ആദ്യ തടയാന്‍ നിര്‍ദേശം; പിന്നാലെ കടത്തി വിടാനും; പത്തനംതിട്ടയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ എസ്എഫ്ഐ സമരം വിജയിപ്പിക്കാന്‍ പോലീസ് ഒത്താശ

എസ്എഫ്ഐ സമരം വിജയിപ്പിക്കാന്‍ പോലീസ് ഒത്താശ

Update: 2024-11-19 12:25 GMT

പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് കോളജില്‍ നാലാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ സമരം വിജയിപ്പിക്കാന്‍ പോലീസിന്റെ കൈ അയച്ച സഹായം. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ രണ്ടു സംഘമായി തിരിഞ്ഞാണ് മാര്‍ച്ച് നടത്തിയത്. കോളജ് കവാടത്തില്‍ പോലീസ് ബാരിക്കേഡ് വച്ച് ഒരു സംഘത്തെ തടഞ്ഞപ്പോള്‍ മറ്റൊരു കൂട്ടര്‍ വേറൊരു വഴിക്ക് കോളജിലേക്ക് തള്ളിക്കയറി. ആദ്യം ബാരിക്കേഡ് വച്ച് തടഞ്ഞവരെ കടത്തി വിട്ട് പോലീസ് ഭരണപ്പാര്‍ട്ടിയോടുള്ള വിധേയത്വവും കാട്ടി.

കോളജിന് സമീപം ബാരിക്കേഡ് നിരത്തുമ്പോള്‍ ഒരു കാരണവശാലും സമരക്കാരെ കടത്തി വിടരുതെന്ന് ഡിവൈ.എസ്പി നന്ദകുമാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സമരക്കാരെ തടഞ്ഞതോടെ ഇവര്‍ ബഹളം കൂട്ടി. ബാരിക്കേഡിന് സമീപം നിന്ന പോലീസുകാര്‍ നിസഹായരായിരുന്നു. ഭീഷണി മുഴക്കി കുട്ടിനേതാക്കള്‍ എത്തിയതോടെ ഡിവൈ.എസ്.പി തന്നെ അവരെ കടത്തി വിടാന നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ പോലീസുകാര്‍ക്കിടയിലും അതൃപ്തി ഉണ്ടായി.




അതിനിടെ അമ്മുവിന്റെ ആത്മഹത്യ സംബന്ധിച്ച് രക്ഷിതാക്കളും കോളജ് അധികൃതരും വ്യത്യസ്ത കാര്യങ്ങളാണ് പറയുന്നത്.

സഹപാഠികളുടെ മാനസിക പീഡനത്തെപ്പറ്റി പ്രിന്‍സിപ്പാളിന് പരാതിനല്‍കിയിട്ടും നടപടി ഉണ്ടാകാതിരുന്നതാണ് അമ്മു ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി പരുക്കേറ്റ വിദ്യാര്‍ത്ഥിനിക്ക് ചികിത്സ നല്‍കുന്നതിലടക്കം പിഴവുണ്ടായതായും ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. ഗുരുതരമായ പരുക്കുകളോടെ ജനറല്‍ ആശുപത്രിയിലെത്തിച്ച അമ്മുവിന് ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ അനാസ്ഥ കാണിച്ചതായും വിദഗ്ധ ചികിത്സക്കായി മെച്ചപ്പെട്ട സൗകര്യമുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാന്‍ വൈകി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

എന്നാല്‍, ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തതെന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി അധികൃതര്‍ പറയുന്നു. ഇവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലാക്കാണ് റഫര്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ, ബന്ധുക്കള്‍ നിര്‍ബന്ധിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയായിരുന്നു.

ഈ ആരോപണം ബന്ധുക്കള്‍ നിഷേധിച്ചു. ഇത്രയും ഗുരുതരമായ പരുക്കുകളുണ്ടായിരുന്ന കുട്ടിയെ ഏറ്റവുമടുത്ത് വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിലേക്കാണ് കൊണ്ടുപോകേണ്ടിയിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഓക്സിജന്‍ നല്‍കാനുള്ള സംവിധാനം പോലും ഇല്ലാത്ത ആംബുലന്‍സിലാണ് അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ക്ക് ആക്ഷേപമുണ്ട്.

Tags:    

Similar News