പത്തനംതിട്ടയില്‍ എംഡിഎംഎയുമായി പിടിയിലായ രണ്ടുയുവാക്കളും ഡിവൈഎഫ്‌ഐക്കാര്‍; അഖില്‍രാജ് മേഖല സെക്രട്ടറിയും അനന്തു പ്രവര്‍ത്തകനും; രാഷ്ട്രീയ ബന്ധം മറയാക്കിയുള്ള ലഹരികടത്തിനിടെ പിടിവീണത് എസ്പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന്

പത്തനംതിട്ടയില്‍ എംഡിഎംഎയുമായി പിടിയിലായ രണ്ടുയുവാക്കളും ഡിവൈഎഫ്‌ഐക്കാര്‍

Update: 2026-02-22 15:15 GMT

പത്തനംതിട്ട/തിരുവല്ല: ജില്ലയില്‍ മാരക ലഹരിമരുന്നായ എംഡിഎംഎ (MDMA) വിപണനം നടത്തുന്ന സംഘത്തില്‍ പിടിയിലായ യുവാക്കളില്‍ ഒരാള്‍ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയും സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവും. അഖില്‍ രാജ് (28): ഡിവൈഎഫ്‌ഐ ഇളമണ്ണൂര്‍ മേഖല സെക്രട്ടറിയും നിലവില്‍ പൂതംങ്കര കിഴക്ക് സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ്. അനന്തു (26): ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്.

ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രകാശ് കെഎസ്, തിരുവല്ല ഡിവൈഎസ്പി ജിജു ടിആര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതികള്‍ നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച മുതല്‍ ഇവരെ പിന്തുടര്‍ന്ന അന്വേഷണസംഘം, ഞായറാഴ്ച പുലര്‍ച്ചയോടെ തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇരുവരെയും വളയുകയായിരുന്നു.

പ്രതികളില്‍ നിന്ന് 46 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ഇതിന് വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ ലഹരിമരുന്ന് കേരളത്തിലെത്തിച്ച് ചെറുകിട വിതരണക്കാര്‍ക്ക് കൈമാറുന്ന പ്രധാന ക്യാരിയര്‍മാരാണ് ഇവരെന്ന് പോലീസ് സ്ഥിരീകരിച്ചു.

രാഷ്ട്രീയ തണലില്‍ ലഹരിക്കടത്ത്?

പിടിയിലായ അഖില്‍ രാജ് ഭരണകക്ഷിയുടെ സജീവ പ്രവര്‍ത്തകനും ഉത്തരവാദിത്തപ്പെട്ട ഭാരവാഹിയുമാണ്. ഇയാളുടെ രാഷ്ട്രീയ സ്വാധീനം ലഹരിക്കടത്തിന് മറയാക്കിയിരുന്നോ എന്ന് പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് മുന്‍പും ഇരുവരുടെയും പേരില്‍ നിരവധി കേസുകളുണ്ട്. ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്ന വലിയ മാഫിയാ സംഘത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ഓപ്പറേഷന് പിന്നില്‍ വന്‍ സംഘം

തിരുവല്ല ഇന്‍സ്പെക്ടര്‍ സുജിത് കെഎസിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ധന്യ, അജികുമാര്‍ ആര്‍ എന്നിവരും ജില്ലാ ഡാന്‍സാഫ് (DANSAF) ടീമും ചേര്‍ന്നാണ് പ്രതികളെ പൂട്ടിയത്. അന്വേഷണ സംഘത്തില്‍ സുജിത്ത്, മിഥുന്‍, ശ്രീരാജ്, ബിനു, ജിതിന്‍, അഖിലേഷ്, അവിനാഷ്, ടോജോ എന്നിവരുണ്ടായിരുന്നു.

ജില്ലയിലെ മയക്കുമരുന്ന് ശൃംഖലയെ വേരോടെ അറുക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Tags:    

Similar News