എ.ഐ സഹായത്തോടെ സൈബർ ഭീഷണികളെ പ്രവചിക്കാൻ കഴിയുന്ന ക്ലൗഡ്സെക്ക്; 2015ൽ ആരംഭിച്ച സംരംഭം ഇന്ന് സേവനം നൽകുന്നത് മുന്നൂറോളം കമ്പനികൾക്ക്; മലയാളിയായ രാഹുൽ ശശിയുടെ സ്റ്റാർട്ടപ്പിന് കോടികളുടെ നിക്ഷേപവുമായി യുഎസ് പ്രാദേശിക സർക്കാർ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി
ബെംഗളൂരു: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് സൈബർ ഭീഷണികൾ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന സേവനങ്ങൾ നൽകുന്ന മലയാളിയുടെ സ്റ്റാർട്ടപ്പ് കമ്പനിയായ ക്ലൗഡ്സെക്കിൽ (CloudSEK) അമേരിക്കൻ സർക്കാർ നിക്ഷേപം നടത്തി. യുഎസിലെ കണക്റ്റിക്കട്ട് (Connecticut) സംസ്ഥാനത്തിന്റെ ഔദ്യോഗിക വെഞ്ച്വർ ക്യാപിറ്റൽ വിഭാഗമായ 'കണക്റ്റിക്കട്ട് ഇന്നൊവേഷൻസാണ്' (CI) 10 മില്യൺ ഡോളർ (ഏകദേശം 90 കോടി രൂപ) നിക്ഷേപം നടത്തിയത്.
ഇതോടെ ഒരു അമേരിക്കൻ സർക്കാർ ഫണ്ടിൽ നിന്ന് നിക്ഷേപം നേടുന്ന ആദ്യ ഇന്ത്യൻ സൈബർ സുരക്ഷാ കമ്പനിയായി ക്ലൗഡ്സെക്ക് മാറിയിരിക്കുകയാണ്. പുതിയ നിക്ഷേപത്തോടെ കമ്പനി ഇതുവരെ സമാഹരിച്ച ആകെ ഫണ്ട് 39 ദശലക്ഷം ഡോളറായി (ഏകദേശം 350 കോടി രൂപ) ഉയർന്നു. 200 ദശലക്ഷം ഡോളറാണ് (ഏകദേശം 1,800 കോടി രൂപ) ക്ലൗഡ്സെക്കിൻ്റെ നിലവിലെ മൂല്യം കണക്കാക്കുന്നത്. ഇതിന് മുൻപ്, സീരീസ് ബി1 റൗണ്ടിൽ 19 ദശലക്ഷം ഡോളറിൻ്റെ (ഏകദേശം 170 കോടി രൂപ) നിക്ഷേപവും കമ്പനി നേടിയിരുന്നു.
പുതിയ നിക്ഷേപം ക്ലൗഡ്സെക്കിൻ്റെ വളർച്ചയ്ക്കും സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാനും സഹായിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ രാഹുൽ ശശി പറഞ്ഞു. ഈ തുക പ്രധാനമായും യുഎസിലെ കമ്പനിയുടെ പ്രവർത്തനം വിപുലീകരിക്കാൻ വിനിയോഗിക്കും. നിലവിൽ യുഎസിൽ അഞ്ച് ജീവനക്കാരുള്ള ക്ലൗഡ്സെക്ക്, അടുത്ത ഒന്നര വർഷത്തിനുള്ളിൽ 20 പേരുടെ സംഘമാക്കി പ്രവർത്തനം വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
യുഎസിലെ 20 കമ്പനികൾക്ക് സൈബർ സുരക്ഷാ സേവനങ്ങൾ നൽകുന്ന ക്ലൗഡ്സെക്ക്, രണ്ട് വർഷത്തിനുള്ളിൽ ഇത് 200 ആക്കാനും പദ്ധതിയിടുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സഹായത്തോടെ സൈബർ ഭീഷണികളെ പ്രവചിക്കാൻ കഴിയുന്ന നൂതന സേവനങ്ങളാണ് ക്ലൗഡ്സെക്ക് നൽകുന്നത്. സൈബർ സുരക്ഷാ വിദഗ്ദ്ധനായ രാഹുൽ ശശി 2015-ലാണ് ഈ കമ്പനി സ്ഥാപിച്ചത്. നിലവിൽ വിവിധ മേഖലകളിലെ മുന്നൂറോളം കമ്പനികൾക്ക് ക്ലൗഡ്സെക്ക് തങ്ങളുടെ സേവനങ്ങൾ നൽകിവരുന്നു.
