ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എസ് ഐ ടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന നിലയുണ്ടായി; അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ല; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ തകര്‍ച്ച ബോധ്യപ്പെട്ടതോടെയാണ് എസ്‌ഐടി അന്വേഷണം വഴിതിരിച്ചു വിടാന്‍ ഇടപെട്ടത്; മന്ത്രിയെ രക്ഷിക്കാന്‍ തന്ത്രിയെ കുടുക്കി; ആഞ്ഞടിച്ച് ചെന്നിത്തല; ശബരിമല സജീവ പ്രചരണ വിഷയം തന്നെ
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ കുറ്റവാളികളിലേക്ക് എത്താതിരിക്കാന്‍ വേണ്ടിയാണ് തന്ത്രിയുടെ അറസ്റ്റ് എന്നും ചെന്നിത്തല ആരോപിച്ചു. 41 ദിവസം കണ്ഠര് രാജീവരെ ജയിലില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് ഒരു തെളിവുമില്ലെന്ന് പറഞ്ഞ് കോടതി ജാമ്യം നല്‍കുകയാണ്. ഇത് തികച്ചു സംശയാസ്പദമായ അറസ്റ്റ് അല്ലേ എന്നും ചെന്നിത്തല ചോദിച്ചു. ഇതോടെ ഈ വിഷയം കോണ്‍ഗ്രസ് സജീവ പ്രചരണ വിഷയമാകുമെന്ന് ഉറപ്പായി.
365 ദിവസവും ശബരിമല നട തുറക്കണമെന്ന ആവശ്യം മുന്നോട്ട് വന്നപ്പോള്‍ തന്ത്രി എതിര്‍ത്തിരുന്നു. ഈ പക തന്റെ അറസ്റ്റിന് കാരണമായെന്നാണ് തന്ത്രി കോടതിയില്‍ അറിയിച്ചത്. തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് സംശയിക്കേണ്ടി വരും. ഹൈക്കോടതി ചൂണ്ടിക്കാണിച്ച മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ കൃത്യവിലോപങ്ങളും തീരുമാനങ്ങളും അന്വേഷിക്കാതെ, മുന്‍ മന്ത്രിമാരിലേക്കും ഇപ്പോഴത്തെ മന്ത്രിയിലേക്കും അന്വേഷണം നീളാതിരിക്കാന്‍ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്ന് വളരെ വ്യക്തമാവുകയാണ്. ശബരിമല ഉപയോഗിച്ചുകൊണ്ടുള്ള രാഷ്ട്രീയ കളിക്ക് ജനങ്ങള്‍ ചുട്ടമറുപടി നല്‍കും- രമേശ് ചെന്നിത്തല പറഞ്ഞു.
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എസ് ഐ ടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന നിലയുണ്ടായി. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ തകര്‍ച്ച ബോധ്യപ്പെട്ടതോടെയാണ് എസ്‌ഐടി അന്വേഷണം വഴിതിരിച്ചു വിടാന്‍ ഇടപെട്ടത്. മന്ത്രിയെ രക്ഷിക്കാന്‍ തന്ത്രിയെ കുടുക്കുകയായിരുന്നു. കടകംപള്ളിയിലേക്കും വി.എന്‍ .വാസവനിലേക്കും അന്വേഷണം എത്താതിരിക്കാനുള്ള നീക്കമായിരുന്നു. ശബരിമല ഉപയോഗിച്ച് കൊണ്ടുള്ള രാഷ്ട്രീയ കളിക്ക് കേരളം മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെന്നത്തിലയുടെ വിശദീകരണം ഇങ്ങനെ
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം കൊണ്ടുപോകാനോ അവറെ അറസ്റ്റു ചെയ്യാനോ ശ്രമിക്കാതിരുന്ന പ്രത്യേക അന്വേഷണ സംഘം ഒരു തെളിവുമില്ലാതിരുന്നിട്ടും ശബരിമല തന്ത്രിയെ അറസ്റ്റു ചെയ്യുകയും അദ്ദേഹത്തെ 41 ദിവസം ജയിലില്‍ കിടത്തുകയും ചെയ്തത് സംശയാസ്പദമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഉത്തരവ് അനുസരിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിച്ചതെന്ന് ഇതോടെ വ്യക്തമാവുകയാണ്. പ്രത്യേക അന്വേഷണ സംഘം ശക്തിയായി എതിര്‍ത്തിട്ടും ശബരിമല തന്ത്രി കണ്ഠരര് രാജീവരിന് ജാമ്യം അനുവദിച്ചുകൊണ്ട് കൊല്ലം വിജിലന്‍സ് കോടതി പുറപ്പെടുവിച്ച വിധിയില്‍ അദ്ദേഹത്തിനെതിരെ തെളിവിന്റെ ഒരു കണികപോലുമില്ലന്ന്്് വ്യക്തമായി പറയുകയുണ്ടായി. അപ്പോള്‍ എസ് ഐടി തന്ത്രിയെ മനപ്പൂര്‍വ്വം കുടുകുക്കുകയായിരുന്നോ എന്ന സംശമാണ് ഉളവാകുന്നത്. തന്ത്രിയെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ രാഷ്ട്രീയമായ ഇടപെടലുണ്ടായി എന്ന് വ്യക്തമാവുകയാണ്. എസ് ഐ ടിയെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണെന്ന സംശയം ഇപ്പോള്‍സത്യമായി എന്നാണ് മനസിലാകുന്നത്.
ശബരിമല പെരുംകൊള്ളയ്ക്ക് ഉത്തരവാദികള്‍ ആയ വന്‍ തോക്കുകളെ അറസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ വ്യക്തമായ സൂചനകള്‍ 2025 ഒക്ടോബര്‍ 21ലെയും, November 5 ലെയും, ഇടക്കാല ഉത്തരവുകളിലൂടെ ഹൈക്കോടതി,എസ് ഐ റ്റിക്ക് നല്‍കിയെങ്കിലും ആ ഉത്തരവുകള്‍ എല്ലാം, SIT പൂര്‍ണ്ണമായി അവഗണിക്കുകയായിരുന്നു. ഒക്ടോബര്‍ 21 ലെ ഇടക്കാല ഉത്തരവില്‍, ശബരിമല പെരുംകൊള്ളയുടെ ക്രിമിനല്‍ ഗൂഢാലോചനയുടെ തലം വിശദമായി അന്വേഷിക്കണം എന്നും, 2019 മുതല്‍ ഉള്ള സംഭവ വികാസങ്ങളും, ദ്വാരപാലക ശില്‍പങ്ങള്‍ പുറത്തേയ്ക്ക് കടത്തിയതും, ഒരു സംഘടിത വിശാല പദ്ധതിയുടെ ഭാഗം ആണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വിധിയുടെ എട്ടാം ഖണ്ഡികയില്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയുടെ 9 കാരണങ്ങള്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ദിശയില്‍ ഒരു അന്വേഷണവും SIT നടത്തിയില്ല.
2025 നവംബര്‍ 5 ലെ ഇടക്കാല ഉത്തരവില്‍, 20 മുതല്‍ 26 വരെയുള്ള ഖണ്ഡികയില്‍, 2025 സെപ്റ്റംബറില്‍ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണ്ണം പൂശിയതുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടുകളെ കുറിച്ച് ഹൈക്കോടതി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. (Page 20 - 23) സി പി എം പ്രതിനിധി ആയ പി എസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഈ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നത്. എന്നാല്‍ പി എസ് പ്രശാന്തിനെ രണ്ട് തവണ രഹസ്യമായി ചോദ്യം ചെയ്തു വിട്ട് അയക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ പരാജയത്തില്‍, ശബരിമല സ്വര്‍ണ്ണക്കൊള്ള മുഖ്യ പങ്ക് വഹിച്ചു എന്ന് തെളിഞ്ഞതോടെ, എസ് ഐ റ്റിയുടെ അന്വേഷണം പൂര്‍ണ്ണമായി അട്ടിമറിക്കപ്പെടുകയും, അന്വേഷണം മറ്റ് ദിശയിലേക്ക് വഴി തിരിച്ച് വിടുകയും ചെയ്തു എന്നാണ് മനസിലാകുന്നത്.
അന്വേഷണം കടകംപള്ളിയിലേക്കും, വാസവനിയിലേക്കും എത്താനിരിക്കാന്‍ വേണ്ടിയാണ് തന്ത്രിയെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത് 41 ദിവസം ജയിലില്‍ പാര്‍പ്പിച്ചത്. യുവതി പ്രവേശനത്തെയും, 365 ദിവസം നട തുറക്കണം എന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെയും എതിര്‍ത്തതില്‍ ഉള്ള പകപ്പോക്കല്‍ കൂടിയായിരുന്നു തന്റെ അറസ്റ്റ് എന്ന് തന്ത്രി കോടതിയില്‍ അറിയിച്ചത് അറസ്റ്റിന് കാരണമായി എസ് ഐ റ്റി കോടതിയില്‍ ബോധിപ്പിച്ച എല്ലാ കാരണങ്ങളും തെളിവിന്റെ കണിക പോലുമില്ല എന്ന് എണ്ണി എണ്ണി വ്യക്തമാക്കി കൊല്ലം വിജിലന്‍സ് കോടതി തള്ളിക്കളയുകയായിരുന്നു. തന്ത്രിയുടെ അറസ്റ്റ് പൂര്‍ണ്ണമായും രാ്ഷ്ട്രീയപ്രേരിതമാണെന്നും, അന്വേഷണം വന്‍തോക്കുകളിലേക്കെത്താതെ വഴിതിരിച്ചുവിടുകയായിരുന്നുവെന്നും വ്യക്തമാവുകയാണ്. ശബരിമലയെ ഉപയോഗിച്ച് വീണ്ടും വീണ്ടും രാഷ്ട്രീയം കളിക്കാനുള്ള സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമത്തിന് വിശ്വാസികളും ജനങ്ങളും ചുട്ടമറുപടി നല്‍കും.
ഉദ്യോഗസ്ഥര്‍ക്കതിരെ കര്‍ശന നടപടി സ്വീകരിക്കണം; ഇത് ഡാറ്റ പ്രൈവസിയുടെ ലംഘനമാണ്. സ്വകാര്യത നിയമങ്ങളുടെ ലംഘനമാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇത് ഡാറ്റ പ്രൈവസിയുടെ ലംഘനമാണ്. സ്വകാര്യത നിയമങ്ങളുടെ ലംഘനമാണ്. സര്‍ക്കാരില്‍ നിന്നും ശമ്പളം പറ്റുന്ന എല്ലാ ഉദ്യോഗസ്ഥന്മാരുടെയും വ്യക്തിപരമായ വാട്‌സ്ആപ്പില്‍ മുഖ്യമന്ത്രിയുടെ പേരില്‍ മെസ്സേജ് വ്യാപകമായി വരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ , ഡിആര്‍ വര്‍ദ്ധനവും, ഭവന നിര്‍മ്മാണ അഡ്വാന്‍സും പുനഃസ്ഥാപിച്ചു കൊണ്ട് ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്നും ഒപ്പമു ണ്ടാവുമെന്നും വരും നാളുകളില്‍ ഈ കരുതല്‍ തുടരുമെന്നും പിണറായി വിജയന്‍ ഉറപ്പു നല്‍കുന്നതായാണ് പോസ്റ്റ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഡാറ്റാബേസുകളില്‍ (SPARK പോലുള്ളവയില്‍) ജീവനക്കാര്‍ നല്‍കുന്ന ഫോണ്‍ നമ്പറുകള്‍, ഉദ്യോഗസ്ഥരുടെ സമ്മതം ഇല്ലാതെ ബള്‍ക്ക് മെസ്സേജിങ് ക്യാമ്പയിനുകള്‍ക്കും പിആര്‍ (PR) വര്‍ക്കുകള്‍ക്കും ഉപയോഗിച്ചിരിക്കുകയാണ്. ഇത് കടുത്ത സ്വകാര്യതാ ലംഘനമാണ്.
സര്‍ക്കാരിന്റെ കൈവശമുള്ള പൗരന്മാരുടെ/ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ (Personal Data) എത്രത്തോളം സുരക്ഷിതമാണ് എന്ന വലിയൊരു ചോദ്യമാണ് ഇത് ബാക്കിയാക്കുന്നത്. ഒരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് അനുവാദമില്ലാതെ കടന്നുകയറാന്‍ ഭരണകൂടം ഉള്‍പ്പെടെ ആര്‍ക്കും അവകാശമില്ല, ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഐടി ആക്ട് നല്‍കുന്ന സംരക്ഷണത്തിന്റെ ലംഘനം ആയതുകൊണ്ട് മുഖ്യമന്ത്രിക്കും ഐടി രേഖ ചോര്‍ത്തിയ മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥന്മാര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നു. ഇത് സ്വകാര്യത നിയമങ്ങളുടെ ലംഘനമല്ല എന്നാണ് ചീഫ് സെക്രട്ടറി പറയുന്നത്. പണ്ട് സ്പ്രിംഗ്ലര്‍ ഡാറ്റ ചോര്‍ത്തുന്ന സമയത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കരനും പറഞ്ഞത് ഇതുതന്നെയാണ്. ആരുടെയും വിവരങ്ങള്‍ ചോര്‍ത്തിയില്ല എന്ന്. അവസാനം ചോര്‍ത്തിയെന്നും പിന്നീട് അവര്‍ ഡിലീറ്റ് ചെയ്തു എന്നും ഹൈക്കോടതി തന്നെ കണ്ടെത്തി. ഇലക്ഷന്‍ പ്രൊപ്പഗാന്‍ഡയ്ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ അടിച്ചുമാറ്റി ഉപയോഗിച്ച ഒരു സര്‍ക്കാരിനെ ന്യായീകരിക്കത്തക്ക രീതിയില്‍ ചീഫ് സെക്രട്ടറി സ്വയം തരംതാഴരുത് എന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുളളത്.
ആരോഗ്യമേഖല വെന്റിലേറ്ററിലാണ്. സിസ്റ്റത്തിന്റെ എറര്‍ മാറ്റാന്‍ മന്ത്രി മാറിയേ മതിയാവു. ഒറ്റപ്പെട്ട സംഭവം എന്ന് ഓരോ തവണയും പറയുന്നത് കൊണ്ട് കാര്യമുണ്ടോ? സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരം ചെയ്യുകയാണ്. ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. രോഗികളുടെ വയറില്‍ എല്ലാം കത്രിക വരുന്നത് എന്തുകൊണ്ടാണ്? പരിഹാരം കാണാതെ സിസ്റ്റത്തിന്റെ എറര്‍ ആണെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം? ഹാരിസ് ഡോക്ടര്‍ മുന്നോട്ട് വച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടോ? അഖില്‍ മാരാര്‍ കോണ്‍ഗ്രസുകാരനല്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആളുകള്‍ കൂട് മാറി പോകുന്നു. പാര്‍ട്ടിക്കുവേണ്ടി പണിയെടുത്തവര്‍ക്ക് പരിഗണന നല്‍കുന്നുണ്ട്. കോണ്‍ഗ്രസ്സില്‍ ചേരുന്ന കാര്യത്തെ കുറിച്ച് ഒന്നും പ്രേം കുമാര്‍ പറഞ്ഞിട്ടില്ല. പ്രേം കുമാറിനെ സ്ഥാനാര്‍ഥി ആക്കുന്നതും ചര്‍ച്ച ചെയ്തിട്ടില്ല.
കേരള സ്റ്റോറിയെ എല്ലാവരും എതിര്‍ത്തതാണ്. കേരളത്തില്‍ അങ്ങനെയൊരു പ്രശ്‌നമില്ലാല്ലോ. സ്വാതന്ത്ര്യത്തോടെ ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും കേരളത്തില്‍ തടസ്സമില്ല. റീത്ത് വെച്ചുള്ള പ്രതിഷേധം സിപിഎമ്മിന്റെ രീതിയാണെന്നും അത്തരം പ്രതിഷേധം വേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന്റെ ഇരുണ്ടകാലം വൈബ്‌സൈറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് അതിനേക്കാള്‍ ഇരുണ്ടകാലം തങ്ങള്‍ക്കും പറയാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
