യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനകം 40,000 രൂപ ശമ്പളം നടപ്പിലാക്കുമെന്ന് കെസിയുടെ പ്രഖ്യാപനം; പതിനായിരക്കണക്കിന് നഴ്‌സുമാരുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ സര്‍ക്കാരിന് വഴങ്ങേണ്ടി വരുമെന്ന് സമ്മതിച്ച മന്ത്രി കെ രാജന്‍; മുഖ്യമന്ത്രിയെ എല്ലാം അറിയിക്കാമെന്നും വാഗ്ദാനം; ശക്തന്റെ തട്ടകത്തില്‍ 'മലാഖമാരുടെ അവകാശ പ്രഖ്യാപനം'; രാഷ്ട്രീയക്കാരെ പോലും അമ്പരപ്പിച്ച് തൃശൂരിലെ ഒത്തുചേരല്‍

Update: 2026-02-22 08:15 GMT

തൃശൂര്‍: ചരിത്രം ഇതിനു മുന്‍പ് സാക്ഷ്യം വഹിക്കാത്ത വിധം തൃശൂര്‍ ശക്തന്‍ നഗറില്‍ മാലാഖമാരുടെ മഹാപ്രളയം! പത്തു ദിവസത്തെ പ്ലാനിംഗില്‍ പതിനയ്യായിരത്തോളം നഴ്‌സുമാരെ അണിനിരത്തി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നടത്തിയ 'അവകാശ പ്രഖ്യാപന കണ്‍വെന്‍ഷന്‍' കേരളത്തിലെ രാഷ്ട്രീയ-മത സംഘടനകളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ആശുപത്രി മുതലാളിമാരുടെ കൊള്ളലാഭത്തിന് നടുവില്‍ തുച്ഛമായ ശമ്പളത്തില്‍ പണിയെടുക്കുന്ന നഴ്‌സുമാര്‍ ഇനി തെരുവിലിറങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ പിണറായി സര്‍ക്കാരും പ്രതിരോധത്തിലായി.

അതിനിടെ ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെ പിന്തുണ തേടിയ സമ്മേളനത്തില്‍, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനകം 40,000 രൂപ ശമ്പളം നടപ്പിലാക്കുമെന്ന് കെ.സി. വേണുഗോപാല്‍ ഓണ്‍ലൈനായി വാഗ്ദാനം നല്‍കി. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിലും മാലഖമാരുടെ വോട്ടിന് വേണ്ടി വേതന വിഷയം ചര്‍ച്ചയാകും. അതിന് മുമ്പ് സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുമോ എന്നതും ഉയരുന്ന ചോദ്യമാണ്. ആരോഗ്യ സംവിധാനങ്ങളെ തളര്‍ത്താതെയായിരുന്നു ഈ സമ്മേളനം. രോഗികള്‍ക്ക് ചികില്‍സ നിഷേധം ഇല്ലെന്ന് ഉറപ്പാക്കിയുള്ള മാലാഖമാരുടെ ഒത്തു ചേരല്‍.

തൃശൂരിലെ ഏറ്റവും വലിയ ഗ്രൗണ്ടില്‍ പതിനായിരം കസേരകള്‍ ഇട്ടിട്ടും തിങ്ങിനിറഞ്ഞ നഴ്‌സുമാര്‍ വെറും കാഴ്ചക്കാരല്ല, തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ ഉറച്ചെത്തിയ പോരാളികളാണെന്ന് തെളിയിച്ചു. പങ്കെടുത്തവരില്‍ 90 ശതമാനവും മൂന്ന് വര്‍ഷത്തിനുള്ളില്‍ പഠിച്ചിറങ്ങിയ പുതിയ തലമുറയിലെ പെണ്‍കുട്ടികളായിരുന്നു. ആശുപത്രി പ്രവര്‍ത്തനം സ്തംഭിപ്പിക്കാതെ, ഷെഡ്യൂള്‍ കൃത്യമായി പാലിച്ച് മൂന്നിലൊന്ന് പേര്‍ ജോലിയില്‍ തുടര്‍ന്നപ്പോഴും ശേഷിച്ചവര്‍ തൃശൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു. 2018-ല്‍ നിശ്ചയിച്ച 20,000 രൂപ എന്ന അടിസ്ഥാന ശമ്പളം എട്ടു വര്‍ഷമായിട്ടും പരിഷ്‌കരിക്കാത്തതാണ് പ്രധാന പ്രതിഷേധം. ഇത് 40,000 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം.

ജനുവരി 28-ന് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിക്കുമെന്ന് ഉത്തരവിട്ടെങ്കിലും ഒരു മാസമായിട്ടും നടപടിയുണ്ടായില്ല. ഇതിനിടെ പഴയ ശമ്പളത്തിന്റെ ശതമാനം കണക്കാക്കി നഴ്‌സുമാരെ പറ്റിക്കാനുള്ള നീക്കത്തെയും സംഘടന ശക്തമായി എതിര്‍ക്കുന്നു. സര്‍ക്കാരിനെതിരെ നടന്ന ഈ വന്‍ പടയൊരുക്കത്തില്‍ ഉദ്ഘാടകനായി എത്തിയത് മന്ത്രി കെ. രാജന്‍ ആയിരുന്നു. പതിനായിരക്കണക്കിന് നഴ്‌സുമാരുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ സര്‍ക്കാരിന് വഴങ്ങേണ്ടി വരുമെന്ന് അദ്ദേഹത്തിന്റെ പ്രസംഗം സൂചിപ്പിച്ചു. 'നിങ്ങളുടെ ഒരു മുടിനാരിഴ പോലും പറിക്കാന്‍ ഒരു ആശുപത്രി മുതലാളിക്കും ധൈര്യം ഉണ്ടാവില്ല' എന്ന് യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ പ്രഖ്യാപിച്ചപ്പോള്‍ ഗ്രൗണ്ട് ഒന്നടങ്കം ഇരമ്പി. മാധ്യമങ്ങള്‍ അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ നഴ്‌സിംഗ് ലോകം തങ്ങളുടെ കരുത്ത് കാട്ടുകയാണ്. കേരള ചരിത്രത്തില്‍ ഒരു തൊഴില്‍ സംഘടന നടത്തുന്ന ഏറ്റവും വലിയ ശക്തിപ്രകടനമായി തൃശൂര്‍ സമ്മേളനം മാറിക്കഴിഞ്ഞു.

ഈ വാര്‍ത്തയുടെ വിശദ വീഡിയോ സ്‌റ്റോറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Full View

വെറും പത്തു ദിവസത്തെ പ്ലാനിംഗിലൂടെ പതിനയ്യായിരം പേരെ അണിനിരത്തുക എന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും അസാധ്യമായ കാര്യമാണ്. എന്നാല്‍, പങ്കെടുത്തവരില്‍ 90 ശതമാനവും മൂന്ന് വര്‍ഷത്തിനുള്ളില്‍ പഠിച്ചിറങ്ങിയ ന്യൂജന്‍ കുട്ടികളായിരുന്നു എന്നതാണ് ഈ സമരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തങ്ങളെ ആര്‍ക്കും അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും, പഴയപോലെ തുച്ഛമായ ശമ്പളത്തില്‍ ജീവിതം ഹോമിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നുമുള്ള ശക്തമായ സന്ദേശമാണ് ഈ പെണ്‍കുട്ടികള്‍ സമൂഹത്തിന് നല്‍കിയത്. ആശുപത്രി മാനേജ്‌മെന്റുകള്‍ ഭീഷണിപ്പെടുത്തിയിട്ടും, കിലോമീറ്ററുകള്‍ താണ്ടി തൃശൂരിലേക്ക് ഒഴുകിയെത്തിയ മാലാഖമാര്‍ക്ക് മുന്നില്‍ പോലീസും പകച്ചുനിന്നു.

എട്ടു വര്‍ഷമായിട്ടും നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ചിട്ടില്ല. 2018-ല്‍ നിശ്ചയിച്ച 20,000 രൂപ കൊണ്ട് ഇന്ന് ജീവിക്കാനാകില്ലെന്ന് ഇവര്‍ ഉറച്ചു പറയുന്നു. ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിക്കുമെന്ന് ജനുവരി 28-ന് ഉറപ്പ് നല്‍കിയ സര്‍ക്കാര്‍, പിന്നീട് കള്ളക്കളി നടത്തുകയാണ്. പഴയ ശമ്പളത്തിന്റെ തുച്ഛമായ ശതമാനം കൂട്ടി നഴ്‌സുമാരുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കത്തെ തങ്ങള്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ മുന്നറിയിപ്പ് നല്‍കി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നൂറു ദിവസത്തിനകം 40,000 രൂപ അടിസ്ഥാന ശമ്പളം നടപ്പിലാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഓണ്‍ലൈനായി പ്രഖ്യാപിച്ചു. ഇത് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

സമരവേദിയില്‍ ഉദ്ഘാടകനായെത്തിയ മന്ത്രി കെ. രാജന്‍, നഴ്‌സുമാരുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് പറഞ്ഞ് തടിയൂരാനാണ് അദ്ദേഹം ശ്രമിച്ചത്. അതും അവര്‍ക്ക് പ്രതീക്ഷാണ്.

Tags:    

Similar News