഞ്ഞു. മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല. അത് മുതലെടുക്കുകയാണെന്നും ജിജി പറഞ്ഞു.

സോഷ്യല്‍ മീഡിയിയില്‍ തനിക്കെതിരെ വരുന്ന ആരോപണങ്ങള്‍ക്കെതിരെയും ജിജി പ്രതികരിച്ചിരുന്നു. ''അനുജന്‍ സ്വന്തം പൈസയ്ക്കാണ് വീടു വാങ്ങിച്ചത്. ഫിലോകാലിയ ആരംഭിച്ചത് നാലു വര്‍ഷം മുന്‍പാണ്. അതിന് മുന്‍പാണ് കാര്‍ വാങ്ങുന്നതും വീട് പണിയുന്നതും. നേരത്തെയായിരുന്നു ആര്‍ഭാടത്തോടെ ജീവിച്ചത്. ഇപ്പോള്‍ ആര്‍ഭാടമില്ല. വൃത്തിയുള്ള വസ്ത്രം ശീലമാണ്. മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കും. ഇതിനെ ആര്‍ഭാടമാണെന്ന് പറയേണ്ട കാര്യമില്ല''.

'കയ്യില്‍ പണമുണ്ടെങ്കില്‍ ഇന്ന് തനിക്ക് ഈ അവസ്ഥ വരില്ലെന്നും ജിജി പറഞ്ഞു. ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടിക്കാനും കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു. ഒരു പ്രോഗ്രാം ചെയ്താല്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് ലഭിക്കുക. പുസ്തക വില്‍പ്പനയും ഫെയ്‌സ്ബുക്കില്‍ നിന്നും വരുമാനമുണ്ട്', എന്നും ജിജി പറഞ്ഞു.

കുടുംബ പ്രശ്‌നങ്ങളേക്കുറിച്ചുള്ള വീഡിയോകളും ഓഡിയോ ക്ലിപ്പുകളും വൈറലായതിന് പിന്നാലെ അനുമതിയില്ലാതെ ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജിജി മരിയോ പറഞ്ഞിരുന്നു. ഇന്‍ഫ്‌ലുവന്‍സര്‍മാരായ മരിയോ ജോസഫും ഭാര്യ ജിജി മരിയോ ജോസഫും തമ്മിലുണ്ടായ തര്‍ക്കവും തമ്മിലടിയും പൊലീസ് കേസായതോടെയാണ് ചര്‍ച്ചയായത്. മര്‍ദ്ദനമേറ്റെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നവംബര്‍ ഒന്നാം തീയതി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്.

ദമ്പതികള്‍ തമ്മില്‍ തൊഴില്‍ സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും ഒമ്പതുമാസമായി അകന്നു കഴിയുകയുമാണെന്നുമാണ് പൊലീസിന്റെ എഫ് ഐ ആറില്‍ പറയുന്നത്. ഒക്ടോബര്‍ 25 ന് വൈകീട്ട് പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ജിജി, ഭര്‍ത്താവിന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ സംസാരിക്കുന്നതിനിടെ ഭര്‍ത്താവ് മര്‍ദിച്ചെന്നാണ് ഭാര്യയുടെ പരാതി. ഭര്‍ത്താവ് മരിയോ ജോസഫ്, ടി വിയുടെ സെറ്റ്ടോപ്പ് ബോക്സ് കൊണ്ട് തലയ്ക്കടിച്ചെന്നും കൈയില്‍ കടിച്ചെന്നും തലമുടിയില്‍ പിടിച്ചുവലിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. നവംബര്‍ ഒന്നിനാണ് ജിജി മരിയോ ജോസഫ് പൊലീസില്‍ പരാതി നല്‍കിയത്.

ജിജിയുടെ പരാതിയില്‍ ചാലക്കുടി പൊലീസാണ് കേസെടുത്തത്. ബി എന്‍ എസ് 126 പ്രകാരമാണ് മാരിയോക്കെതിരെ കേസെടുത്തിട്ടുള്ളത്. ഒരു മാസം തടവും അയ്യായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നല്‍കിയിട്ടുണ്ട്.

ജിജി മരിയോയുടെ ഫേസ്ബുക്ക് കുറിപ്പ്

സത്യം നിങ്ങള്‍ ഇതുവരെ കേട്ടതോ കണ്ടതോ അല്ല. ചില സത്യങ്ങള്‍ ഞാന്‍ തുറന്നുപറയുകയാണ്... എത്ര വിദഗ്ദമായിട്ടാണ് അവര്‍ നുണകള്‍ പറഞ്ഞു പരത്തി ജനങ്ങളെ വിശ്വസിപ്പിച്ചിരിക്കുന്നത് ? എന്നെയും മക്കളെയും സമൂഹത്തിന് മുന്നില്‍ കടിച്ചു കീറാന്‍ ഇട്ട് കൊടുക്കാന്‍ എങ്ങനെ സാധിക്കുന്നു ? ഒരിക്കലും ആരെയും കുറ്റപ്പെടുത്താനോ അപമാനിക്കാനോ താല്‍പര്യം ഇല്ലാത്ത വ്യക്തിയാണ്. എന്നാല്‍ ഇപ്പോഴത്തെ എന്റെയും മക്കളുടെയും നിസ്സഹായ അവസ്ഥയില്‍ പ്രതികരിക്കേണ്ടത് നിര്‍ബന്ധിതമാകുന്നത് കൊണ്ട് ചില യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാക്കുന്നു. എനിക്കതില്‍ അതിയായ ഖേദം ഉണ്ട്.

'അവളെ ക്രൂശിക്കുക, അവളെ ക്രൂശിക്കുക 'എന്ന് മുറവിളി കൂട്ടുന്ന കാപലികമാരാണ് ചുറ്റും. മനുഷ്യര്‍ ഇത്രയ്ക്കും അധഃപതിച്ചു പോകുമോ എന്ന ചോദ്യത്തിന് നേരിട്ട് ദൃകസാക്ഷിയായി കൊണ്ടിരിക്കുന്ന ദിവസങ്ങള്‍... മറ്റുള്ളവരുടെ വേദനകള്‍ എടുത്ത് റീച്ച് കൂട്ടാനും കൂടുതല്‍ കണ്ടന്റുകള്‍ ചെയ്യാനുമായുള്ള കടിപിടികള്‍, ഓട്ടപാച്ചിലുകള്‍... അതിനിടയില്‍ പിടഞ്ഞു വീഴുന്നത് ഒരമ്മയുടെയും രണ്ട് പെണ്മക്കളുടെയും ജീവനുകള്‍... ഇതെല്ലാം കണ്ട് ആര്‍ത്തട്ടഹിസിക്കുന്ന മനുഷ്യത്വം നഷ്ട്ടപെട്ടവര്‍...

ഇതിന്റെ ഒക്കെയിടയിലും എന്റെ ലക്ഷ്യം Philokalia Charitable Trust സംരക്ഷിക്കുക എന്റെ മക്കളുടെ ഭാവി ഉറപ്പാക്കുക എന്നതാണ്... ഒരു വര്‍ഷമായി Philokalia Charitable Trust ന്റെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങികിടക്കുകയാണ്.. ഏകദേശം മുപ്പതോളം വീടുകളുടെ പണികള്‍ ആണ് പാതിവഴിയില്‍ മുടങ്ങി കിടക്കുന്നത്.. അത് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുകയും Trust ന്റെ പ്രവര്‍ത്തനങ്ങള്‍ Safe ആക്കുകയും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം.. അതിന് തടസം നിന്നവര്‍ക്കെതിരെ ചില ക്രമക്കേടുകള്‍ ചൂണ്ടി കാണിക്കുകയും എതിര്‍ക്കുകയും ചെയ്തതിന്റെ ഫലമാണ് ഇപ്പോള്‍ ഞാനും മക്കളും അനുഭവിച്ചു കൊണ്ടിരിക്കുന്നത്...

പ്രധാനമായും 8 പേര്‍ അടങ്ങുന്ന ചിലര്‍ ചേര്‍ന്ന് Parallel ആയി Company section act -8 പ്രകാരം ഞാന്‍ അറിയാതെ Philokalia Foundation എന്ന പേരില്‍ മറ്റൊരു പ്രസ്ഥാനം ആരംഭിച്ചു.. എന്നെ അറിയിക്കാതെ തുടക്കകാലത്ത് രഹസ്യമായി വയ്ക്കുകയും ചെയ്തു.. പിന്നീടവര്‍ അത് പരസ്യമാക്കുകയും ജനങ്ങളെ കബളിപ്പിച്ച് ആ അക്കൗണ്ടിലേക്ക് Fund വരുത്താനും തുടങ്ങി.. സ്വാഭാവികമായും Philokalia Charitable Trust ലേക്ക് Fund വരാതാകുകയും Philokalia Charitable Trust ന്റെ പ്രവര്‍ത്തനങ്ങള്‍ മരവിക്കുകയും ചെയ്യുന്നു.

30-01-2019 ലാണ് Philokalia Charitable trust രൂപം കൊള്ളുന്നത്. 2021 നാണ് philokalia Charitable trust ന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്..ഇക്കാലയാളവില്‍ തന്നെ 200 ഓളം വീടുകള്‍ പണിതു നല്കാനും അനേകായിരങ്ങള്‍ക്ക് മരുന്നായിട്ടും സാമ്പത്തിക സഹായമായിട്ടും വിദ്യാഭ്യാസസഹായമായിട്ടും ചികിത്സാസഹായമായിട്ടും നല്‍കിയിട്ടുണ്ട്... ഇത് കുടുംബക്കാരുടെ ട്രസ്റ്റ് അല്ല. എന്റെ അനുജന്‍ ഗള്‍ഫില്‍ ആണ്. അനുജത്തിയും ഭര്‍ത്താവും ഗള്‍ഫില്‍ ആണ്. മറ്റൊരു അനുജത്തിയും ഭര്‍ത്താവും മഹാരാഷ്ട്രയില്‍ സ്‌കൂള്‍ നടത്തുന്നു..

കുടുംബക്കാര്‍ ആരും Philokalia Charitable Trust മായിട്ട് യാതൊരു തരത്തിലുമുള്ള ബന്ധം പുലര്‍ത്താറില്ല.. ഇടപെടാറുമില്ല... . കുവൈറ്റില്‍ ജോലി ചെയ്യുന്ന എന്റെ അനുജന്‍ രണ്ട് ലക്ഷം രൂപയോളം മാസ വരുമാനമുള്ളതാണ്. 20വര്‍ഷം പഴക്കമുള്ള പഴയൊരു വീട് 30 ലക്ഷം രൂപയ്ക്ക് എന്റെ അനുജന്‍ മേടിച്ചതാണ്. അതിനുള്ള എല്ലാവിധ തെളിവുകളും താമസിയാതെ കൊണ്ടു വരുന്നതാണ്. ആരോപിക്കുന്നതൊക്കെയും അടിസ്ഥാന രഹിതങ്ങളായ കാര്യങ്ങള്‍ ആണ്.. എനിക്ക് സ്വന്തമായി ഒന്നുമില്ല.. Philokalia എന്ന പ്രസ്ഥാനം ആരംഭിച്ചിട്ട് ഏകദേശം നാല് വര്‍ഷത്തോളം ആകുന്നതേയുള്ളൂ.. പ്രസ്ഥാനം തുടങ്ങുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ക്ക് വീടും കാറും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നു.

മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുവാനും ഒക്കെ കഴിഞ്ഞിട്ടുണ്ട്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാല് സെന്റിനുള്ളില്‍ പണിത വീട്ടിലാണ് ഞാനും മക്കളും താമസിക്കുന്നത്...എന്റെ കാറിന്റെ loan rs 25000 വച്ച് മാസം തോറും ഞാന്‍ അടച്ചു കൊണ്ടിരിക്കുന്നു.അജ്മല്‍ എന്ന വ്യക്തി 2017 ല്‍ ഡ്രൈവര്‍ ആയി വന്നയാള്‍ ആണ്.. ആ ഒരു വര്‍ഷം മാത്രമാണ് ഡ്രൈവര്‍ ആയി ജോലിക്ക് നിന്നത്. ഡ്രൈവര്‍ എന്നതില്‍ കവിഞ്ഞു യാതൊരു തരത്തിലുള്ള സ്വാതന്ത്ര്യവും ഞാന്‍ അജ്മലിന് നല്‍കിയിരുന്നില്ല... അജ്മല്‍ എന്ന് പറയുന്ന വ്യക്തി Philokalia Charitable Trust ന്റെ Staff ആയി പ്രവര്‍ത്തിച്ചിട്ടുമില്ല.

സ്വന്തം ഭാഗം ജയിക്കാന്‍ വേണ്ടിയും സ്വന്തം ക്രമക്കെടുകളും തെറ്റുകളും മറയ്ക്കാന്‍ വേണ്ടിയും നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞു മനുഷ്യരെ പറ്റിക്കാന്‍ എങ്ങനെ അവര്‍ക്ക് കഴിയുന്നു എന്നോര്‍ത്ത് ഞാനും മക്കളും അതിശയിക്കുന്നു... ഒരു സ്ത്രീയെ ഇല്ലാതാക്കാനും അവള്‍ക്ക് സമൂഹത്തില്‍ ഉള്ള വില നഷ്ട്ട പെടുത്താനും പുരുഷന്‍ ചെയ്യുന്ന ഏറ്റവും വലിയ ആയുധമാണ് അവളുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ സമൂഹത്തില്‍ അവഹേളിക്കുക എന്നുള്ളത്... അക്കാര്യത്തില്‍ ഒരു പരിധി വരെ അവര്‍ ജയിച്ചു കഴിഞ്ഞുവെങ്കിലും ഇപ്പോഴും എന്നില്‍ പ്രതീക്ഷയുണ്ട്. കാരണം സത്യം എന്നില്‍ നിന്ന് വിദൂരത്തില്‍ അല്ല എന്റെ കൂടെത്തന്നെയാണ് ഉള്ളത് എന്നതാണ് എന്റെ ബലം.

ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല. എല്ലാവര്‍ക്കും വാരിക്കോരി കൊടുത്തു... അക്കാര്യത്തില്‍ ഞാന്‍ മക്കളെ പോലും മറന്ന് പോയി. അവര്‍ക്ക് വേണ്ടി ഒന്നും ഞാന്‍ സാമ്പാദിച്ചു വച്ചിട്ടില്ല.. എന്നിട്ടും കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി ആക്രോശിക്കുമ്പോള്‍ കണ്ണില്‍ നിന്ന് ചോര മാത്രമാണ് ഒഴുകുന്നത്... ആരെയും കുത്തികൊലപെടുത്താന്‍ ശ്രമിച്ചിട്ടില്ല. ആരുടെയും കൊങ്ങയ്ക്ക് കയറി പിടിച്ചിട്ടില്ല.

ആരെയും ഇടിച്ചു താഴ്ത്താനോ അപമാനിക്കാനോ, കുറ്റവാളിയാക്കാനോ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് പല മാധ്യമങ്ങള്‍ വിളിച്ചിട്ട് പോലും ഞാന്‍ മറുപടി പറയാതിരുന്നത്... ഇപ്പോള്‍ എല്ലാം കൈവിട്ടു പോയി... അവര്‍ തൊടുത്ത് വിടുന്ന ഓരോ കൂരമ്പുകളും താങ്ങാന്‍ കഴിയാതെ ഞാനും മക്കളും നിര്‍ജീവമായ്‌കൊണ്ടിരിക്കുന്നു... താമസിയാതെ ഞാന്‍ വരും, സത്യത്തിന്റെ മുഖവുമായി... 'ധൈര്യം ഒരിക്കലും കോലാഹലങ്ങള്‍ ഉണ്ടാക്കുന്നില്ല. തളരരുത്, വീണ്ടും ശ്രമിക്കൂ എന്ന് മന്ത്രിച്ചു കൊണ്ടിരിക്കും.

Tags:    

Similar News