സംശയാസ്പദമായ പാക്കറ്റുകളുമായി വന്നവരെ യാത്ര ചെയ്യാന്‍ അനുവദിച്ചു; ബോംബ് സ്‌ക്വാഡ് പറന്നെത്തി യാത്രക്കാരെ പുറത്താക്കി പരിശോധന; ഗാറ്റ്വിക് എയര്‍പോര്‍ട്ടില്‍ ഇന്നലെ നടന്നത് നാടകീയ നീക്കങ്ങള്‍; നഷ്ടപരിഹാരവും കിട്ടില്ല
ലണ്ടന്‍: നാല് മണിക്കൂര്‍ നീണ്ട ഒഴിപ്പിക്കല്‍ നടപടികളില്‍ വിമാനങ്ങള്‍ പലതും റദ്ദ് ചെയ്യുകയും, വൈകുകയും ചെയ്തതോടെ ഇന്നലെ ഗാറ്റ്വിക് വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ കുപിതരായി. ഒഴിവുകാലമാസ്വദിക്കാന്‍ തയ്യാറായി എത്തിയ പലര്‍ക്കും വിമാനത്താവളത്തില്‍ കുരുങ്ങിക്കിടക്കേണ്ടി വന്നു. സംശയാസ്പദ ലഗേജുമായി എത്തിയ രണ്ടു പേരെ കടത്തി വിട്ടതിനെ തുടര്‍ന്നായിരുന്നു ഈ നടപടി ആവശ്യമായി വന്നത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സസ്സക്സ് പോലീസില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡ് എത്തിയതോടെ ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളം പുതുതായി എത്തുന്ന യാത്രക്കാര്‍ക്ക് അപ്രാപ്യമായി.
ഏകദേശം 50 ഓളം ഡിപ്പാര്‍ച്ചറുകള്‍ റദ്ദ് ചെയ്തതായാണ് വിവരം ലഭിക്കുന്നത്. സ്പെയിന്‍, പോര്‍ച്ചുഗല്‍, ട്രിനിഡാഡ്, ഇസ്ലാമാബാദ്, എന്നിവിടങ്ങളിലേക്കുള്‍പ്പടെ ഏതാണ് 30 ഓളം വിമാന സര്‍വ്വീസുകളാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശനം നിഷേധിച്ചതോടെ ചില വിമാനങ്ങളില്‍ യാത്രക്കാരെത്താതുമൂലം സര്‍വ്വീസുകള്‍ റദ്ദ് ചെയ്യേണ്ടതായി വന്നു. നോര്‍ത്ത് ടെര്‍മിനലിനെ സൗത്തുമായി ബന്ധിപ്പിക്കുന്ന മോണോ റെയില്‍ സ്റ്റേഷനില്‍ ആളുകള്‍ തിങ്ങി നിറഞ്ഞു.
പോലീസ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും, നേരത്തെ ലണ്ടനിലെ അമേരിക്കന്‍ എംബസിക്ക് നേരെ ഉണ്ടായ ഒരു ബോംബ് ഭീഷണിയുറ്റെ തുടര്‍ച്ചയാണിതെന്ന് പറയപ്പെടുന്നു. സംശയിക്കപ്പെടുന്ന ലഗേജുകള്‍ കൈകാര്യം ചെയ്യുന്ന രീതി തീരെ ദുര്‍ബലമാണെന്നാണ് ഒരു മുന്‍ മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇതിന് പരിശീലനം ലഭിച്ചാല്‍ പോലും സമയത്ത് ചെയ്യുവാന്‍ കഴിഞ്ഞില്ലെന്നിരിക്കും. വളരെ ഉയര്‍ന്ന തലത്തിലുള്ള ഒരു സുരക്ഷാ ഓപ്പറേഷനാണ് ഗാറ്റ്വിക്കില്‍ നടന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് സുരക്ഷാ രംഗത്തുള്ള വിദഗ്ധര്‍ പറയുന്നത്. യാത്രക്കാര്‍ക്ക് യഥാര്‍ത്ഥ സാഹചര്യം മനസ്സിലാക്കാന്‍ പ്രയാസമായതിനാല്‍ അവര്‍ കുപിതരാകും. എന്നാല്‍, സുരക്ഷയ്ക്കായിരിക്കണം എപ്പോഴും പ്രഥമ പരിഗണന നല്‍കേണ്ടത്. അതുകൊണ്ടു തന്നെ, സുരക്ഷാ ഉദ്യോഗസ്ഥര്‍ മറ്റൊന്നും പരിഗണിക്കാതെ തങ്ങളുടെ ജോലി നിര്‍വഹിക്കണമെന്നും അവര്‍ പറയുന്നു.
യാത്രകള്‍ മുടങ്ങിയെങ്കിലും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ഇടയില്ല. ബ്രിട്ടീഷ് നിയമങ്ങള്‍ പ്രകാരം, വിമാനങ്ങള്‍ ഒരു നിശ്ചിത സമയത്തിനപ്പുറം വൈകിയാലോ റദ്ദാക്കപ്പെട്ടാലോ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. എന്നാല്‍, അസാധാരണമായ സാഹചര്യങ്ങളില്‍, വിമാനക്കമ്പനികളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളാല്‍ ഇത് സംഭവിക്കുകയാണെങ്കില്‍ ഈ നിയമങ്ങള്‍ ബാധകമാവുകയില്ല. അതേസമയം ട്രാവല്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് വിമാനത്താവളത്തിനുള്ളില്‍ ഭക്ഷണത്തിനും മറ്റുമായി ചെലവാക്കേണ്ടി വന്ന അധിക തുകയും, അധിക പാര്‍ക്കിംഗ് ചാര്‍ജ്ജുമൊക്കെതിരികെ ലഭിച്ചേക്കാം.