വൃശ്ചികത്തിലെ ഏകാദശി ഉദയാസ്തമന പൂജ മാറ്റിവെക്കാന്‍ നീക്കം; തിരക്ക് ഒഴിവാക്കാനെന്ന വ്യാജേന ആചാര ലംഘനങ്ങള്‍; ഗുരുവായൂര്‍ ക്ഷേത്രാചാരങ്ങളെ തകിടം മറിക്കരുതെന്ന് കേരളാ ക്ഷേത്ര സംരക്ഷണ സമിതി

ഗുരുവായൂര്‍ ക്ഷേത്രാചാരങ്ങളെ തകിടം മറിക്കരുതെന്ന് കേരളാ ക്ഷേത്ര സംരക്ഷണ സമിതി

Update: 2024-11-10 15:12 GMT

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രാചാരങ്ങളെ തകിടം മറിക്കരുതെന്ന് കേരളാ ക്ഷേത്ര സംരക്ഷണ സമിതി. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ മാറ്റിവെക്കാന്‍ ഒടുവില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ നീക്കങ്ങള്‍ക്കെതിരെയാണ് വിമര്‍ശനം.

ദേവസ്വം തീരുമാനങ്ങളില്‍ പലപ്പോഴും ഇടപെടാതെ മാറിനിന്നിട്ടുള്ള തന്ത്രികുടുംബങ്ങള്‍ സഹികെട്ടു ആചാര സംരക്ഷണത്തിനു കോടതിയെ ശരണം പ്രാപിക്കാന്‍ ഇടവരുത്തിയത് ഭക്ത ജനങ്ങള്‍ വളരെ ഗൗരവമായിട്ടാണ് കാണുന്നതെന്ന് കേരളാ ക്ഷേത്ര സംരക്ഷണ സമിതി വ്യക്തമാക്കുന്നു.

പാരമ്പരാഗതമായി നടത്തിവരുന്ന വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ മാറ്റിവെക്കാന്‍ പരമ രഹസ്യമായി ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത് എതിര്‍ക്കാന്‍ ഗുരുവായൂരിലെ തന്ത്രികുടുംബങ്ങള്‍ തയ്യാറായത് സ്വാഭാവികമാണ്.

താന്ത്രിക കാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ ചേന്നാസ് മനയിലെ തന്ത്രിമാരുടെ അഭിപ്രായത്തെ മാനിക്കാതെ മുഖ്യ തന്ത്രി സാഹസം കാണിക്കരുതായിരുന്നു. 2000 വര്‍ഷം മുമ്പ് ശ്രീമദ് ശങ്കരാചാര്യരാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആചാരങ്ങള്‍ ശാസ്ത്രീയമായി ഏകീകരിച്ചു നടപ്പിലാക്കിയതെന്നോര്‍ക്കണം.

അത് ഒറ്റയടിക്ക് കണ്ണടച്ച് തുറക്കുംമുന്‍പ് മാറ്റിമറിക്കാന്‍ ദേവസ്വം കാണിച്ച ധൃതിയും നിഗൂഢതയും ആചാരങ്ങളോടുള്ള ഗുരുവായൂര്‍ ദേവസ്വീ ബോര്‍ഡിന്റെ സമീപനത്തെയാണ് തുറന്നു കാണിക്കുന്നത്.

ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ ക്ഷേത്രം മുഖ മണ്ഡപത്തില്‍ ആധികാരികതയുള്ള വ്യക്തികളുടെ സാന്നിധ്യത്തില്‍ പ്രശ്‌നം വക്കുന്നതിനു പകരം ദേവസ്വം ബോര്‍ഡ് ഓഫീസില്‍ ഒറ്റരാശി പ്രശ്‌നം വച്ചുകൊണ്ട് നിര്‍വ്വഹിക്കുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

ഇക്കാര്യത്തില്‍ ഇനി ഒരു കോടതി വിധിക്കു കാത്തു നില്‍ക്കാതെ തന്ത്രി കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ കഴിയും വിധം ദേവസ്വം ബോര്‍ഡ് കോടതി മുമ്പാകെ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാവുകയാണ് വേണ്ടത്. തിരക്ക് ഒഴിവാക്കാനെന്ന വ്യാജേന ആചാര ലംഘനങ്ങള്‍ നടത്തുന്നതിനു പകരം ആചാരങ്ങള്‍ക്ക് കോട്ടം വരാത്തവിധമുള്ള മറ്റു ക്രമീകരണങ്ങള്‍ ചെയ്യാനാണ് ദേവസ്വം ശുഷ്‌ക്കാന്തി കാണിക്കേണ്ടതെന്നും കേരളാ ക്ഷേത്ര സംരക്ഷണ സമിതി വ്യക്തമാക്കി.

Tags:    

Similar News