സീറ്റ് വോട്ടിന് വിറ്റെന്ന വോട്ടുകച്ചവട ആരോപണവും മുന്നണികള്‍ തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ 'ഡീലു'കളും പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ സജീവമായി; രാഷ്ട്രീയ പാര്‍ട്ടികള്‍ പരമ്പരാഗതമായി വിശ്വസിക്കുന്ന വോട്ട് ബാങ്കുകളില്‍ വിള്ളലുണ്ടാകുമോ എന്നതും നിര്‍ണ്ണായകം; ഹാട്രിക്കിന് സിപിഎം; തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്; നിലയുറപ്പിക്കാന്‍ ബിജെപി; കേരളം ഇന്ന് വോട്ട് ചെയ്യുമ്പോള്‍

Update: 2026-04-09 00:59 GMT

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യത്തിന് ഉത്തരം തേടി നാട് പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍, അവസാനവട്ട കണക്കെടുപ്പുകളുടെ തിരക്കിലാണ് മുന്നണികള്‍. ആവേശക്കൊടുമുടി കയറിയ പ്രചാരണത്തിന് തിരശ്ശീല വീഴുമ്പോഴും വോട്ടര്‍മാരുടെ നിശബ്ദ മനസ്സ് ആര്‍ക്കൊപ്പമെന്നത് പ്രവചനാതീതമായി തുടരുന്നു. വികസനത്തുടര്‍ച്ചയും രാഷ്ട്രീയ അട്ടിമറിയും നേര്‍ക്കുനേര്‍ പോരാടുന്ന ഈ തിരഞ്ഞെടുപ്പില്‍, ആരോപണപ്രത്യാരോപണങ്ങളുടെ പെരുമഴയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. അപ്രതീക്ഷിതമായ അടിയൊഴുക്കുകള്‍ ആരെ തുണയ്ക്കുമെന്ന ആശങ്ക നിലനില്‍ക്കുമ്പോഴും, തങ്ങള്‍ക്കാണ് വിജയസാധ്യതയെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും. അങ്ങനെ കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്.

തുടക്കത്തില്‍ വികസനനേട്ടങ്ങള്‍ ചര്‍ച്ചയാക്കാന്‍ മുന്നണികള്‍ ആഗ്രഹിച്ചെങ്കിലും, പ്രചാരണത്തിന്റെ ഗതി നിശ്ചയിച്ചത് തീപാറുന്ന രാഷ്ട്രീയ വിവാദങ്ങളാണ്. വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളില്‍ പോലും രാഷ്ട്രീയ അങ്കത്തട്ടില്‍ ഉയര്‍ന്നുകേട്ടത് ഭരണത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ ഗുരുതരമായ വെളിപ്പെടുത്തലുകളായിരുന്നു. സീറ്റ് വോട്ടിന് വിറ്റെന്ന വോട്ടുകച്ചവട ആരോപണവും മുന്നണികള്‍ തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ 'ഡീലു'കളും പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ സജീവ ചര്‍ച്ചയായി. വിദേശ ഫണ്ടുമായി ബന്ധപ്പെട്ട എഫ്.സി.ആര്‍.എ വിവാദങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ പുതിയൊരു പോര്‍മുഖം തുറന്നു. ഇതിന് പിന്നിലെ വസ്തുതകള്‍ തേടിയുള്ള വാദപ്രതിവാദങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവും സാരിയും വിതരണം ചെയ്‌തെന്ന പരാതികള്‍ ഒട്ടേറെ മണ്ഡലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വോട്ടിന് പണം നല്‍കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമാണെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും ജാഗ്രതയിലാക്കി. ഈ പ്രലോഭനങ്ങള്‍ സാധാരണ വോട്ടര്‍മാരുടെ നിലപാടില്‍ മാറ്റമുണ്ടാക്കുമോ എന്നത് നിര്‍ണ്ണായകമാണ്. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും അത് തങ്ങള്‍ക്ക് അനുകൂലമായ തരംഗമായി മാറുമെന്നുമാണ് യു.ഡി.എഫ് ക്യാമ്പിന്റെ കണക്കുകൂട്ടല്‍. സാധാരണക്കാരുടെ ദൈനംദിന പ്രശ്‌നങ്ങളും സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും നിശബ്ദ വോട്ടുകളായി പെട്ടിയില്‍ വീഴുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു.

എന്നാല്‍ ഈ വിലയിരുത്തലുകളെ ഭരണപക്ഷം പൂര്‍ണ്ണമായും തള്ളിക്കളയുകയാണ്. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ നല്‍കുന്ന അംഗീകാരം ഭരണത്തുടര്‍ച്ചയിലേക്ക് വഴിതുറക്കുമെന്ന് എല്‍.ഡി.എഫ് കരുതുന്നു. സംഘടനാ സംവിധാനത്തിന്റെ കരുത്തില്‍ ഓരോ വോട്ടും ഉറപ്പിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. മറുവശത്ത്, കേരളത്തില്‍ നിലവിലുള്ള ദ്വിധ്രുവ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ വോട്ടുവിഹിതം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും, ചിലയിടങ്ങളില്‍ അപ്രതീക്ഷിത അട്ടിമറികള്‍ സംഭവിക്കുമെന്നും ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നു.

പ്രകടമായ വോട്ടുകള്‍ക്ക് അപ്പുറം മണ്ഡലങ്ങളില്‍ ഇക്കുറി പ്രകടമാകുന്ന അടിയൊഴുക്കുകളാകും ഫലത്തില്‍ പ്രതിഫലിക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍ പരമ്പരാഗതമായി വിശ്വസിക്കുന്ന വോട്ട് ബാങ്കുകളില്‍ വിള്ളലുണ്ടായോ എന്നതും നിഷ്പക്ഷ വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ടുചെയ്തു എന്നതും ഫലത്തെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്. വിധി നിര്‍ണ്ണയിക്കുന്നതില്‍ സമുദായ സംഘടനകളുടെ നിലപാടുകള്‍ക്കും വലിയ പങ്കുണ്ട്. ജാതി-മത സമവാക്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ അവസാന നിമിഷവും സ്ഥാനാര്‍ത്ഥികള്‍ അണിയറയില്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ട്. മതമേലധ്യക്ഷന്മാരുമായും സമുദായ നേതാക്കളുമായും നടത്തിയ ചര്‍ച്ചകള്‍ വോട്ടായി മാറുമോ എന്ന് മുന്നണികള്‍ ഉറ്റുനോക്കുന്നു.

വിവാദങ്ങളുടെയും ആരോപണങ്ങളുടെയും പുകമറയ്ക്കുള്ളില്‍ വോട്ടര്‍മാരുടെ യഥാര്‍ത്ഥ മനസ്സ് ആര്‍ക്കൊപ്പമാണെന്നത് നിഗൂഢമായി തുടരുന്നു. ഓരോ മുന്നണിയും വിജയമുറപ്പിക്കുമ്പോള്‍, അപ്രതീക്ഷിത തിരിച്ചടികള്‍ ആര്‍ക്കൊക്കെയാകുമെന്നത് രാഷ്ട്രീയ നിരീക്ഷകര്‍ക്കും നിശ്ചയമില്ലാത്ത കാര്യമാണ്. ജനാധിപത്യത്തിന്റെ ഈ മഹാസംഗമത്തിന് ശേഷം ജനവിധി അറിയാന്‍ മേയ് നാലു വരെ കാത്തിരിക്കണം.

അതുവരെ പരസ്പരമുള്ള അവകാശ പ്രഖ്യാപനങ്ങളും കണക്കെടുപ്പുകളുമായി രാഷ്ട്രീയ കേരളം സജീവമായിരിക്കും. വോട്ടര്‍മാരുടെ നിശബ്ദ വിപ്ലവമാണോ അതോ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകൂട്ടലുകളാണോ വിജയിക്കുക എന്നത് ആ മെയ് ദിനം വ്യക്തമാക്കും.

Tags:    

Similar News