കൈകാലുകള്‍ കൂട്ടിക്കെട്ടി അതിക്രൂരമായി പീഡിപ്പിച്ചു; കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി; ഒന്നും സംഭവിക്കാത്തത് പോലെ അടുത്ത വീട്ടിലെത്തി വെള്ളം കുടിച്ചു; അവരുടെ ഫോണില്‍ നിന്നും അച്ഛനെ വിളിച്ചു വരുത്തി; 16കാരനെ കുരുക്കിയത് ആ ഫോണ്‍ കോള്‍; പ്ലസ് വണ്‍കാരന്‍ ലഹരിക്കടിമ; ഒറ്റയ്ക്ക് കൊല നടത്താന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍; അന്വേഷണം തുടരുന്നു
മലപ്പുറം: കരുവാരക്കുണ്ട് തൊടിയപുലത്ത് ഒന്‍പതാം ക്ലാസുകാരിയെ 16കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊലപാതകം നടത്തിയ ശേഷം പ്രതി റെയില്‍വേ സ്റ്റേഷനില്‍ പോയി. അവിടെ പോലീസിനെ കണ്ടപ്പോള്‍ മാറിനിന്ന ഇയാള്‍ പിന്നീട് സമീപത്തെ ഒരു വീട്ടിലെത്തി വെള്ളം ചോദിച്ചു. ആ വീട്ടുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വന്തം അച്ഛനെ വിളിച്ചു. അച്ഛന്‍ എത്തിയ ശേഷമാണ് പ്രതി അവിടെ നിന്ന് പോയത്. ഈ ഫോണ്‍ കോളാണ് പ്രതിയെ കുടുക്കാന്‍ പോലീസിനെ സഹായിച്ചതെന്നാണ് വിവരം. കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലാണ് നിലവില്‍ ആണ്‍കുട്ടിയുള്ളത്.
ആദ്യം ചോദ്യം ചെയ്തപ്പോള്‍ ബൈക്കില്‍ വരുമ്പോള്‍ ട്രെയിന്‍ കണ്ടു പേടിച്ചോടിയെന്നും രണ്ടുപേരും രണ്ടു വശത്തായെന്നും പിന്നീട് കണ്ടില്ലെന്നുമായിരുന്നു പ്രതി പറഞ്ഞത്. എന്നാല്‍ പോലീസ് കൃത്യമായ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ 16കാരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററും സമീപത്തെ വീട്ടുകാരും പ്രതിയെ സംഭവദിവസം കണ്ടിരുന്നു. ഇത് കേസില്‍ നിര്‍ണ്ണായക തെളിവായി മാറും. നിലമ്പൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.
ആളൊഴിഞ്ഞ സ്ഥലമെന്ന് മനസിലാക്കിയാണ് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയതെന്നും ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കയ്യും കാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കരുവാരക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത 16കാരന്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. അതേസമയം കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാകാമെന്ന് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഒറ്റക്ക് ഒരാള്‍ക്ക് ഇത് ചെയ്യാനാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വിജനമായ ഇടത്തേക്ക് സ്ഥല പരിചയമുള്ള ആളുകളുടെ സഹായം ഇല്ലാതെ എത്താനാവില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം നടവഴി ഉള്ള സ്ഥലമല്ലെന്നും വിജനവഴിയാണെന്നും നാട്ടുകാരും പറഞ്ഞു. ജനസമ്പര്‍ക്കമില്ലാത്ത സ്ഥലമാണെന്നും നാട്ടുകാര്‍ പറഞ്ഞു. 'പെണ്‍കുട്ടി പഠിക്കുന്നത് ഈ സ്ഥലത്ത് നിന്നും 10-20 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ്. ഒരു കിലോമീറ്റര്‍ കഴിഞ്ഞാല്‍ മറ്റൊരു സ്‌കൂളുമുണ്ട്. ആണ്‍കുട്ടിയുമായി തെളിവെടുപ്പ് എന്ന നിലയിലാണ് പൊലീസ് എത്തിയത്. കുട്ടിയോട് സംസാരിച്ചപ്പോള്‍ പൊലീസിന് കാര്യം മനസിലായിട്ടുണ്ടാകും. സാധാരണ കുടുംബമാണ്', നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ ട്രെയിന്‍ തട്ടി പെണ്‍കുട്ടി മരിച്ചെന്നായിരുന്നു ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയത് റെയില്‍വേ ട്രാക്കില്‍ നിന്നും ഉയര്‍ന്ന മേഖലയില്‍ നിന്നായത് പൊലീസില്‍ സംശയമുണ്ടാക്കിയിരുന്നു. മാത്രവുമല്ല, ശരീത്തില്‍ മുഴുവന്‍ മുറിവേറ്റ പാടുകളും കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലുമായിരുന്നു മൃതദേഹം. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കുട്ടിയുടെ സ്‌കൂള്‍ ബാഗ് മൃതദേഹത്തിനു അടുത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
കസ്റ്റഡിയിലെടുത്ത പ്ലസ് വണ്‍ വിദ്യാര്‍ഥി ലഹരിക്കടിമയാണെന്നാണ് ലഭിക്കുന്ന വിവരം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കത്തിലാണ് ഇപ്പോള്‍ നിലമ്പൂരിലെ നാട്ടുകാര്‍. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും ലഹരി പദാര്‍ത്ഥങ്ങളുടെ സ്വാധീനം ഇതിലുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പിന്നാക്കവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് ഇരുവരും പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും ഒരേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ തമ്മില്‍ നേരത്തെ അടുപ്പമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുടുംബം പരാതി നല്‍കുകയും ഇനി ഇത്തരം കാര്യങ്ങള്‍ ഉണ്ടാവില്ലെന്ന് പറഞ്ഞ് ഒത്തുതീര്‍പ്പാക്കി വിടുകയും ചെയ്തിരുന്നതാണ്. എന്നാല്‍ പ്രതി കഴിഞ്ഞ കുറെ നാളുകളായി സ്‌കൂളില്‍ വരാറില്ലായിരുന്നു.
ഇന്നലെ വൈകിട്ട് ഇരുവരും വാണിയമ്പലത്ത് വാഹനത്തില്‍ എത്തിയതാണെന്നാണ് പൊലീസ് കരുതുന്നത്. ട്രെയിന്‍ മാര്‍ഗ്ഗം ഇറങ്ങി പുള്ളിപ്പാടത്ത് എത്തിയതാണോ എന്നും പരിശോധിക്കുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ ഇന്നലെ രാത്രി മുതല്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. പിന്നീടാണ് ഏറ്റവും ഒടുവില്‍ പെണ്‍കുട്ടിയുടെ ടവര്‍ ലൊക്കേഷന്‍ കണ്ട തൊടികപ്പുലം ഭാഗത്ത് പൊലീസിന്റെ അന്വേഷണം എത്തുന്നത്.
പെണ്‍കുട്ടിയെ നേരത്തെ ശല്യം ചെയ്തതിന്റെ പേരില്‍ 16 കാരനെതിരെ പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. ഇക്കാരണത്താല്‍ കുട്ടിയെ ഇന്നലെ മുതല്‍ സംശയമുണ്ടായിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ പ്ലസ് ടു വിദ്യാര്‍ഥി കുറ്റം സമ്മതിക്കുകയായിരുന്നു. ആണ്‍സുഹൃത്ത് തന്നെയാണ് പൊലീസിന് മൃതദേഹം കാണിച്ചു കൊടുത്തത്. ബലാല്‍സംഗം നടന്നുവെന്നും അതിനുശേഷം കൊലപ്പെടുത്തിയെന്നുമാണ് കണ്ടെത്തല്‍. മൃതദേഹം വാണിയമ്പലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അധികം അകലെയല്ലാത്ത കാടുമൂടിയ സ്ഥലത്താണ് ഉപേക്ഷിച്ചിട്ടുള്ളത്.
ഇന്നലെ വൈകുന്നേരം ആറരയ്ക്കും രാത്രി ഒമ്പത് മണിക്കുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. വീട്ടിലേയ്ക്ക് വരുന്നതായി കുട്ടി മാതാപിതാക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്ന് കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
കുട്ടിയുടെ ബന്ധുക്കളും വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടയില്‍ കുട്ടിയുടെ ബന്ധുക്കള്‍ പ്രതിയുടെ വീട്ടിലുമെത്തിയിരുന്നു. പെണ്‍കുട്ടി വൈകുന്നേരം ആറുമണിവരെ തന്നോടൊപ്പമുണ്ടായിരുന്നുവെന്നും പിന്നീട് മറ്റൊരാളോടൊപ്പം പോയെന്നുമാണ് പ്രതി ബന്ധുക്കളോട് പറഞ്ഞത്. കൊടുംക്രിമിനലിനെ പോലെയാണ് പ്രതി സംസാരിച്ചതെന്നും ലഹരിക്കടിമയായവരെ പോലെയാണ് പെരുമാറിയതെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. ഇക്കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുകയാണ്.
പ്രതി ക്രിസ്മസ് അവധിക്കുശേഷം സ്‌കൂളില്‍ എത്തിയിട്ടില്ലെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. ഇയാള്‍ ചെറിയ ജോലിക്കുപോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവം നടക്കുന്നതിന്റെ രണ്ടുദിവസം മുന്‍പ് പ്രതി കുട്ടിയുടെ വീട്ടില്‍ പോയിരുന്നു. വീട്ടുകാര്‍ അടുപ്പത്തില്‍ നിന്ന് വിലക്കിയതോടെ കാണിച്ചുതരാമെന്ന് വെല്ലുവിളിച്ചാണ് പതിനാറുകാരന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് തിരികെപോയതെന്നും ബന്ധുക്കള്‍ പറയുന്നു.
അതേസമയം, ബലാത്സംഗം ചെയ്തശേഷം രക്ഷപ്പെടാന്‍ വേണ്ടിയാണ് പ്രതി കഴുത്തുഞെരിച്ച് കൊന്നതാകാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.വാണിയമ്പലത്തിനും തൊടിയപുലത്തിനുമിടയില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിലാണ് ഇന്നുച്ചയോടെ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.
പാണ്ടിക്കാട് തൊടിയപ്പുലം റെയില്‍വെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
