കേരളത്തില്‍ നിപ്പയില്ല; വ്യാജ അലര്‍ട്ടില്‍ കുടുങ്ങി മലയാളിയുടെ കയറ്റുമതി സ്വപ്‌നങ്ങള്‍ പ്രതിസന്ധിയില്‍; സൗദിയുടെ വിലക്ക് നീക്കാന്‍ കേന്ദ്രം ഇടപെടണം; കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കത്തു നല്‍കി കേരളം; പ്രതീക്ഷിക്കുന്നത് അതിവേഗ നടപടികള്‍
തിരുവനന്തപുരം: കേരളത്തില്‍ നിപ്പാ വൈറസ് ബാധയുണ്ടെന്ന തെറ്റായ പ്രചാരണത്തെത്തുടര്‍ന്ന് സംസ്ഥാനത്തു നിന്നുള്ള കയറ്റുമതിക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തി. നിലവില്‍ കേരളത്തില്‍ നിപ്പാ ബാധയൊന്നുമില്ലെന്നും പുറത്തുവന്നത് വ്യാജ അലര്‍ട്ടാണെന്നും സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു.
കേരളത്തില്‍ നിപ്പയുണ്ടെന്ന തെറ്റായ വിവരത്തെത്തുടര്‍ന്ന് സൗദി അറേബ്യ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത് കേരളത്തിലെ കയറ്റുമതി മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ നീക്കം തടസ്സപ്പെട്ടതോടെ കര്‍ഷകരും വ്യാപാരികളും കടുത്ത ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് നേരിട്ട് വിഷയത്തില്‍ ഇടപെട്ടത്.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള റീജിയണല്‍ ഹെഡിനാണ് കേരളം കത്തയച്ചത്. 2026 ഫെബ്രുവരി 18-നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി ജോയിന്റ് സെക്രട്ടറി ഷീജ സി.ജി. ഈ കത്ത് കൈമാറിയത്. കേരളത്തില്‍ ഇപ്പോള്‍ നിപ്പാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിപ്പയുണ്ടെന്ന് വന്ന വാര്‍ത്തകള്‍ വെറും വ്യാജമാണ്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ബന്ധപ്പെട്ട അധികൃതരുമായി ചര്‍ച്ച നടത്തി അടിയന്തര നടപടി സ്വീകരിക്കണം എന്നതാണഅ ആവശ്യം.
സൗദി അറേബ്യയിലെ അധികൃതരുമായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച നടത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയാല്‍ മാത്രമേ കേരളത്തിന്റെ കയറ്റുമതി വിപണി പഴയ നിലയിലാകൂ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും സംസ്ഥാനം കര്‍ശന നിലപാടിലാണ്. 'കേരളത്തിന്റെ വിപണിയെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം പടച്ചുവിട്ടതാണ് നിപ്പാ ഭീതിയെന്ന് സംശയമുണ്ട്. സര്‍ക്കാരിന്റെ ഈ കൃത്യസമയത്തുള്ള ഇടപെടല്‍ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്നുറപ്പാണ്.'
പശ്ചിമബംഗാളില്‍ നിപ കേസുകള്‍ സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. രണ്ട് കേസുകള്‍ മാത്രമാണ് ഡിസംബര്‍ മുതല്‍ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. സമ്പര്‍ക്കത്തില്‍ വന്ന 196 പേരുടെ പരിശോധന ഫലം നെ?ഗറ്റീവാണെന്നും ആര്‍ക്കും രോഗ ലക്ഷണവുമില്ലെന്നും ചില മാധ്യമങ്ങള്‍ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയും ചെയ്തു. ബംഗാളില്‍ നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ബംഗാളില്‍ നിപ വന്ന സാഹചര്യമാണ് കേരളത്തിലെ കയറ്റുമതിയേയും ബാധിച്ചത്. ഏറെ കാലം മുമ്പ് കേരളത്തില്‍ നിപ വന്നിരുന്നു. ഇതോടെ കേരളത്തിലാണ് നിപയെന്ന നിലയില്‍ ചില പ്രചരണമുണ്ടായി. ഇതെല്ലാം സൗദിയുടെ വിലക്കിന് കാരണമായി. ഇത് നീക്കാനുള്ള നടപടികളാണ് കേരളം ആവശ്യപ്പെടുന്നത്.
